കണ്ണൂര്‍: സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാസങ്ങളായി പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പുറത്താക്കിയേക്കുമെന്ന് സൂചന. ഇക്കാര്യം സംബന്ധിച്ച് കഴിഞ്ഞദിവസം കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പങ്കെടുത്ത യോഗത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നതായാണ് അറിയുന്നത്. പിണറായി അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ ശിക്ഷാ നടപടി ലഘൂകരിക്കണമെന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ പാര്‍ട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ തകര്‍ച്ചയിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക തന്നെ വേണമെന്ന് ഭൂരിപക്ഷം ജില്ലാ കമ്മറ്റി അംഗങ്ങളും ശക്തമായിത്തന്നെ ആവശ്യപ്പെട്ടതായാണ് സൂചന.
ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയോടും ജില്ലയിലെ ഒരു മുന്‍ എംഎല്‍എയുടെ മകളോടും സദാചാര വിരുദ്ധമായി പെരുമാറിയതിന്റെ പേരില്‍ ശശിയെ സംസ്ഥാന കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നാല്‍ ഈ നടപടി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അസംതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രനേതൃത്വം കൂടുതല്‍ കര്‍ശന നടപടിക്കായി സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മറ്റിയും ശശിക്കെതിരെയുള്ള നടപടി കാര്യം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്ത് ശക്തവും യുക്തവുമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നു.
സംസ്ഥാന കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പങ്കെടുക്കുമെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായാണ് ജില്ലാ കമ്മറ്റി ശശിക്കെതിരെയുള്ള നടപടി ആലോചിക്കുന്നതിന് പിണറായിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് എങ്ങനെയെങ്കിലും ഒഴിവാക്കാനാണ് ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നതെങ്കിലും അച്യുതാനന്ദനടക്കമുള്ളവര്‍ ശശിക്കെതിരെ ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ ശശിയെ പുറത്താക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി നിര്‍ബന്ധിതരാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍.
അതിനിടയില്‍ പുറത്താക്കല്‍ നടപടിയുണ്ടാകുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്ന കാര്യം ശശിയും ആലോചിക്കുന്നതായാണ് വിവരം. ഔദ്യോഗിക വിഭാഗം ഇതിനായി ശശിയെ ഉപദേശിച്ചതായും അറിയുന്നു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ഗള്‍ഫിലേക്ക് പോകാനാണ് ശശിയുടെ ആലോചന. അവിടെ മലയാളിയുടെ തന്നെ നിയന്ത്രണത്തിലുള്ള പ്രമുഖ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലിയും ശശിക്കായി കണ്ടുവെച്ചിട്ടുണ്ടെന്നും പറയുന്നു. കുറച്ചുകാലം പ്രസ്തുത സ്ഥാപനത്തിലിരുന്ന ശേഷം ഒച്ചപ്പാടുകളടങ്ങുന്ന മുറക്ക് സ്വന്തം നിലയില്‍ ബിസിനസ് സ്ഥാപനം ആരംഭിക്കുകയെന്ന ഉദ്ദേശ്യവും ശശിക്കുണ്ടെന്നാണ് ശശിയോടടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്.
-എ. ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: