ന്യൂദല്‍ഹി: ജിഹാദ് ഗ്രൂപ്പുകളുടെ നേതൃത്വം പിടിച്ചെടുക്കാനായി അല്‍ഖ്വയ്ദയുടെ പുതിയ നേതാവ് മറ്റ് പല രാഷ്ട്രങ്ങളെയും എന്നപോലെ ഇന്ത്യയേയും ലക്ഷ്യമിട്ടേക്കാമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്കി.
അമേരിക്ക വധിച്ച ഒസാമ ബിന്ലാദന് പകരക്കാരനായി ഈ വ്യാഴാഴ്ചയാണ് ലാദന്റെ സന്തതസഹചാരിയായിരുന്ന അയ്മാന്‍ അല്‍ സവാഹിരി സ്ഥാനമേറ്റത്. അസഹിഷ്ണുവും ഏകനുമെന്ന് കരുതപ്പെടുന്ന, 1959 ല്‍ ഈജിപ്റ്റില്‍ ജനിച്ച ഈ സര്ജന് ലാദന്റെ വധത്തിന് ശേഷവും തങ്ങള്‍ കരുത്തരാണെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു.
സവാഹിരി നയിച്ച ഈജിപ്തിലെ ജിഹാദികളും സൗദിയിലും ഒമാനിലുമുള്ള അവരുടെ കൂട്ടാളികളും തമ്മില്‍ വര്‍ഷങ്ങളായി സ്വരചേര്‍ച്ചയിലല്ല. അതുകൊണ്ട് തന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ സവാഹിരി പാക്കിസ്ഥാന് ജിഹാദികളെ കൂട്ട് പിടിച്ചേക്കാം. പല ഭീകരാക്രമണങ്ങളും നടത്തി തന്റെ കരുത്ത് തെളിയിച്ച് പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ കൈപിടിയില്‍ ഒതുക്കിയ ഫക്കീര്‍ മുഹമ്മദ് എന്ന ജിഹാദി കമാന്റര്‍ അല്‍ ഖ്വയ്ദ തലവന്റെ ആത്മമിത്രമാണ്.
പാക്കിസ്ഥാനിലെ വിപ്ലവകാരികള്‍ ഇന്ത്യയെ വെറുക്കുന്നവരാണ്. ഭാരതത്തെ ലക്ഷ്യമിടുന്നത് വഴി ഫക്കീര്‍ മുഹമ്മദിനെപ്പോലുള്ളവര്‍ക്ക് രാജ്യത്ത് പിന്തുണയും സാധ്യതയും കൈവരികയും 2008 മുംബൈ ആക്രമണത്തിന് ശേഷം അകന്ന് പോയ ലഷ്ക്കറെ തൊയ്ബയെ പോലുള്ളവരെ സംഘടനയിലേക്ക് ആകര്ഷിക്കുകയുമാകാം. 2009 ല്‍ പൂനെയില്‍ നടന്ന ഒരു കഫേ ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വയ്ദയാണെന്നും സവാഹിരിയുടെ കൂട്ടാളി വെളിപ്പെടുത്തുന്നു. ഈ സംഭവത്തോടെ ഭാരതവും ഇവരുടെ ലക്ഷ്യമാണെന്ന് തിരിച്ചറിയുന്നു.
കൊല്ലപ്പെട്ട മുഹമ്മദ് ഇല്യാസ് കാശ്മീരി പൂനയിലെ ബോംബാക്രമണത്തിനും ഭാവിയിലെ ഭീകരാക്രമണ പരിപാടികള്‍ക്കുമായി ഒരു പ്രത്യേക സംഘത്തെ തയ്യാറാക്കിയിരുന്നതായി അറിയുന്നു.
2001ല്‍ പ്രസിദ്ധീകരിച്ച ഒരു മാനിഫെസ്റ്റോയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശമുണ്ട്. മുസ്ലീം രാഷ്ട്രം കെട്ടിപ്പടുക്കുന്നത് മതപരമായ കടമയാണെന്നും അതിനുവേണ്ടി അഫ്ഗാനിസ്ഥാന് കാശ്മീര്‍, ബോസ്നിയ,ചെച്നിയ എന്നിവിടങ്ങളില്‍ പോരാടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
1996 ബിന്ലാദന് ഇതേ ആശയം ഏറ്റെടുത്തുകൊണ്ട് ബര്‍മ, കാശ്മീര്‍, ആസാം, ചെച്നിയ, സൊമാലിയ എന്നിവിടങ്ങളിലെ കൂട്ടക്കൊലകളെ അപലപിച്ചുകൊണ്ട് ഒരു പ്രഖ്യാപനം പുറപ്പെടുവിക്കുകയുണ്ടായി.
സെപ്തംബര്‍ 2003 ന് നിങ്ങളെ ഹിന്ദുക്കളുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊണ്ട് പാക്കിസ്ഥാന് പ്രസിഡന്റ് തന്റെ സ്വകാര്യ സമ്പാദ്യം ആസ്വദിക്കുവാനായി പലായനം ചെയ്യുമെന്ന് സവാഹിരി അറിയിച്ചു.
വ്യാഴാഴ്ചത്തെ പ്രസ്താവന അല്‍ഖ്വയ്ദയുടെ പത്തംഗ ജനറല്‍ കമാന്റ് പുറപ്പെടുവിച്ചതാണ്. മുസ്ലീങ്ങളോട് ഉണര്‍ന്നെഴുന്നേറ്റ് പ്രതിരോധം തുടരുവാനും ദൈവരാജ്യം സ്ഥാപിക്കാനായി ത്യാഗം അനുഷ്ഠിക്കാനും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: