രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്ന് അഴിമതിയും കള്ളപ്പണവുമാണ്. അതിന്റെ സംഘാടകര്‍ രാജ്യത്തെ കാത്തുസൂക്ഷിക്കാന്‍ ജനങ്ങള്‍ അധികാരം ഏല്‍പ്പിച്ച ജനപ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും വന്‍കിട ബിസിനസ്സുകാരുമാണ്. സിനിമാ രംഗത്തുള്ളവരും പിന്നിലല്ല. സാര്‍വത്രികമായി വളര്‍ന്നു പന്തലിച്ച അഴിമതി ഇന്ന് ഗ്രാമങ്ങളിലെ ചെറുകിട നേതാക്കന്മാരേയും രാഷ്ട്രീയക്കാരെപ്പോലും ഗ്രസിച്ചിരിക്കുന്നു. ‘കള്ളപ്പണം രാജ്യത്തിന്റെ പൊതുമുതലാക്കാന്‍ നടപടി വേണ’ മെന്ന് യോഗഗുരു ബാബാ രാംദേവിന്റെ ആവശ്യം പ്രസക്തമാവുന്നത് ഇവിടെയാണ്.
അസംഘടിതരായ ജനങ്ങളുടെ മനസ്സ് നീറ്റിക്കൊണ്ടിരിക്കുന്ന നിശ്ശബ്ദമായ രോഷമാണ് രാംദേവിന്റെ ശബ്ദത്തിലൂടെ പുറത്തുവന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്നവരില്‍ ചിലര്‍ അടുത്തകാലത്ത് കാണിച്ചിട്ടുള്ള അഴിമതിയുടെ കഥകള്‍ ഞെട്ടിക്കുന്നതായിരുന്നു. ചിലരെ ജനങ്ങള്‍ വോട്ടുശക്തിയിലൂടെ തൂത്തെറിഞ്ഞിട്ടും കള്ളപ്പണം തിരിച്ചുപിടിക്കാനായിട്ടില്ല. വിദേശത്ത് വിദഗ്ദ്ധമായും രഹസ്യമായും ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ മുഴുവന്‍ വിവരവും അജ്ഞാതമായിരിക്കുന്നു. കള്ളപ്പണം ആരുടേതാണെന്ന് സമഗ്രമായ അന്താരാഷ്ട്ര അന്വേഷണം കൊണ്ടേ വെളിപ്പെടൂ. പല രാജ്യത്തേയും നിയമങ്ങള്‍ രഹസ്യങ്ങളെ പുറത്തുകൊണ്ടുവരാന്‍ അനുകൂലമല്ല. ഇതറിയാവുന്നവരാണ് കള്ളപ്പണം നിക്ഷേപിച്ചവര്‍. രക്ഷപ്പെടാനുള്ള എല്ലാ മുന്‍കരുതലും ആ നിക്ഷേപകര്‍ സ്വീകരിച്ചു കാണും.
അഴിമതിയെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ അന്നാഹസാരെയും ബാബ രാംദേവും നടത്തുന്ന സമരവും അവര്‍ ജനങ്ങളില്‍ ഉണ്ടാക്കിയെടുത്ത അഭിപ്രായ സമന്വയവും ഏറെ ഞെട്ടിച്ചിരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനേയാണ്. ഇത് വെറും രാഷ്ട്രീയ കാരണമായി കരുതാനാവില്ല. മറിച്ച്, അതിനുപരിയായി ‘ഡെന്മാര്ക്കിലെന്തോ ചീഞ്ഞുനാറുന്നു’ എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നുണ്ട്. അതിന്റെ രഹസ്യനിലവറ തുറക്കപ്പെടുമോ?
ഗാന്ധിയനായ അന്നഹസാരെ വാ തുറന്നപ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ ലോക്പാല്‍ ബില്‍ എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. സമരം അവസാനിപ്പിച്ച ഹസാരെ അഴിമതി അവസാനിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ലോക്പാല്‍ ബില്ലിന്റെ കരട് നിര്‍മിക്കുന്ന കമ്മറ്റിയില്‍ അംഗമായി. അതോടെ തല്ക്കാലം സമരം അവസാനിച്ചുവെന്ന് ആശ്വസിച്ചപ്പോഴാണ്, ഇതേ പ്രശ്നവുമായി ബാബാ രാംദേവ് സത്യഗ്രഹസമരവുമായി രംഗത്തുവന്നത്. സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു വന്‍ അനുയായി സംഘത്തോടൊപ്പം ഇന്ദ്രപ്രസ്ഥത്തിലെ രാംലീലാ മൈതാനിയില്‍ ബാബ നിരാഹാരസമരം തുടങ്ങി. ബാബയെ അനുനയിപ്പിക്കാന്‍ നാലു കേന്ദ്രമന്ത്രിമാര്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ ബാബ നിരാഹാര വ്രതത്തിലായി. ബാബ വഴങ്ങുന്നില്ലെന്നും സത്യഗ്രഹത്തിന് വമ്പിച്ച ജനപിന്തുണയുമുണ്ടെന്ന് ബോധ്യപ്പെട്ട കോണ്‍ഗ്രസ് ബാബയുടെ സമരം അലങ്കോലപ്പെടുത്താന്‍ അര്‍ദ്ധരാത്രിയില്‍ പൊടുന്നനെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും പരിക്ക് പറ്റി. സ്ത്രീവേഷമണിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ബാബയെ അറസ്റ്റ് ചെയ്ത്, ഹരിദ്വാറിലെ ബാബയുടെ ആശ്രമത്തില്‍ കൊണ്ടുവിട്ടു. അവിടേയും രാംദേവ് സത്യഗ്രഹം തുടര്‍ന്നു. ശ്രീശ്രീ രവിശങ്കറിന്റെ ഉപദേശപ്രകാരം സത്യഗ്രഹം അവസാനിപ്പിച്ചെങ്കിലും അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്വാമി വഴങ്ങാതെ വന്നപ്പോള്‍ മുതല്‍ സ്വാമിക്ക് തുണ നല്‍കുന്നത് ആര്‍എസ്എസുകാരാണെന്ന് കുറ്റപ്പെടുത്താനും പ്രചരിപ്പിക്കാനും അങ്ങനെ സമരത്തിന്റെ പിതൃത്വം സ്വാമിയില്‍നിന്നും മാറ്റി, ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാനും കോണ്‍ഗ്രസ് ശ്രമിച്ചുവരികയാണ്. രാഷ്ട്രീയവല്‍ക്കരിച്ച് പ്രശ്നം ലഘൂകരിക്കുകയും കലാപത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയുടേയും ആര്‍എസ്എസിന്റെയും ചുമലില്‍ എടുത്ത് വയ്ക്കുകയുമാണുണ്ടായത്. പ്രശ്നം കള്ളപ്പണമല്ല; അനാവശ്യ സമരമാണെന്നത്രെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്.
ഹസാരെ ഖദറുകാരനും ഗാന്ധിയനുമാണ്. അദ്ദേഹം ഒത്തുതീര്‍പ്പിനു വഴങ്ങി. എന്നാല്‍ യോഗിയായ രാംദേവ് കൂറെക്കൂടി ദൃഢചിത്തനും ധാര്‍മിക ശക്തിയുള്ളയാളുമാണ്. അത് സന്ന്യാസിയുടെ ലക്ഷണമാണ്. ഒന്‍പതാം വയസ്സില്‍ തളര്‍വാതം വന്നു അദ്ദേഹം യോഗചര്യകൊണ്ടാണ് ആരോഗ്യം വീണ്ടെടുത്തത്. യോഗ-ധ്യാനങ്ങളുടെ രോഗശമന ശക്തിയും യോഗ വൈദ്യത്തിന്റെ ആയുര്‍വേദ സിദ്ധിയും പരീക്ഷിച്ചറിഞ്ഞ രാംദേവ് അതിന്റെ പ്രചാരകനും പ്രയോക്താവുമായി ലോകം നിറഞ്ഞുനില്ക്കുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളും ആസ്തികളുമുണ്ടാവാം. എന്നാല്‍ അതിന്റെ പേരില്‍ രാംദേവ് എന്ന സന്ന്യാസി വായടക്കും എന്നു കരുതാന്‍ വയ്യ. രാംദേവ് എന്ന വ്യക്തിക്കല്ല പ്രാധാന്യം. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്കാണ് ജനഹൃദയങ്ങളില്‍ പ്രസക്തിയുള്ളത്. കാവിക്കാരുടെ മാത്രമല്ല; ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ആവശ്യമാണത്. അഴിമതിക്കെതിരെ ഒരായിരം രാംദേവുമാര്‍ രംഗത്തുവരിക തന്നെ ചെയ്യും.
-ശാസ്താംകോട്ട രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: