ന്യുദല്‍ഹി: ചീമേനി താപവൈദ്യുത നിലയത്തില്‍ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സാദ്ധ്യത. ഇത് സംബന്ധിച്ച സൂചനകള്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നല്‍കി.
കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, സഹമന്ത്രി കെ.സി. വേണുഗോപാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീമേനി താപനിലയത്തില്‍ കല്‍ക്കരി ഉപയോഗിക്കില്ലെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. പകരം പ്രകൃതിവാതകത്തിന്റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പദ്ധതി നടപ്പാക്കാനായില്ലെങ്കിലും പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സിയുമായി ചേര്‍ന്ന് ആന്ധ്രാപ്രദേശിലെ രാമഗുണ്ടത്ത് സംയുക്ത സംരംഭമായി തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നും ആര്യാടന്‍ പറഞ്ഞു. ഇതിനു കേന്ദ്രമന്ത്രി തത്വത്തില്‍ സമ്മതം നല്‍കി. ആന്ധ്രയിലെ രാമഗുണ്ടത്ത് എന്‍.ടി.പി.സി പ്ലാന്റില്‍ ആയിരം മെഗാവാട്ട് അധികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.
2007ല്‍ കേരളം, ഗുജറാത്ത്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ക്കായി ഒറീസയില്‍ ഒരു കല്‍ക്കരി ബ്ലോക്ക് അനുവദിച്ചിരുന്നു. അതില്‍ നിന്നും സംസ്ഥാനത്തു ലഭിക്കുന്ന കല്‍ക്കരി ആന്ധ്രയില്‍ കൊണ്ടുവന്ന് അവിടെ വൈദ്യുതി ഉത്പാദിപ്പിക്കും. തുടര്‍ന്ന് ആന്ധ്രയും കേരളവും തമ്മില്‍ വൈദ്യുതി പങ്കുവയ്‌ക്കും. ഈ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും ചെലവിനെക്കുറിച്ചും വൈദ്യുതി പങ്കുവയ്‌ക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സംയുക്തസമിതി രൂപീകരിച്ചു.
കേന്ദ്ര ഊര്‍ജ്ജ ജോയിന്‍റ് സെക്രട്ടറി, സംസ്ഥാന വൈദ്യുതി വകുപ്പ് സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍, എന്‍ടിപിസി എംഡി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതി യോജനയുടെ ഭാഗമായി കേരളത്തിലെ ഏഴു ജില്ലകള്‍ക്കു നൂറു കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.
പരിസ്ഥിതിയുടെ പേരില്‍ സംസ്ഥാനത്തിന്റെ നിരവധി പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചു. ഇതിന്റെ പേരില്‍ 750 മെഗാവാട്ട് വൈദ്യുതിയാണു നഷ്ടമായത്. ഈ സാഹചര്യത്തില്‍ കേന്ദ്രപൂളില്‍ നിന്നു കൂടുതല്‍ വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: