അമ്പത്തഞ്ചാമത് ജ്ഞാനപീഠ പുരസ്കാരം സ്വഭവനമായ ‘ദേവായന’ ത്തിന്റെ അങ്കണത്തില്‍ മഹാകവി അക്കിത്തം അച്യൂതന് നമ്പൂതിരി ഏറ്റുവാങ്ങുമ്പോള്‍ ആ അസുലഭ മുഹൂര്‍ത്തത്തിന് ഒരുപാട് ധന്യതകളുടെ കാന്തിയും അര്ത്ഥഗാംഭീര്യവുമുണ്ട്. രാജ്യത്തെ ഏറ്റവും സമുന്നതമായ സാഹിത്യ പുരസ്കാരം മലയാളത്തിന്റെ മണ്ണിലേക്ക് ആറാമതും ആനയിക്കപ്പെടുന്നത് അക്കിത്തത്തിലൂടെയാവുമ്പോള് അതിന്റെ തിളക്കമേറുകയാണ്. കേരളത്തനിമയുടെ സാരസര്‍വ്വസ്വം ആവഹിക്കുന്ന നിളയുടെ തീരത്ത് ഉയിര്‍ക്കൊണ്ട പൊന്നാനിക്കളരിയുടെ കൊടിപ്പടം ഉയര്‍ത്തിപ്പിടിക്കുകയും, ഭാരതീയ സംസ്കൃതിയുടെ ഊര്‍ജ്ജപ്രവാഹത്തില്‍ സ്വയം അലിഞ്ഞുചേരുകയും ചെയ്ത വ്യക്തിത്വ പരിണാമം അക്കിത്തം എന്ന മനുഷ്യനിലും കവിയിലും, ആ കൃതികളിലും കാണാം.
ധര്‍മ്മക്ഷേത്രത്തിലെ കെടാവിളക്ക് എന്ന വിശേഷണം ഒരു നിരൂപകന് അക്കിത്തത്തിന് നല്‍കിയിട്ടുണ്ട്. മാനവകുലത്തിന്റെ ധര്‍മ്മക്ഷയത്തില്‍ ഉത്കണ്ഠപ്പെടുകയും, സമൂഹത്തിന്റെ നൈതികാധഃപതനത്തില് വേദനിക്കുകയും ചെയ്യുന്ന ഈ കവി, പക്ഷേ ഇതിനുള്ള പ്രതിവിധിയായി ഹിംസയുടെ പക്ഷത്തു ചേരുന്നില്ല. മാനവരാശിയുടെ മോചനമാര്‍ഗ്ഗമെന്ന് ധരിച്ച് ഒരുവേള മാര്‍ക്സിസത്തോട് ആഭിമുഖ്യം പുലര്‍ത്തിയെങ്കിലും, കല്‍ക്കത്ത തീസിസ് മുന്നോട്ടുവച്ച മനുഷ്യക്കുരുതികളുടെ മാനിഫെസ്റ്റോയെ കവി സമ്പൂര്‍ണ്ണമായി നിരാകരിക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന മഹാകാവ്യ രചന ഈ വിശ്വാസ പ്രമാണത്തിന്റെ പ്രഖ്യാപനമാണ്. അതേസമയം, പുതുമാനവനെ സൃഷ്ടിക്കാനുള്ള കാര്‍ഷിക സംസ്കൃതിയേയും അധ്വാനമഹിമയേയും കവി തന്റെ കാവ്യാനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ത്തു.
‘വിഡ്ഢീ, ഹൃദയത്തിലേക്ക് നോക്കി എഴുതൂ ‘ എന്ന് ഉപദേശിക്കാന്‍ മടിക്കാത്ത കവി തന്റെ കാവ്യസപര്യയുടെ വഴിത്താര തീര്‍ത്തതും ഇതിനനുസൃതമായാണ്. ആത്മാന്വേഷണ വ്യഗ്രമായ കാവ്യാനുശീലനമാണത്. ചെറുശ്ശേരിയും എഴുത്തച്ഛനും തുഞ്ചനും കുഞ്ചനുമൊക്കെ ഭിന്നമാത്രകളില്‍ അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചത്തില്‍ കടന്നുവരുന്നുണ്ട്. ഭാരതീയമായ ധര്‍മ്മ സങ്കല്പത്തിന്റെ ഉപാസകനാണ് കവി. ‘വിജയത്തിന് കൈകളില്‍ ചുറ്റിക്കറങ്ങുന്നു വിദ്യുന്മയമൊരു ചക്രം. ഒരുമാത്രപോലും കറക്കത്തില്‍ നിന്നതു വിരമിച്ചതോര്‍മ്മയില്ലാര്‍ക്കും’ എന്ന കര്‍മസിദ്ധാന്തമാണ് കവിയെ നയിക്കുന്നത്. ഈ ധര്‍മ-കര്‍മ വിവേകമാണ് ശ്രീമദ് മഹാഭാഗവതത്തിന്റെ മലയാള കാവ്യരൂപം രചിക്കാന്‍ അക്കിത്തത്തെ പ്രേരിപ്പിച്ചത്.
കവിയായ അക്കിത്തം ആരുടേയും പടപ്പാട്ടുകാരനായിരുന്നില്ല. പക്ഷേ, ആ കവിതകള്‍ ജനകീയമായിത്തീര്‍ന്നു. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം…, നിരുപാ
ധികമാം സ്നേഹം ബലമായി വരും ക്രമാല്‍… തുടങ്ങിയ കാവ്യശീലുകള്‍ ആപ്തവാക്യത്തിന്റെ നിലയിലേക്കുയര്‍ന്നു. കക്ഷിരാഷ്ട്രീയം കവിയുടെ കളിത്തട്ടായിരുന്നില്ല. ‘ ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം’ എന്ന് ജനവിരുദ്ധമായ രാഷ്ട്രീയത്തെ കണക്കിന് പരിഹസിച്ചിട്ടുമുണ്ട്. പക്ഷേ, വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും ഗാന്ധിജിയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ തെളിച്ച വഴിയിലൂടെ സഞ്ചരിക്കാന്‍ കവി ഒരിക്കലും മടിച്ചില്ല. പതിറ്റാണ്ടുകളായി ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചുപോരുന്ന ഈ ധര്മാത്മാവിന് ഇക്കാര്യത്തില്‍ ഒരു ചാഞ്ചല്യവുമുണ്ടായിട്ടില്ല. തന്റേത് മനുഷ്യപക്ഷമാണെന്നും, ഭാരതീയത അതിന്റെ ദീപ്തമുഖമാണെന്നും കവി ഉറച്ചുവിശ്വസിക്കുന്നു.
തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച മഹാകവി ഇപ്പോഴും അതിന്റെ മാര്‍ഗ്ഗദര്‍ശിയായി തുടരുന്നു. ശാരീരികമായ ആരോഗ്യം അനുവദിച്ച കാലത്തോളം തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. ഇക്കാര്യത്തില്‍ സമകാലികരായ ചിലര്‍ പുലര്‍ത്തിയ വിപ്രതിപത്തിയോ അകല്‍ച്ചയോ ഒരിക്കലും ഗൗനിച്ചില്ല. അക്കിത്തം എന്ന കവിയുടെ ആത്മാവില്‍ നിന്ന് ഉറന്നൊഴുകിയ പ്രാര്‍ത്ഥനാഗീതത്തില്‍ തപസ്യയുടെ ആശയാദര്‍ശങ്ങള്‍ അലിഞ്ഞുചേരുന്നുണ്ട്. ‘ പുറ്റുമണ്ണിന്റെ കരളിലേ കണ്ണുനീര്… എന്നു തുടങ്ങുന്ന വരികള്‍ തപസ്യ പ്രതിനിധാനം ചെയ്യുന്ന കലയുടേയും സാഹിത്യത്തിന്റേയും ധര്‍മ്മ മീമാംസയാണ്. കാവ്യലോകത്ത് ഇതിഹാസമായി വളര്‍ന്ന കവിക്ക് ജ്ഞാനപീഠം വളരെ മുന്‍പേ ലഭിക്കേണ്ടതായിരുന്നുവെന്ന വിമര്‍ശനം ആ പുരസ്കാരം നേരത്തെ ലഭിച്ചവര്‍ പോലും ശരിവച്ചിട്ടുണ്ട്. ചില പുരസ്കാരങ്ങള്‍ അതിന് ശരിക്കും അര്‍ഹരായവര്‍ക്ക് ലഭിക്കാന്‍ കാലമെടുക്കുമായിരിക്കും. ഇവിടേയും അതാണ് സംഭവിച്ചതെന്ന് കരുതാം. ഈ ധന്യമുഹൂര്‍ത്തത്തില്‍ കവി പാടിയിട്ടുള്ളതുപോലെ ഇതാണഴകി, തേ സത്യം എന്ന് നമുക്കും കൃതാര്‍ത്ഥരാകാം. കാവ്യകലയുടെ ജ്ഞാനപീഠമേറിയ കവിക്ക് ഞങ്ങളുടെ ഹൃദയാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: