ഭഗവാന്, ഭാഗവതം, ഭക്തന് എന്നാണല്ലൊ ശ്രീരാമകൃഷ്ണവചനാമൃതം അരുളുന്നത്. പ്രത്യക്ഷ ഭഗവാനാണ് ഭാഗവതം. എന്നാല്‍ ആ പുരാണഗ്രന്ഥത്തിലൂടെ ജ്ഞാനം തേടുന്ന ഭക്തന്മാര് വിരളം. കലിയായ കാലത്ത് ആഡംബരങ്ങളിലും ആഘോഷങ്ങളിലും പെട്ട് ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആചാര്യസമൂഹത്തില്‍ വേറിട്ടു നില്ക്കുന്ന വ്യക്തിത്വത്തിന്റെ സൗരഭ്യമാണ് വേദശ്രീ. എന്‍.വി.നമ്പ്യാതിരി.
ക്ഷേത്രഭക്തിയുടെ വ്യാപ്തി കൂടുന്തോറും ജ്ഞാനഭക്തിയുടെ ആഴവും കുറഞ്ഞുവരുന്നു. നാരദ മഹര്‍ഷി ജ്ഞാനഭക്തിയുടെ പ്രചാരകനായിരുന്നു. എന്നാല്‍ ജിഹ്വോവസ്ഥ തര്‍പ്പണത്തില്‍ മാത്രം വ്യാപൃതരായ പ്രാകൃതമനുഷ്യര്‍ നാരദനെ വെറും പരദൂഷണക്കാരനായി ചിത്രീകരിച്ചു. ഈ പ്രവണത അനാദികാലമായിട്ടുള്ളതാണ്. ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കഥകളില്‍നിന്ന് തത്ത്വങ്ങളിലേക്ക് മനുഷ്യമനസ്സിനെ ഉയര്‍ത്തുന്നതിന് പകരം തത്ത്വങ്ങളെ സാധാരണക്കാരന്റെ തലത്തിലേക്ക് താഴ്ത്തുന്ന പുതുപ്രവണത വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന സമകാലീനകാലത്ത് എന്‍.വി.നമ്പ്യാതിരിയുടെ പ്രസക്തി തികച്ചും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
എന്‍.വി.നമ്പ്യാതിരി ആചാര്യസ്ഥാനം വഹിക്കുമ്പോള്‍ ഭാഗവതം എന്ന പുരാണം ഭാഗവതോപനിഷത്തായിത്തീരുന്നു. സര്‍വ്വവേദാന്തസാരമാണ് ഭാഗവതം എന്ന് സ്ഥാപിക്കുവാനുള്ള അറിവ് ആര്‍ജ്ജിച്ച അപൂര്‍വ്വം ആചാര്യന്മാരില് ഒരാളാണ് അദ്ദേഹം. അജ്ഞാനജനിതമായ താപം നീങ്ങാന്‍ ജ്ഞാനം കൂടിയേ തീരൂ. ജ്ഞാനം കൊണ്ടേ മോക്ഷമുള്ളൂ. ആ അര്‍ത്ഥത്തില്‍ വേദാന്തവും ഭാഗവതവും അനുശാസിക്കുന്നത് അദ്വൈതാനുഭൂതി തന്നെ. ഭാഗവതത്തിനും വേദാന്തത്തിനും മാര്‍ഗ്ഗം വ്യത്യസ്തമാകാമെങ്കിലും സിദ്ധാന്തം ഒന്നുതന്നെ. ലക്ഷ്യം മറന്ന് മാര്‍ഗ്ഗത്തില്‍ കുടുങ്ങാതെ മാര്‍ഗ്ഗദര്‍ശകനായി മാറാന്‍ എന്‍.വി.നമ്പ്യാതിരിക്ക് വഴിതെളിയിച്ചുകൊടുത്തത് ശ്രീമത് ആഗമാനന്ദസ്വാമികളായിരുന്നു.
ശ്രീശങ്കരജന്മഭൂവായ കാലടിയില്‍ 1936-ല്‍ ആരംഭിച്ച അദ്വൈതാശ്രമം ഒരു കാലത്ത് കേരളത്തിലെ സനാതനധര്‍മ്മസമൂഹത്തിന്റെ സുപ്രധാനകേന്ദ്രമായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കാലടിയില്‍ അവതരിച്ച ശ്രീശങ്കരാചാര്യസ്വാമികളുടെ ധിഷണാശക്തികൊണ്ടാണല്ലൊ അക്കാലത്ത് ക്ഷയിച്ചുകൊണ്ടിരുന്ന സനാതനധര്‍മ്മം വീണ്ടും സമുദ്ധരിക്കപ്പെട്ടത്. ഭാഷ്യകാരനായ ഭഗവാന് അവതരിച്ച ആ കാലടി നാശോന്മുഖമായിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ആ പ്രദേശത്തെ വീണ്ടും പൂര്‍വ്വകാല മാഹാത്മ്യത്തിലേക്ക് ഉണര്‍ത്തുവാനെത്തിയ ശ്രീരാമകൃഷ്ണസംഘ സന്ന്യാസശ്രേഷ്ഠനായിരുന്നു ആഗമാനന്ദസ്വാമികള്‍. സ്വാമികളുടെ പൂര്‍വ്വാശ്രമ ബന്ധുവായ വാസുദേവന്‍ കാലടിയിലെ ആശ്രമത്തിലെത്തിപ്പെട്ടത് ആകസ്മികമായിരുന്നുവെങ്കിലും പില്ക്കാലത്ത് അത് കാലത്തിന്റെ അനിവാര്യതയായി തെളിയിക്കപ്പെട്ടു. ആദ്യം വിദ്യാര്‍ത്ഥിയായും പിന്നീട് അദ്ധ്യാപകനായുമുള്ള കാലടിയിലെ ആശ്രമക്കാലം ആത്മീയജീവിതത്തിന്റെ അടിത്തറ രൂപപ്പെടുത്തിയ കാലമായിരുന്നുവെന്നത് എന്‍.വി.നമ്പ്യാതിരി തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.
സനാതനധര്‍മ്മസിദ്ധാന്തങ്ങളുടെ സ്രോതസ്സായ പ്രസ്ഥാനത്രയത്തിന്റെ (ബ്രഹ്മസൂത്രം, ഭഗവദ്ഗീത, ഉപനിഷത്ത്) ശാങ്കരഭാഷ്യം സാധാരണക്കാരന് മനസ്സിലാകുംവിധം കാലോചിതമായി പ്രചരിപ്പിക്കുവാന്‍ ആഗമാനന്ദസ്വാമികള്‍ക്ക് സഹായകമായത് ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യമായിരുന്നു. സനാതനധര്‍മ്മത്തില്‍ കടന്നുകൂടിയ ജാതീകൃതമായ വൈകൃതങ്ങളെ ഇല്ലാതാക്കാനായി ശാസ്ത്രം അഭ്യസിച്ച ആഗമാനന്ദസ്വാമികളെപോലുള്ള സന്ന്യാസിമാര്‍ നിരന്തരം പ്രയത്നിച്ചതിന്റെ ഫലമാണ്, വിവേകാനന്ദസ്വാമികള്‍ കണ്ട ഭ്രാന്താലയം ഒരു തീര്‍ത്ഥാടനകേന്ദ്രമായി തീര്‍ന്നിട്ടുണ്ടെങ്കില്‍ (ഏീറ�െ ീംി രീൗി‍്്യ എന്നാണല്ലൊ പറയുന്നത്) അതിനു പ്രധാന കാരണം. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കാലടി അദ്വൈതാശ്രമം കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി തീര്‍ന്നതിനും മറ്റൊന്നല്ല കാരണം. സ്വാമികളുടെ കാലത്ത് അദ്വൈതാശ്രമത്തില്‍ നടന്നിരുന്ന ശ്രമങ്ങളുടെ ഫലമായി വളര്‍ന്നുവന്ന നിരവധി യുവജനങ്ങള്‍ പില്ക്കാലത്ത് കേരളസമൂഹത്തിന്റെ വൈവിദ്ധ്യമാര്‍ന്ന, മേഖലകളില്‍ വിദഗ്ദ്ധരായിത്തീര്‍ന്നു. ഒരു കാലത്ത് കേരളത്തിന് ആത്മീയവും സാംസ്കാരികവുമായ നേതൃത്വം നല്കിയ ആ ആശ്രമത്തില്‍ തന്റെ ജീവിതത്തിന്റെ തരുണകാലം ചെലവഴിക്കാന്‍ കഴിഞ്ഞുവെന്നതാണ് നമ്പ്യാതിരിയുടെ ഇന്നത്തെ എല്ലാ അഭ്യുദയങ്ങള്‍ക്കും നിദാനം.
പത്തനംതിട്ട ജില്ലയിലെ മെയിലപ്ര ഗ്രാമത്തില്‍ ഊരകത്തില്ലത്ത് ദാമോദരരുടേയും സരസ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1931 ഒക്ടോബര്‍ 21 നായിരുന്നു വാസുദേവന്റെ ജനനം. കാലടി ബ്രഹ്മാനന്ദോദയം സ്ക്കൂളില്‍ വിദ്യാഭ്യാസം നിര്‍വ്വഹിച്ചു. തുടര്‍ന്ന് തിരുവനന്തപുരം സംസ്കൃതം കോളേജില്‍ നിന്ന് ബിരുദം നേടി. ഗുരുസ്വാമി ശാസ്ത്രികള്‍, ഡോ. എ.ജി.കൃഷ്ണവാര്യര്‍, പ്രൊഫ. എം.എച്ച്.ശാസ്ത്രികള്‍ തുടങ്ങിയ സംസ്കൃതപണ്ഡിതന്മാരുടെ കീഴിലുള്ള ശിക്ഷണമാണ് നമ്പ്യാതിരിയുടെ സംസ്കൃത വ്യുത്പത്തിക്ക് അടിത്തറ പാകിയത്. കോഴിക്കോട് ഗവണ്മെന്റ് കോളേജില്‍ നിന്ന് ബി.റ്റി. പാസ്സായി. പ്രാഥമിക വിദ്യാഭ്യാസം നേടിയ ബ്രഹ്മാനന്ദോദയം ഹൈസ്ക്കൂളില്‍ നിന്നുതന്നെയായിരുന്നു അദ്ധ്യാപകവൃത്തിയുടെയും ആരംഭം. ആഗമാനന്ദസ്വാമികളുടെ സമാധിക്കുശേഷം കാലടി സ്ക്കൂളില്‍നിന്നും പിരിഞ്ഞ് പറക്കോട് പി.ജി.എം.ടി.ടി.ഐ. സ്ക്കൂളിലെ അദ്ധ്യാപകനായി. ഭവാനി അമ്മയാണ് ഭാര്യ. രഘുനാഥ്, ഡോ.രാജീവ് എന്നിവര്‍ മക്കളും. ഇപ്പോള്‍ ഏഴംകുളത്ത് ഗീതാഭവനിലാണ് താമസം.
സപ്താഹ-നവാഹ ആചാര്യനായാണ് നമ്പ്യാതിരി പൊതുവെ അറിയപ്പെടുന്നതെങ്കിലും നിര്‍വ്യാജമായ പാണ്ഡിത്യവും നിഷ്കൃഷ്ടമായ ജീവിതവും സമന്വയിച്ച അപൂര്‍വ്വം സാഹിത്യകാരന്മാരിലൊരാളാണ് അദ്ദേഹം. പ്രാചീനഗ്രന്ഥങ്ങള്‍ക്ക് പുതുമയാര്‍ന്ന വ്യാഖ്യാനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട് നമ്പ്യാതിരി. ആശ്ചര്യചൂഢാമണിയുടെ വ്യാഖ്യാനം തന്നെ ഉത്തമോദാഹരണം. പന്ത്രണ്ട് സ്കന്ധങ്ങളും മുന്നൂറ്റിപതിനെട്ട് അദ്ധ്യായങ്ങളുമുള്ള, ഉപപുരാണമായ ദേവീഭാഗവതത്തിന്റെ പരിഭാഷയോടൊപ്പം മൂലകൃതിയും അടങ്ങുന്ന 3124 പേജുകളുള്ള ബൃഹത്ഗ്രന്ഥം കൈരളിക്കുള്ള അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ്. ദേവനാഗരി ലിപി അറിയാത്തവര്‍ക്കുപോലും ദേവീഭാഗവതത്തിന്റെ ഓരോ ശ്ലോകത്തിന്റെയും പദാനുപദ തര്‍ജ്ജമ ഗ്രഹിക്കുവാന്‍ മൂന്ന് വാല്യങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ഈ ഗ്രന്ഥസമുച്ചയം സഹായകമാകും. ശ്രീശങ്കരാചാര്യര്‍, ശ്രീരാമകൃഷ്ണപരമഹംസര്‍, വാല്മീകി തുടങ്ങിയ മഹാത്മാക്കളുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ വിധമുള്ള സാഹിത്യസപര്യയിലൂടെ ഋഷിഋണമുക്തനായ നമ്പ്യാതിരിയുടെ കൃതികള്‍ സാഹിത്യാസ്വാദകര്‍ക്ക് വായനാനുഭവം നല്കുമ്പോള് ജിജ്ഞാസുക്കള്‍കാകട്ടെ ജ്ഞാനാമൃതമാണ് സമര്‍പ്പിക്കുക. അദ്ധ്യാപകനായിരിക്കുമ്പോള്‍തന്നെ കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസവകുപ്പിന്റെ ടെക്സ്റ്റ് ബുക്ക് കമ്മറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ച നമ്പ്യാതിരി പതിനെട്ടുവര്‍ഷം ആകാശവാണിയില്‍ വിദ്യാഭ്യാസപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രഥമവും പ്രധാനവുമായി നമ്പ്യാതിരി ഒരു വേദാന്തിയാണെങ്കിലും പുരാണങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരം നമ്മില്‍ കൗതുകമുണര്‍ത്തും. വേദാധികാരമില്ലാത്തവര്‍ക്ക് വൈദികാശയങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയാണ് പുരാണങ്ങളുടെ ധര്‍മ്മം. ഭാഗവതം, ദേവീഭാഗവതം തുടങ്ങിയവയുടെ ആഖ്യാനങ്ങള്‍ കാലാകാലങ്ങളായി ഈ ചരിത്രപരമായ ദൗത്യം നിറവേറ്റുന്നു. നമ്പ്യാതിരിയുടെ പുരാണപരിഭാഷകളും പ്രഭാഷണങ്ങളും അനാദിയും അഭൗമവുമായ സനാതനധര്‍മ്മസാഹിത്യസാഗരത്തിലേക്കുള്ള സ്രോതസ്സുകളായി സാധാരണക്കാരനുമുന്നില്‍ പ്രത്യക്ഷപ്പെടുകയാണെന്ന പരമാര്‍ത്ഥം തിരിച്ചറിയുമ്പോഴാണ് ഏവര്‍ക്കും മനസ്സിലാവുക. സനാതനധര്‍മ്മ സേവനങ്ങളെ മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വേദശ്രീ എന്ന പുരസ്ക്കാരം നല്കി എന്‍.വി.നമ്പ്യാതിരിയെ ആദരിച്ചിട്ടുണ്ട്. അമൃതവാണി എന്നൊരു ആദ്ധ്യാത്മിക മാസിക കാലടി ശ്രീരാമകൃഷ്ണാദ്വൈതാശ്രമത്തില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്നു. ആ മാസികയുടെ പ്രൂഫ് റീഡിംഗ് മുതല്‍ എഡിറ്റിംഗ് വരെ ചുമതല ആഗമാനന്ദസ്വാമികള്‍ നമ്പ്യാതിരിയെയാണ് വിശ്വസിച്ച് ഏല്പിച്ചിരുന്നത്. നമ്പ്യാതിരിയെ സംബന്ധിച്ച് തനിക്ക് ലഭിച്ച പ്രഥമ പുരസ്ക്കാരവും അതുതന്നെ.
പുരാണം പഞ്ചമവേദമാണെന്ന് പറയുന്നുണ്ടല്ലൊ. പുരാണപഠനങ്ങള്‍ ശാസ്ത്രീയമായും സാമ്പ്രദായികമായും ചെയ്യുന്ന ആചാര്യന്മാര്, പഞ്ചമന്മാര്‍ക്ക് ബ്രാഹ്മണരാകാനുള്ള മാര്‍ഗ്ഗദര്‍ശികളാണ്. ഭുക്തിയും മുക്തിയും ഭക്തിക്ക് നല്കാന് സാധിക്കുമെന്ന് എല്ലാ വേദാന്തികളും സമ്മതിച്ചുതരണമെന്നില്ല. എന്നാല്‍ അന്നഗതപ്രാണന്മാരായ കലിയുഗജീവന്മാര്‍ക്ക് നാരദപ്രോക്തമായ ഭക്തിയാണ് സുഗമോപായം എന്ന ശ്രീരാമകൃഷ്ണവചനാമൃതത്തിന്റെ പാതയാണ് നമ്പ്യാതിരിയും പിന്തുടരുന്നതെന്നുകാണാം. ഭാരതത്തിന്റെ ദേശീയ നവോത്ഥാനത്തിനും സാമൂഹിക അനാചാരങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിനും അദ്വൈതചിന്തകള്‍ അതിന്റേതായ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആ അദ്വൈതദര്‍ശനം അതിന്റെ മൂലരൂപത്തില്‍ മനസ്സിലാക്കുവാന്‍ സാധാരണക്കാരെ സഹായിക്കുന്ന ശ്ലാഘനീയമായ കര്‍ത്തവ്യമാണ് ആഗമാനന്ദസ്വാമികളുടെ പാതയെ പിന്തുടര്ന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരായ എന്‍.വി.നമ്പ്യാതിരിയും മറ്റും അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. ആശയവ്യക്തത, ലളിതഭാഷ എന്നിവയുടെ സഹായത്താല്‍ ആത്മീയമായി സൗഭാഗ്യയാത്ര ചെയ്തുകൊണ്ടിരിക്കുന്ന, ഭാഗവതോത്തമനായ വേദശ്രീ.
എന്‍.വി.നമ്പ്യാതിരി ഭാഗവതാമൃതം കൈരളിക്ക് നല്കിയ ശ്രീരാമകൃഷ്ണഗതപ്രാണനായ ശ്രീമത് സിദ്ധിനാഥാനന്ദസ്വാമികളുടെ പേരിലുള്ള പുരസ്കാരത്തിന് അര്‍ഹനാവുകയാണ്. മലയാളത്തിന്റെ മാസ്റ്റര്‍ മഹാശയനായ സിദ്ധിനാഥാനന്ദസ്വാമികളുടെ പേരിലുള്ള പുരസ്കാരം എന്‍.വി.നമ്പ്യാതിരി ഏറ്റുവാങ്ങുമ്പോള്‍, അദ്ദേഹം ആചാര്യനായി നിരവധി സപ്താഹങ്ങളും സത്രങ്ങളും നടന്ന കൊട്ടാരക്കര ശ്രീഗണപതിക്ഷേത്രത്തിന്റെ തിരുമുറ്റത്തുവച്ചുതന്നെ, അതും ആഗമാനന്ദസ്വാമികളുടെ മറ്റൊരു ശിഷ്യനായ സ്വപ്രഭാനന്ദസ്വാമികളില്‍നിന്നും സ്വീകരിക്കുമ്പോള്‍, സദാശിവനില്‍ നിന്നും സമാരംഭിച്ച് ആഗമാനന്ദസ്വാമികള്‍ വരെയുള്ള ആചാര്യപരമ്പരയെ സമാദരിക്കുകയാണ് നാം ചെയ്യുന്നത്.
രാജീവ് ഇരിങ്ങാലക്കുട
പ്രതികരിക്കാൻ ഇവിടെ എഴുതുക: