‘വെല്‍ത് ഹംഗര്‍ ഹില്‍ഫ്’ എന്നൊരു സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ടോ. ‘കണ്‍സേണ്‍ വേള്‍ഡ് വൈഡി’നെക്കുറിച്ച് അറിയാമോ. അറിയില്ലെങ്കില്‍ വേണ്ട. ഈ സംഘടനകളുടെ ഭയങ്കര കണ്ടുപിടുത്തം വീണ്ടും വന്നു. പാകിസ്ഥാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ പട്ടിണി ഇന്ത്യയിലാണെന്നുകാട്ടി ആഗോള പട്ടിണി സൂചികയും പുറത്തിറക്കി. ഇന്ത്യയെയും മോദി സര്‍ക്കാരിനെയും താറടിക്കുന്ന പട്ടിണി റിപ്പോര്‍ട്ട് ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. കൊവിഡിനു മുന്‍പും ഇതേ സംഘടനകള്‍ സമാന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു.
‘വെല്‍ത് ഹംഗര്‍ ഹില്‍ഫ്’ ജര്‍മന്‍ സന്നദ്ധസംഘടനയാണെന്നും ‘കണ്‍സേണ്‍ വേള്‍ഡ് വൈഡ്’ ഐറിഷ് സന്നദ്ധസംഘടനയാണെന്നും പറയുന്നതിനപ്പുറം അവരെക്കുറിച്ച് ഒന്നും വാര്‍ത്തയിലില്ല. എന്തു ഗവേഷണം നടത്തിയാണ് പട്ടിണി റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നതിനു വിശദീകരണമില്ല. ഭക്ഷണവും തുണിയും വെച്ചു നീട്ടി മതപരിവര്‍ത്തനത്തിന് കളമൊരുക്കുന്ന സംഘടനകള്‍ ഇന്ത്യയിലെ പട്ടിണി കാണാതിരിക്കില്ലല്ലോ.
ജര്‍മ്മനിയിലെ രാഷ്‌ട്രീയ പാര്‍ട്ടികളായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍, ക്രൈസ്തവ സംഘടനകളായ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ഓഫ് ജര്‍മ്മനി, ജര്‍മ്മന്‍ ബിഷപ്പ് തുടങ്ങിയവയുടെയൊക്കെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് വെല്‍ത് ഹംഗര്‍ ഹില്‍ഫ്. ഇവരുടെ ഐറീഷ് ചെറുപതിപ്പാണ് കണ്‍സേണ്‍ വേള്‍ഡ് വൈഡ്. മലയാളികള്‍ കേട്ടിട്ടുപോലുമില്ലാത്ത രണ്ടു സംഘടനകളുടെ പത്രക്കുറിപ്പ് ഒന്നാം പേജില്‍ നല്‍കി പേപ്പര്‍ സംഘടനക്ക് പ്രാധാന്യം കൊടുക്കുന്നതിലെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമില്ല. രാജ്യത്തെ കുറച്ചുകാണിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതാണ് വാര്‍ത്ത എന്ന ബോധ്യം നയിക്കുന്നതിനാലാണിത്
ഏകപക്ഷീയമായാണ് പട്ടിണി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നു മനസിലാക്കാന്‍ ജേര്‍ണലിസ്റ്റ് ബുദ്ധിയൊന്നും വേണ്ട. 3000 പേരില്‍ നിന്നും മാത്രമുള്ള അഭിപ്രായസര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെപ്പോലെ ഇത്രയും വലിയ, ജനബാഹുല്യമുള്ള ഒരു രാജ്യത്തിന്റെ അവസ്ഥയെ വിലയിരുത്തിയ വങ്കത്തം മനസ്സിലാക്കാന്‍ യുക്തിമാത്രം മതി. പട്ടിണി മാറ്റാന്‍ ഇന്ത്യ ഗോതമ്പും അരിയും മറ്റ് ഭക്ഷ്യവിഭവങ്ങളും അയച്ചുകൊടുക്കുന്ന നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ പട്ടിണിയുടെ കാര്യത്തില്‍ എങ്ങിനെയാണ് ഇന്ത്യ പിന്നിലാകുന്നത് എന്ന് തോന്നാന്‍ വലിയ ബുദ്ധിയുടെ ആവശ്യമില്ല. തെറ്റായ രീതികളും തെറ്റായ സമീപന പ്രശ്‌നങ്ങളുമാണ് റിപ്പോര്‍ട്ടിലാകെയുള്ളത്. പട്ടിണി തയ്യാറാക്കാന്‍ ഉപയോഗിച്ച നാലില്‍ മൂന്ന് സൂചികകളും കുട്ടികളുടെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടതാണ്. അത് സമൂഹത്തിലെ എല്ലാ ജനതയെയും പ്രതിനിധീകരിക്കുന്ന സംഗതിയല്ല. പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം എടുക്കുന്നത് 3000 പേരില്‍ നിന്നുമാത്രമുള്ള അഭിപ്രായസര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്.
ഇന്ത്യയെയും മോദി സര്‍ക്കാരിനെയും താറടിക്കുന്ന എന്തെങ്കിലും റിപ്പോര്‍ട്ട് ഉണ്ടാക്കുക, അത് മോദി വിരുദ്ധ മാധ്യമങ്ങള്‍ വഴിയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ജനപ്രിയ സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുക. ഇതാണ് ഇപ്പോള്‍ എന്‍ജിഒകളുടെ അജണ്ട. 2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ഈ നീക്കം. എന്‍ജിഒകള്‍ ഇന്ത്യയില്‍ നടത്തുന്ന പദ്ധതികളില്‍ മതപരിവര്‍ത്തനവും കള്ളപ്പണം വെളുപ്പിക്കലും വര്‍ഗ്ഗീയ കലാപആസൂത്രണവും വരെ ഉണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പല എന്‍ജിഒകളെയും മൂക്കുകയറിട്ടതിന്റെ കലിപ്പാണ് പലതരം റിപ്പോര്‍ട്ടുകള്‍ അണിയിച്ചൊരുക്കി മോദിയെ ഇക്കൂട്ടര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. എന്‍ജിഒകളുടെ വലിയൊരു ശൃംഖലയാണ് ആഗോള ശൃംഖലകളുമായി കൈകോര്‍ത്ത് മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു പക്ഷെ പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ കാര്യക്ഷമമായാണ് എന്‍ജിഒകളുടെ പ്രവര്‍ത്തനം.
125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്താണ് ഇന്ത്യഎന്നാണ്
പ്രഹസന റിപ്പോര്‍ട്ട് പറയുന്നത്.
ഒന്നരപ്പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്‌ക്കാനായതില്‍ ഇന്ത്യയെ ഐക്യരാഷ്‌ട്ര സഭ അഭിനന്ദിക്കുമ്പോഴാണ് പേപ്പര്‍ സംഘടനകളുടെ സൂചികാ പട്ടിക. 2005-06നും 2019-21നും ഇടയില്‍ രാജ്യത്ത് 41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്നെന്ന് ഐക്യരാഷ്‌ട്ര വികസന പദ്ധതി (യു.എന്‍.ഡി.പി.), ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റിവ് എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചികയില്‍ പറയുന്നുണ്ട്
കൊവിഡിന് ശേഷം തിരിച്ചുവരവിന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷമിക്കുമ്പോള്‍ ഇന്ത്യ അക്കാര്യത്തില്‍ ഏറെ മുന്നിലാണ്. ലോകരാഷ്‌ട്രങ്ങളില്‍ അതിവേഗവളര്‍ച്ചയുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലാണെന്നാണ് ഐഎംഎഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത്.
ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. അവിടെയൊക്കെ ഈ പൊതുവിതരണ സമ്പ്രദായം നിലവിലുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രാജ്യത്തെ പാവപ്പെട്ടവരെ മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ എന്നിങ്ങനെ രണ്ടു രീതിയില്‍ തരം തിരിച്ചാണ് പട്ടിണിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ സംരക്ഷി ക്കുന്നത്. ഇതൊന്നും ആഗോള പട്ടിണി സൂചിക തയ്യാറാക്കുമ്പോള്‍ കണക്കിലെടുത്തിട്ടില്ല.
മഞ്ഞ നിറത്തിലുള്ള കാര്‍ഡ് അഥവാ എ.എ.വൈ റേഷന്‍ കാര്‍ഡില്‍ വരുക സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ്. അവര്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ (30 കിലോ അരി, 5 കിലോ ഗോതമ്പ്) പൂര്‍ണ്ണമായും സൗജന്യമായാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിങ്ക് നിറത്തിലുള്ള കാര്‍ഡ് അഥവാ ബിപിഎല്‍ റേഷന്‍ കാര്‍ഡില്‍ വരുക ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവരാണ്. ആ കാര്‍ഡുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോ ഭക്ഷ്യ ധാന്യങ്ങളാണ് (4 കിലോ അരി, 1 കിലോ ഗോതമ്പ്) സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. 2020 ല്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിലവില്‍ നല്‍കി വന്ന ഈ സൗജന്യത്തിനു പുറമെ ആളൊന്നിന് അഞ്ചു കിലോ അരിയും ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടലയും കൂടി കേന്ദ്രസര്‍ക്കാര്‍ ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ വഴി സൗജന്യമായി നല്‍കുന്നുണ്ട്. ഇത് 2020 ഏപ്രില്‍ മുതല്‍ നല്‍കി വരുന്നു. ഇപ്പോഴും തുടരുന്നു. ഇനിയുമത് മൂന്നു മാസത്തേക്ക് കൂടി തുടരാന്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ മാസം തീരുമാനിക്കുകയും ചെയ്തതാണ്. കുട്ടികളുടെ കാര്യം പറഞ്ഞാല്‍ അവരെയും പട്ടിണിക്കിടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. അതിനായി സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയായ നാഷണല്‍ സ്‌കീം ഫോര്‍ പിഎം പോഷന്‍ ഇന്‍ സ്‌കൂള്‍സ് എന്ന പിഎം പോഷണ്‍ പദ്ധതിയുണ്ട്. ഇതൊന്നും അറിയാതെയല്ല ‘വെല്‍ത് ഹംഗര്‍ ഹില്‍ഫി’നേയും ‘കണ്‍സേണ്‍ വേള്‍ഡ് വൈഡി’നെയും ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: