കോട്ടയം: ഇത് എന്റെ ജീവിതമാണ്, സമൂഹത്തിനുള്ള സംഭാവന, ഈ ജൈവവ്യവസ്ഥ സംരക്ഷിക്കപ്പെടണം – കടുത്തുരുത്തിയിലെ മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ എന്‍.കെ. കുര്യന്റെ വാക്കുകളാണിത്. കൊവിഡ് ലോകത്തെ മുഴുവന്‍ പിടിച്ചുലച്ചപ്പോള്‍ ഈ സ്ഥാപനത്തെയും ബാധിച്ചു. മുന്നൂറിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടിവിടെ. ഒന്നരവര്‍ഷത്തോളമായി അടച്ചിട്ടി രിക്കുകയായിരുന്നു. അടച്ചിടുകയാണെങ്കില്‍ പോലും 30 ജീവനക്കാര്‍ എങ്കിലും ജോലിയ്ക്ക് വേണം. ഒരു മാസത്തേയ്ക്ക് ഏഴു ലക്ഷം രൂപയോളം ചെലവ് വരും. വൈദ്യുതി ചാര്‍ജ്ജ് മാത്രം ഒരു മാസത്തേയ്ക്ക് ഒന്നരലക്ഷം രൂപവേണം. നഷ്ടം ചെറുതല്ല. ഒപ്പം കോടികളുടെ കടബാധ്യതയും.
നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതോടെ സന്ദര്‍ശകര്‍ വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ല. മാംഗോ മെഡോസ് എന്ന ജൈവവൈവിദ്ധ്യമേഖല സംരക്ഷിക്ക പ്പെടേണ്ടത് വരും തലമുറകളുടെ കൂടി ആവശ്യമാണെന്ന് ഇവിടെ ഒരു തവണയെങ്കിലും സന്ദര്‍ശിച്ചവര്‍ നിസ്സംശയം പറയും. മാംഗോ മെഡോസിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ മുന്നിട്ടിറങ്ങുകയാണ്.
![](https://janmabhumi.in/wp-content/uploads/archive/2021/08/08/Mangomeadows_VwCtXJO.jpg)
മാംഗോ മെഡോസിന്റെ കഥയിങ്ങനെ…
2005 ല്‍ കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്ക് സമീപം ആയാംകുടി എന്ന ചെറുഗ്രാമത്തിലെ ചെറിയൊരു മീന്‍കുളത്തില്‍ നിന്നാണ് മാംഗോ മെഡോസ് എന്ന ബൃഹത് സംരംഭത്തിന് കുര്യന് തുടക്കമിടുന്നത്. പാടശേഖരങ്ങളാലും വെള്ളത്താലും ചുറ്റപ്പെട്ടു കിടന്ന ആയാംകുടിയിലെ 30 ഏക്കറിലേക്ക് വര്‍ഷങ്ങള്‍ ഗള്‍ഫിലെ മലരാരണ്യങ്ങളില്‍ ചോര നീരാക്കി നേടിയ സമ്പാദ്യം മുഴുവന്‍ കുര്യന് നിക്ഷേപിച്ചു.
പ്രമുഖ എഞ്ചിനീയര്‍മാരെയും ആര്‍ക്കിടെക്റ്റുകളെയും സമീപിച്ചെങ്കിലും ഇത്തരമൊരു ആശയം ആര്‍ക്കും ഉള്ക്കൊ ള്ളാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് കുര്യന് തന്നെ തന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആര്‍ക്കിടെക്റ്റും എഞ്ചി നീയറും സൂപ്പര്‍വൈസറും തോട്ടക്കാരനും എല്ലാമായി. ലോണിനായി പല ബാങ്കുകളെയും സമീപിച്ചെങ്കിലും ഇത്തരമൊരു പദ്ധതിക്ക് ലോണ്‍ നല്കാന് ആരും തയ്യാ റായില്ല. കള്ളക്കടത്ത് നടത്തി സമ്പാദിച്ച പണം ചെല വഴിക്കാന്‍ ഒരു മാര്‍ഗ്ഗം എന്ന് പറഞ്ഞുതള്ളിയ നാട്ടുകാരു മുണ്ടായിരുന്നു.
![](https://janmabhumi.in/wp-content/uploads/archive/2021/08/08/Mangomeadows_9LIlTrT.jpg)
ഭാരതത്തിനകത്തും പുറത്തും സഞ്ചരിച്ച് അപൂര്‍വ സസ്യജാലങ്ങളും വൃക്ഷലതാദികളും കൊണ്ടുവന്ന് നട്ടു വളര്‍ത്തി പരിപാലിച്ചു. പാര്‍ക്കിന്റെ അടിസ്ഥാനഘടന രൂപപ്പെടുത്തിയെടുക്കാന്‍ ഏതാണ്ട് 11 വര്‍ഷത്തോളമെടുത്തു. കയ്യിലുള്ള പണം മുഴുവന്‍ ചെലവഴിച്ചു. 2016 ഡിസംബറില്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമ്പോള്‍ പണികള്‍ പൂര്‍ത്തിയായിരുന്നില്ല. സാമ്പത്തികമായി പിടിച്ചുനില്ക്കാന് വേണ്ടി മാത്രമായിരുന്നു പരിമിതസൗകര്യങ്ങളില്‍ പാര്‍ക്ക് തുറന്നത്. പാര്‍ക്കിനു വേണ്ടി ചെലവഴിച്ച പണവും അദ്ധ്വാനവും മറ്റേത് ബിസിനസിനുവേണ്ടിയായിരുന്നെങ്കിലും ഈ സമയം കൊണ്ട് കോടികള്‍ വരുമാനം നേടാമായിരുന്നു. പക്ഷേ, മനുഷ്യര്‍ക്കെല്ലാം പ്രയോജനപ്പെടുന്ന അപൂര്‍വ സസ്യജാലങ്ങളുടെ കലവറ ഒരുക്കാന്‍ കുര്യന് ജീവിതം സമര്‍പ്പിക്കുകയായിരുന്നു. വെള്ളക്കെട്ടുനിറഞ്ഞ ആയാംകുടിയില്‍ വിവിധ സസ്യജീവജാലങ്ങള്‍ അടങ്ങുന്ന ഒരു കൃത്രിമവനം തന്നെ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അത് പലര്‍ക്കും അത്ഭുതമായി.
4800 സസ്യവര്‍ഗങ്ങള്‍, 700 ലേറെ മരങ്ങള്‍, 174 ഇനം ഫലവൃക്ഷങ്ങള്‍, 85 ലേറെ പച്ചക്കറിവര്ഗ്ഗങ്ങള്, 101 ഇനം മാവുകള്‍ തുടങ്ങി ഇന്ത്യയിലുള്ള ഏതാണ്ട് എല്ലാ സസ്യജാലങ്ങളും ഇവിടെയുണ്ട്. കൂടാതെ 64 ഇനം മത്സ്യങ്ങള്‍, ആട്, കോഴി, പശു, മുയല്, വിവിധയിനം പക്ഷികള്‍ തുടങ്ങി എല്ലാവിധ വളര്‍ത്തുമൃഗങ്ങളും പക്ഷികളും അടങ്ങുന്നതാണ് മാംഗോമെഡോസ് എന്ന ജൈവവൈവിദ്ധ്യമേഖല.
കയ്യിലുണ്ടായിരുന്ന സമ്പാദ്യം തീര്‍ന്നപ്പോള്‍ ഒരു ബാങ്കിങ് ഇതരപണമിടപാട് സ്ഥാപനത്തില്‍ നിന്നും എടുത്ത ലോണ്‍ കുടിശ്ശിക കൂടി ഇപ്പോള്‍ ഇരട്ടിയില്‍ അധികമായിരിക്കുന്നു. നോണ്‍-പെര്‍ഫോമിങ് അസറ്റ് (എന്‍പിഎ) എന്ന വിഭാഗത്തില്‍പെടുത്തിയിരിക്കുന്നതിനാല്‍ ഒറ്റത്തവണയായി മാത്രമേ ഇനി ഇത് അടച്ചു തീര്‍ക്കാന്‍ സാധിക്കൂ. അടയ്ക്കാന്‍ വൈകുംതോറും പ്രതിമാസം പലിശയും കൂട്ടുപലിശയും എല്ലാ ചേര്‍ത്ത് ലക്ഷങ്ങളാണ് കൂടുന്നത്. സര്‍ക്കാരിന്റെ ഏതെങ്കിലും ധനകാര്യ ഏജന്‍സികള്‍ വായ്പ ഏറ്റെടുത്താല്‍ ഘട്ടം ഘട്ടമായി മാംഗോ മെഡോസിന് ഇത് അടച്ചുതീര്‍ക്കാനാകും. ഇതിനായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വരെ നേരില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നടപടികളായി വരാന്‍ കാലതാമസം വന്നേക്കാം.
![](https://janmabhumi.in/wp-content/uploads/archive/2021/08/08/railway.jpg)
ജപ്തി നടപടികള്‍ മുന്നിലുള്ളതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ക്രൗഡ് ഫണ്ടിംഗ് പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് കുര്യന്. പിന്തുണയുമായി ജനപ്രതിനിധികളും പ്രകൃതിസ്നേഹികളും സുഹൃത്തുക്കളു മെല്ലാമുണ്ട്. മാംഗോ മെഡോസ് കുടുംബത്തില്‍ അംഗത്വം എടുക്കുന്നതിനുള്ള സൗകര്യവും അവര്‍ക്കുള്ള ഓഫറുകളുമാണ് മുന്നോട്ടുവെക്കുന്നത്. മഹാത്മാഗാന്ധി സര്‍വ്വകലാശാല പുതുതായി തുടങ്ങുന്ന നാല് കോഴ്സുകളുടെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാംഗോ മോഡോസില്‍വെച്ച് നടത്താമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിസന്ധിയില്‍ ഇതെല്ലാം മാംഗോ മെഡോസിന് വലിയ കൈത്താങ്ങാവുകയാണ്. ക്രൗഡ് ഫണ്ടിംഗിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. കൂടുതല്‍ പേര് ഒറ്റയ്ക്കും കൂട്ടായും പിന്തുണ അറിയിക്കുന്നുണ്ട്. എല്ലാം ഈ ജൈവ സമ്പത്ത് നിലനിര്‍ത്താന്‍ വേണ്ടിയാണെന്നും കുര്യന് കൂട്ടിച്ചേര്‍ക്കുന്നു.
ചിത്രങ്ങള്‍: വി.ബി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: