ഐതിഹാസികമായ ഗുരുവായൂര്‍ സത്യഗ്രഹത്തിന് ഇന്ന് തൊണ്ണൂറ് വയസ്സ്. ജാതികടന്നശുദ്ധമാക്കിയ ഭാര്‍ഗവക്ഷേത്രത്തിന്റെ ശുദ്ധികലശത്തിനുള്ള സഹനസമരമുഖമായിരുന്നു അത്. ഭാരതകേസരി മന്നത്ത് പത്മനാഭനും കേരളഗാന്ധി കെ. കേളപ്പനും അമരക്കാര്‍.
എന്‍എസ്എസും എസ്എന്‍ഡിപിയോഗവും പുലയ മഹാസഭയും യോഗക്ഷേമസഭയും കൈകോര്‍ത്ത സമരം. വി.ടി. ഭട്ടതിരിപ്പാട്, ടി. സുബ്രഹ്മണ്യന് തിരുമുമ്പ്, ടി.ആര്. കൃഷ്ണസ്വാമി അയ്യര്‍, കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട്, കെ.മാധവമേനോന്, പി. കൃഷ്ണപിള്ള, മൊയ്യാരത്ത് ശങ്കരന്,എന്‍.പി. ദാമോദര മേനോന് തുടങ്ങിയവര്‍ നേതാക്കളായി. എ.കെ.ഗോപാലന് വളണ്ടിയര്‍ ക്യാപ്റ്റന്‍.
1931 നവംബര്‍ ഒന്നിന് ആരംഭിച്ച സത്യഗ്രഹം പത്ത് മാസം പിന്നിട്ടപ്പോള്‍ കേളപ്പനും മന്നവും നിരാഹാരം തുടങ്ങി. ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒക്ടോബര്‍ 2ന് സമരം താത്കാലികമായി അവസാനിപ്പിച്ചു. സത്യഗ്രഹത്തിനിടെ പി.കൃഷ്ണപിള്ള നാലമ്പലത്തിനകത്ത് പ്രവേശിച്ച് സോപാനത്തിലെ മണിയടിച്ചത് സംഘര്‍ഷത്തിനിടയാക്കി. കൃഷ്ണപിള്ളക്ക് മര്‍ദ്ദനമേറ്റു. സമരാനുകൂലികളും യാഥാസ്ഥിതികരും തമ്മിലുള്ള കായികമായ ഏറ്റുമുട്ടലിന് ഇത് കാരണമാവുകയും ചെയ്തു. സത്യഗ്രഹത്തെ തുടര്‍ന്ന് നടന്ന ഹിത പരിശോധനയില്‍ ജാതി ഭേദമില്ലാതെ പൊന്നാനി താലൂക്കിലെ 77 ശതമാനം ഹിന്ദുക്കളും ക്ഷേത്രപ്രവേശനത്തെ അനുകൂലിക്കുകയാണുണ്ടായത്.
താത്കാലികമായി വിജയിച്ചില്ലെങ്കിലും ജാതി വിവേചനത്തിനും അയിത്തത്തിനുമെതിരെ ശക്തമായ വികാരമാണ് സത്യഗ്രഹം സൃഷ്ടിച്ചത്. പിന്നെയും നാല് വര്‍ഷം കഴിഞ്ഞ് 1936 -ല്‍ തിരുവിതാംകൂറില്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ശേഷമാണ് ഗുരുവായൂരിലും എല്ലാവര്ക്കും ക്ഷേത്ര പ്രവേശനം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: