ജ്യോതി വിജ്
എഫ്‌ഐസിസിഐ ഡയറക്ടര്‍ ജനറല്‍
ലോകം അതിയന്ത്രവത്കരണത്തിലേക്ക് അതിവേഗം മുന്നേറുന്ന സാഹചര്യത്തില്‍, സമയോചിതവും സുനിശ്ചിതവുമായ ചുവടുവയ്‌പ്പാണ് കേന്ദ്ര സര്‍ക്കാര്‍ സമീപകാലത്ത് അംഗീകരിച്ച തൊഴില്‍ ബന്ധിത പ്രോത്സാഹന പദ്ധതി (Employment Linked Incentive SchemeELI). അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ തൊഴില്‍ മേഖലയെ, വിശിഷ്യാ ഉത്പാദന മേഖലയെ സംബന്ധിച്ചിടത്തോളം ധീരമായ നയ സമീപനമാണ്. ഏകദേശം 1 ലക്ഷം കോടി രൂപ അടങ്കലോടെയുള്ള ഈ പദ്ധതി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇഎല്‍ഐ പദ്ധതി, ഭാരതത്തിന്റെ തൊഴില്‍ ശക്തിയെ സംബന്ധിച്ചിടത്തോളം കേവലമൊരു സാമ്പത്തിക നടപടി മാത്രമല്ല- തന്ത്രപരമായ ഒരു ഭാവി നിക്ഷേപം കൂടിയാണ്. സര്‍ക്കാരിന്റെ വികസിത് ഭാരത് @ 2047 ദര്‍ശനത്തെ പദ്ധതി പിന്തുണയ്‌ക്കുന്നു. രാജ്യത്തെ തൊഴില്‍ സൃഷ്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം പകരുന്നു.
സമീപ ഭാവിയില്‍ ജനസംഖ്യയില്‍ കുറവ് വരാന്‍ തുടങ്ങുകയോ, ഇതിനോടകം കുറഞ്ഞു തുടങ്ങുകയോ ചെയ്ത മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഭാരതത്തില്‍ ഇപ്പോഴും തൊഴില്‍ സജ്ജമായ പ്രായത്തിലുള്ളവരുടെ വലിയ ജനസംഖ്യയുണ്ട്. തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലും, അനൗപചാരിക തൊഴിലുകളും ഔപചാരിക തൊഴിലുകളും തമ്മിലും നിലനില്‍ക്കുന്ന വിടവ് നികത്തുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തൊഴില്‍ മേഖലയില്‍ ഉടനടി ദൃശ്യമാകുന്ന നേട്ടങ്ങള്‍ക്കുപരിയായി, ഔപചാരികവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തൊഴില്‍ സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സുസ്ഥിര വികസനലക്ഷ്യം 8, സുസ്ഥിര വികസനലക്ഷ്യം 1 (ദാരിദ്ര്യ മുക്തം), സുസ്ഥിര വികസനലക്ഷ്യം 10 (അസമത്വങ്ങള്‍ കുറച്ചു കൊണ്ടുവരിക) എന്നിവ മുന്നോട്ടു വയ്‌ക്കും വിധം, കുറഞ്ഞ വേതനക്കാര്‍ക്കും ആദ്യമായി തൊഴില്‍ തേടുന്നവര്‍ക്കും ലക്ഷ്യവേധിയായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലുള്ള ഭാരതത്തിന്റെ പുരോഗതിയെ ഇഎല്‍ഐ പദ്ധതി ഊര്‍ജ്ജിതമാക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
ഈ പദ്ധതിയെ ഇപിഎഫ്ഒ രജിസ്‌ട്രേഷനുമായി ബന്ധിപ്പിക്കുകയും ആധാര്‍ അധിഷ്ഠിത നേരിട്ടുളള ആനുകൂല്യ കൈമാറ്റ സംവിധാനങ്ങളിലൂടെ പണം നല്‍കുകയും ചെയ്യുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുകയും ചെയ്യുന്നു. നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ ഇത് നിര്‍ണ്ണായകമാണ്. ഭാരതത്തിന്റെ അത്തരം ഉദ്യമങ്ങളെ അംഗീകരിച്ചുകൊണ്ട്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അടുത്തിടെ രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും, ജനസംഖ്യയുടെ 64.3ശതമാനം (2015ല്‍ 19ശതമാനം), അതായത് 94 കോടിയിലധികം പേര്‍ക്ക് കുറഞ്ഞത് ഒരു സാമൂഹിക സുരക്ഷാ ആനുകൂല്യമെങ്കിലും ലഭിക്കുന്നുണ്ടെന്ന് സ്വന്തം ഡാഷ്ബോര്‍ഡില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഉത്പാദന മേഖലയ്‌ക്ക് നല്‍കുന്ന പ്രാധാന്യം തികച്ചും സ്വാഗതാര്‍ഹമാണ്. ആഗോള മൂല്യ ശൃംഖലകള്‍ പുനഃക്രമീകരണത്തിന് വിധേയമാകുമ്പോള്‍, തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍സ്, ഉപഭോക്തൃ വസ്തുക്കള്‍, ഔഷധ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഭാരതം വിശ്വസനീയ ബദലായി അതിവേഗം ഉയര്‍ന്നുവരുന്നു. ഈ മേഖലകളില്‍ ദീര്‍ഘകാല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പിന്തുണയ്‌ക്കുന്നതിലൂടെ, ഉത്പാദന ബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതികള്‍, മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ നിലവിലുള്ള സംരംഭങ്ങള്‍ക്കനുപൂരകമായി ഇഎല്‍ഐ വര്‍ത്തിക്കുകയും നഗര, അര്‍ദ്ധ-നഗര ക്ലസ്റ്ററുകളില്‍ വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
ചെലവുകള്‍ സംബന്ധിച്ച ആശങ്ക കാരണം ഔപചാരിക നിയമനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പലപ്പോഴും പരിമിതി നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക്, പദ്ധതി വലിയ ആശ്വാസം പകരുന്നു. തൊഴിലുടമകള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനങ്ങള്‍ പുതിയ നിയമനങ്ങളുടെ മാര്‍ജിനല്‍ കോസ്റ്റ് (ഒരു യൂണിറ്റ് അധികം ഉത്പാദിപ്പിക്കുന്നതിന് ഉണ്ടാകുന്ന അധിക ചെലവ്) കുറയ്‌ക്കുന്നു. അതുവഴി വിപുലീകരണം, ഔപചാരികവത്ക്കരണം, തൊഴില്‍ ശക്തി നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
തൊഴില്‍ സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതില്‍ വേതനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികള്‍ ഫലപ്രദമാണെന്ന് ആഗോളതലത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍ അപ്രന്റീസ്ഷിപ്പുകള്‍ക്കും ദീര്‍ഘകാല നിയമനങ്ങള്‍ക്കും തൊഴിലുടമകള്‍ക്ക് സബ്സിഡികള്‍ വാഗ്ദാനം ചെയ്യുന്നു; യുവജനങ്ങള്‍ക്കും പ്രായമായവര്‍ക്കും തൊഴില്‍ നല്‍കുന്ന സംരംഭകര്‍ക്ക് ദക്ഷിണ കൊറിയ ലക്ഷ്യവേധിയായ വേതന പിന്തുണ നല്‍കി വരുന്നു; നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍ നിലനിര്‍ത്തുന്നതിനും സിംഗപ്പൂരും സാമ്പത്തിക സഹായം നല്‍കുന്നു. പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ വ്യക്തികളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് പ്രതിഫലം നല്‍കുന്ന വര്‍ക്ക് ഓപ്പര്‍ച്യുണിറ്റി ടാക്‌സ് ക്രെഡിറ്റ് യുഎസിനുണ്ട്. ഭാരതത്തിന്റെ ഇഎല്‍ഐ പദ്ധതി ആഗോളതലത്തിലെ മികച്ച മാതൃകകള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പം, നമ്മുടെ വിപുലമായ അനൗപചാരിക തൊഴില്‍ വിപണി, ജനസംഖ്യാപരമായ ആനുകൂല്യം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനം പോലുള്ള പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുപൂരകമായി വര്‍ത്തിക്കുന്നു.
ഹ്രസ്വകാല ആശ്വാസത്തില്‍ നിന്ന് ദീര്‍ഘകാല തൊഴില്‍ വിപണി വികസനത്തിലേക്കുള്ള ഭാരതത്തിന്റെ തൊഴില്‍ നയത്തിന്റെ പക്വതയാര്‍ന്ന പരിവര്‍ത്തനത്തെയാണ് ഇഎല്‍ഐ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. പ്രായമേറുന്ന ജനസംഖ്യ, ഡിജിറ്റല്‍, ഹരിത പരിവര്‍ത്തനങ്ങള്‍ തുടങ്ങി ആഗോളതലത്തിലുള്ള പരിവര്‍ത്തനാത്മക പ്രവണതകളുടെ പശ്ചാത്തലത്തില്‍, കൂടുതല്‍ ആളുകള്‍ക്ക് ഗുണമേന്മയുള്ള തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് ഇത്തരം ഫലപ്രദമായ നയങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഈ പദ്ധതി ഫലപ്രദമായി വിനിയോഗിക്കുന്നതിന് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്‌ഐസിസിഐ)യിലെ അംഗങ്ങള്‍ മുന്നോട്ടുവരണം. തൊഴിലുടമകള്‍ – പ്രത്യേകിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം വിഭാഗത്തില്‍ – ഇത് സാമ്പത്തിക നേട്ടത്തിനുപരിയായ ഘടകമായിരിക്കുമെന്ന് തിരിച്ചറിയണം. പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വിപുലീകരിക്കുന്നതിനും, യുവ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും, ശമ്പളപ്പട്ടികയെ ഔപചാരികവത്ക്കരിക്കുന്നതിനും, സ്ഥായിയായ സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്നതിനുമുള്ള ഒരു ഉപാധിയാണിത്. പരമോന്നത വ്യാവസായിക ചേംബര്‍ എന്ന നിലയില്‍, ഈ ലക്ഷ്യത്തെ പിന്തുണയ്‌ക്കാന്‍ ഫിക്കി പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: