കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ അതിന്റെ പരമോന്നത ദേശീയ ബഹുമതി സമ്മാനിച്ചതിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് അതിയായ സന്തോഷം പ്രകടിപ്പിച്ചു.
ഭാരതവും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാത ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിയുടെ മാതൃകാപരമായ നേതൃത്വത്തിനും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾക്കുമുള്ള സമുചിതമായ അംഗീകാരമാണ് ഈ ബഹുമതിയെന്ന് രാജ്ഭവന് ‘എക്സ്’ ഹാന്‍ഡിലില്‍ ഗവർണർ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിവർത്തനോന്മുഖമായ നേതൃത്വത്തിന് കീഴിൽ, നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഭാരതം ആഗോളശ്രേഷ്ഠത കൈവരിച്ചതായി ഡോ. ബോസ് നിരീക്ഷിച്ചു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെൻ്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞ ‘മഹാസാഗര്‍’ എന്ന മേഖലാതല സഹകരണത്തിനുള്ള സുധീരവും സമഗ്രവുമായ മഹാദൗത്യം ഗ്ലോബൽ സൗത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ധാർമ്മികശക്തിയായി വർത്തിക്കുമെന്നും ഡോ. ബോസ് അഭിപ്രായപ്പെട്ടു.
“സമാധാനം പ്രോത്സാഹിപ്പിച്ചും പുരോഗതി ഉറപ്പാക്കിയും എല്ലാവരുടെയും ക്ഷേമം ഉൾക്കൊണ്ടും ആത്മവിശ്വാസത്തോടെയും അനുകമ്പയോടെയും ഭാരതം മുന്നേറട്ടെ,” ഗവർണർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: