വിവേകാനന്ദ സ്വാമിയുടെ ദിവ്യസമാധി ദിനമായിരുന്നു ഇന്നലെ. 1902 ജൂലൈ 4 ആണ് സ്വാമിജിയുടെ സമാധിദിനം. ഭാരതത്തിലെ മഹാപുരുഷന്മാരില്‍ കേരളത്തിന് ഉറ്റബന്ധമുള്ള സംന്യാസിവര്യനായിരുന്നു വിവേകാനന്ദ സ്വാമി. അദ്ദേഹം 1898 ഡിസംബറില്‍ കേരളം സന്ദര്‍ശിച്ച കാര്യം സുവിഖ്യാതമാണ്. സ്വാമിജിയുടെ സഹോദര സംന്യാസി ആയിരുന്ന, ശ്രീരാമകൃഷ്ണദേവ ശിഷ്യന്‍ നിര്‍മ്മലാനന്ദ സ്വാമി കേരളത്തില്‍ വന്നതും ശ്രീരാമകൃഷ്ണ വിവേകാനന്ദ പ്രസ്ഥാനത്തിന് തിരി കൊളുത്തിയതും ചരിത്ര പ്രാധാന്യമുള്ള സംഭവമാണ്.
നിര്‍മ്മലാനന്ദ സ്വാമി കേരളത്തില്‍ അനേകം ശ്രീരാമകൃഷ്ണ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ആദ്യത്തെ ആശ്രമം 1913-ല്‍ ഹരിപ്പാട് ആണ് സ്ഥാപിച്ചത്. പിന്നീട് തിരുവല്ലയിലും ഒറ്റപ്പാലത്തും മറ്റുമായി സ്ഥാപിക്കപ്പെട്ട പല ആശ്രമങ്ങളും ചില പ്രത്യേക കാരണങ്ങളാല്‍ ആഗോള ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തില്‍ നിന്നും വിട്ടുനില്‍ക്കാനിടയായി. അക്കൂട്ടത്തില്‍പ്പെട്ട ഹരിപ്പാട് ആശ്രമം 2008-ല്‍ ശ്രീരാമകൃഷ്ണ മിഷന്‍ ഏറ്റെടുത്തു. പിന്നീട് സമീപസ്ഥമായ കായംകുളം ആശ്രമവും ചേര്‍ന്നു.
അവശേഷിച്ചത് ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമമായിരുന്നു. അവിടെയാണ് സ്ഥാപക ആചാര്യനായ നിര്‍മ്മലാനന്ദ സ്വാമി(തുളസീ മഹാരാജ്) ദീര്‍ഘകാലം കഴിഞ്ഞുകൂടിയതും സമാധിയടഞ്ഞതും. അവിടെ അവസാന അദ്ധ്യക്ഷനായിരുന്ന കൈവല്യാനന്ദ സ്വാമിയുടെ പരിശ്രമഫലമായി ഹരിപ്പാട്, കായംകുളം ആശ്രമങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ഒറ്റപ്പാലം ആശ്രമവും ശ്രീരാമകൃഷ്ണ മിഷന്റെ ഭാഗമായി ഭവിച്ചിരിക്കുന്നു. 2025 മെയ് 12ന് ഒറ്റപ്പാലം ആശ്രമം ഔപചാരികമായി മിഷനില്‍ ചേര്‍ക്കപ്പെടുകയും ഗീതാശരണാനന്ദ സ്വാമി ആശ്രമ അദ്ധ്യക്ഷനായി നിയോഗിക്കപ്പെടുകയും ചെയ്തു.
സമീപകാലത്ത് കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിനു വേണ്ടി അനവരതം സഫലമായി പ്രയത്‌നിച്ച കൈവല്യാനന്ദസ്വാമി ഒറ്റപ്പാലം ആശ്രമത്തില്‍ നിന്നും മറ്റൊരു കുടീരത്തിലേക്ക് താമസം മാറ്റുകയും ചെയ്തു.
കേരളത്തിലെ ശ്രീരാമകൃഷ്ണ – വിവേകാനന്ദ പ്രസ്ഥാനവും രാമകൃഷ്ണാശ്രമങ്ങളും സംബന്ധിച്ച ചരിത്രം പരിശോധിച്ചാല്‍ വളരെയധികം ത്യാഗബുദ്ധിയോടെ പ്രസംഗിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത ശ്രീ ആഗമാനന്ദ സ്വാമികള്‍ ശ്രീശങ്കരാചാര്യ സ്വാമികളുടെ ജന്മസ്ഥലമായ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം സ്ഥാപിച്ചതും വലിയൊരു പ്രവര്‍ത്തന കേന്ദ്രമാക്കി വളര്‍ത്തിയതും അവസാനം ശ്രീരാമകൃഷ്ണ മിഷനില്‍ ലയിപ്പിച്ചതും ഇവിടെ പ്രത്യേകം സ്മരണീയമാണ്.
കേരളത്തിലെ ശ്രീരാമകൃഷ്ണ-വിവേകാനന്ദ പ്രസ്ഥാനത്തിന് ഇനിയും പ്രവര്‍ത്തിക്കാനും വിവേകാനന്ദ സ്വാമിയുടെ നിരുപമമായ ജീവിതം, പ്രവര്‍ത്തനം, സന്ദേശങ്ങള്‍ തുടങ്ങിയവയെ സജീവമാക്കി നിലനിര്‍ത്താനും നാം ബാധ്യസ്ഥരാണ്. സ്വാമിജിയുടെ മഹാസമാധി ദിനത്തില്‍ വിവേകാനന്ദ സ്വാമികളുടെ ഉദാത്തമായ സ്മരണക്കുമുമ്പില്‍ നമസ്‌കരിക്കുന്നത് ”ഇനിഎന്താണ് ഇവിടെ നടക്കുക? എന്തെങ്കിലും നടക്കുമോ?” എന്ന പ്രശ്‌നം ഏവരുടേയും മനസില്‍ ഉണര്‍ത്തികൊണ്ടാവട്ടെ.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: