ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രാന്തപ്രചാരകന്മാരുടെ അഖില ഭാരതീയ ബൈഠക് ഇന്ന് മുതല്‍ ആറുവരെ ന്യൂദല്‍ഹിയിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകുഞ്ജില്‍. എല്ലാ പ്രാന്ത പ്രചാരകരും പ്രാന്തസഹപ്രചാരകരും ക്ഷേത്രപ്രചാരകരും സഹപ്രചാരകരും ബൈഠക്കില്‍ പങ്കെടുക്കും.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്‍കും. സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, ആലോക് കുമാര്‍, അതുല്‍ ലിമായെ എന്നിവരും മൂന്ന് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കും. 32 വിവിധ ക്ഷേത്ര സംഘടനകളുടെ സംഘടനാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ആകെ 233 പേര്‍ ബൈഠക്കില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘത്തിന്റെ പ്രവര്‍ത്തനവികാസം, വ്യാപനം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. മാര്‍ച്ചില്‍ ബെംഗളൂരുവില്‍ നടന്ന അഖിലഭാരതീയ പ്രതിനിധിസഭയ്‌ക്ക് ശേഷം നടന്ന സംഘശിക്ഷാ വര്‍ഗുകളുടെ അവലോകനം, ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ കര്‍മ്മപദ്ധതി, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ അടുത്ത ഒരു വര്‍ഷത്തെ സംഘടനാ പ്രവാസ യോജന തുടങ്ങിയ വിഷയങ്ങള്‍ ബൈഠക്കില്‍ ചര്‍ച്ച ചെയ്യും. ഈ വര്‍ഷം നൂറ് സംഘശിക്ഷാവര്‍ഗുകള്‍ നടന്നു. അതില്‍ 75 എണ്ണം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. 25 എണ്ണത്തില്‍ 40-60 വയസ്സിനിടയിലുള്ളവര്‍ പങ്കെടുത്തു. സ്വയംസേവകര്‍ സ്ഥിരം സേവനപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ദുരന്തമുഖങ്ങളിലും വലിയ ആഘോഷങ്ങളിലും സജീവമായി സേവനരംഗത്തുണ്ട്. അഹമ്മദാബാദില്‍ വിമാനാപകടമുണ്ടായപ്പോഴും പുരി ജഗന്നാഥ രഥയാത്രയിലും അത് ദൃശ്യമായി.
സംഘം മുന്‍ഗണന നല്‍കുന്നത് സാമൂഹിക ഐക്യത്തിനാണെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടികയില്‍ നടത്തുന്ന പരിശോധന സാധാരണ നടപടിക്രമമാണെന്ന് സുനില്‍ ആംബേക്കര്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. അടിയന്തരാവസ്ഥക്കാലത്ത് ഒരിക്കലും മറക്കാന്‍ പാടില്ലാത്ത അതിക്രമങ്ങള്‍ നടന്നു. ഇതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖുമാരായ നരേന്ദ്ര താക്കൂര്‍, പ്രദീപ് ജോഷി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ശതാബ്ദി പരിപാടികള്‍ ആസൂത്രണം ചെയ്യും
ന്യൂദല്‍ഹി: ന്യൂദല്‍ഹി കേശവകുഞ്ജില്‍ ഇന്ന് മുതല്‍ ആറുവരെ നടക്കുന്ന ആര്‍എസ്എസ് പ്രാന്തപ്രചാരകന്മാരുടെ അഖില ഭാരതീയ ബൈഠകില്‍ ശതാബ്ദി പരിപാടികളുടെ വിശദമായ ആസൂത്രണം നടക്കും. മൂന്ന് ദിവസത്തെ യോഗത്തില്‍ ഇതുവരെ തയാറാക്കിയ പരിപാടികള്‍ അവലോകനം ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്യും. ശതാബ്ദി പരിപാടികള്‍ വിജയദശമി ദിനമായ 2025 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് അടുത്ത വിജയദശമിനാള്‍ വരെ തുടരും. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും.
രാജ്യത്തുടനീളം എല്ലാ മണ്ഡലങ്ങളിലും ഹിന്ദുസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ന്യൂദല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ദേശീയവും സാമൂഹികവുമായി പ്രാധാന്യമുള്ള വിഷയങ്ങളില്‍ ആര്‍എസ്എസിന്റെ വീക്ഷണം വ്യക്തമാക്കി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രമുഖരുമായി സംവദിക്കും.
നവംബറില്‍ രാജ്യമെങ്ങും 21 ദിവസത്തെ ഗൃഹസമ്പര്‍ക്കം സംഘടിപ്പിക്കും. ശാഖാ തലത്തില്‍ വീടുകളില്‍ സമ്പര്‍ക്കം നടക്കും. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനായി സാമാജിക സദ്ഭാവന യോഗങ്ങള്‍ നടത്തും. ഖണ്ഡ്, നഗര്‍ തലങ്ങളിലാകും ഇവ സംഘടിപ്പിക്കുക. വിജയദശമിക്കുശേഷം എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടക്കും. ശതാബ്ദിയോടനുബന്ധിച്ച്, പഞ്ചപരിവര്‍ത്തനം എന്ന ആശയം സംഘം സമൂഹത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. മുഴുവന്‍ സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യുവാക്കള്‍ക്കായി ജില്ലാ തലത്തില്‍ പ്രത്യേക സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു. സംഘത്തെ മനസിലാക്കാനും അതിന്റെ ഭാഗമാകാനുമുള്ള യുവാക്കളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചുവരുന്നു. ജോയിന്‍ ആര്‍എസ്എസിന്റെ ഭാഗമായി 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 28,571 പേര്‍ ആര്‍എസ്എസില്‍ ചേരാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: