മലപ്പുറം: സൂംബാ പരിശീലനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ സ്കൂൾ മാനേജുമെൻ്റിന് നിർദേശം. 24 മണിക്കൂ റിനകം സസ്പെൻഷൻ അടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. എടത്തനാട്ടുകര പികെഎം യുപി സ്‌കൂൾ അദ്ധ്യാപകൻ ടി.കെ അഷ്‌റഫിനെതിരെയാണ് നടപടി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അഷ്‌റഫ്. അദ്ധ്യാപകനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്‌ടർ സ്‌കൂൾ മാനേജർക്ക് നോട്ടീസ് നൽകി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടികെ അഷ്‌റഫ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തിലുള്ള പരാമര്‍ശം.
ലഹരിക്കെതിരെ നിര്‍ബന്ധമായി സ്‌കൂളില്‍ സൂംബാ ഡാന്‍സ് കളിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരദ്ധ്യാപകന്‍ എന്ന നിലയ്‌ക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും. ഈ വിഷയത്തില്‍ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ടികെ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഷ്റഫിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചതിൽ പ്രതിഷേധവുമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ രംഗത്തെത്തി. പ്രതികരണ ബോധമുള്ള അദ്ധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് ഉയരുന്ന ആരോപണം. ഇത് വരും തലമുറയ്‌ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും വിജയം കൈവരിക്കും വരെ പോരാട്ടം തുടരുമെന്നും വിസ്ഡം സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: