ഇയോവ: കിരീട നേട്ടത്തില്‍ വറുതിയിലെത്തിയ ഭാരത ബാഡ്മിന്റണിന് പുത്തന്‍ ഉണര്‍വേകി ആയുഷ് ഷെട്ടി. യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിലൂടെ കരിയറിലെ കന്നി കിരീടം സ്വന്തമാക്കി. യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ ബ്രയാന്‍ യാങ്ങിനെ നേരിട്ടുള്ള ഗെയിമിന് തകര്‍ത്താണ് ആയുഷിന്റെ സുവര്‍ണനേട്ടം. സ്‌കോര്‍ 21-18, 21-13.
ടൂര്‍ണമെന്റില്‍ ഭാരതത്തിന്റെ തന്‍വി ശര്‍മ വനിതാ സിംഗിള്‍സ് ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. ടോപ് സീഡ് താരവും ടൂര്‍ണമെന്റിലെ ഫേവറിറ്റുമായ ബെയ്വെന്‍ ഷാങ്ങിനോടാണ് തന്‍വി പരാജയപ്പെട്ടത്. സ്‌കോര്‍ 21-11, 16-21, 21-10.
നിലവിലെ സീസണില്‍ ഭാരതത്തിനായി കിരീടം സ്വന്തമാക്കുന്ന ആദ്യ ബാഡ്മിന്റണ്‍ താരമാണ് 20കാരനായ ആയുഷ് ഷെട്ടി. കൂടാതെ പുരുഷ സിംഗിള്‍സില്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഭാരത താരം ബാഡ്മിന്റണില്‍ ടൈറ്റില്‍ സ്വന്തമാക്കുന്നത്. 2023ല്‍ ലക്ഷ്യ സെന്‍ കാനഡ ഓപ്പണ്‍ സ്വന്തമാക്കിയതാണ് ഭാരത പുരുഷ സിംഗിള്‍സിലെ ഒടുവിലത്തെ ബിഡബ്ല്യുഎഫ് ടൂര്‍ നേട്ടം. ലോക റാങ്കിങ്ങില്‍ 34-ാം സ്ഥാനത്താണ് ആയുഷ് ഷെട്ടി. 33-ാം റാങ്കുകാരനാണ് ആയുഷ് തോല്‍പ്പിച്ച ബ്രയാന്‍ യാങ്. നേരിട്ടുള്ള ഗെയിമിനാണ് ഫൈനല്‍ ജയിച്ചതെങ്കിലും കടുത്ത പോരാട്ടം 47 മിനിറ്റ് വരെ നീണ്ടു.
കിരീടനേട്ടത്തില്‍ ആയുഷ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് സെമിയിലായിരുന്നു. ലോക ആറാം നമ്പര്‍ താരം ടൈനീസ് തായിപേയിയുടെ കോ ടിയെന്‍ ഷെന്‍ ആയിരുന്നു എതിരാളി. ആദ്യ ഗെയിം പിന്നില്‍ പോയ ശേഷം തുടരെ രണ്ട് ഗെയിമുകള്‍ സ്വന്തമാക്കിയാണ് ഭാരത താരം ജയിച്ചത്. സ്‌കോര്‍ 21-23, 21-15, 21-14നായിരുന്നു വിജയം. ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ മാഗ്നസ് ജോഹന്നാസെനിനെ തോല്‍പ്പിച്ച ആയുഷ് പ്രീക്വാര്‍ട്ടറില്‍ തരുണ്‍ മണ്ണേപള്ളിയെ കീഴടക്കി. ക്വാര്‍ട്ടറില്‍ ആയുഷിന് മുമ്പില്‍ കീഴടങ്ങിയത് കോ ക്വാന്‍ ലിന്‍ ആണ്.
തുടക്കം മുതല്‍ തകര്‍പ്പന്‍ മുന്നേറ്റം കാഴ്‌ച്ചവച്ചാണ് വനിതാ സിംഗിള്‍സില്‍ തന്‍വി ഫൈനല്‍ വരെ മുന്നേറിയത്. ഫൈനലില്‍ 16കാരിയായ ഭാരത താരം ബെയ്വെനിനോട് പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: