തൃശൂര്‍ കാഞ്ഞാണി ബ്രഹ്മക്കുളം തിയേറ്ററില്‍ പൂര്‍ണ്ണിമ ജയറാമും നെടുമുടി വേണുവും നായികാനായകന്മാരായി അഭിനയിച്ച ‘വെറുതെ ഒരു പിണക്കം’ എന്ന സിനിമ റിലീസ് ചെയ്തതിന്റെ പിറ്റേന്നാണ്, സത്യന്‍ അന്തിക്കാടിന്റെ അച്ഛന്‍ മരിക്കുന്നത്.
അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു സത്യന്‍ അന്തിക്കാട്.
മരണം കഴിഞ്ഞ് നാലോ അഞ്ചോ ദിവസത്തിനുശേഷം വീട്ടില്‍ ചെന്ന് സത്യന്‍ അന്തിക്കാടിനെ കണ്ട അവസരത്തില്‍ അദ്ദേഹം പറഞ്ഞു:
”വെറുതെ ഒരു പിണക്കം കാണാന്‍ അച്ഛന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ അന്ന് കാഞ്ഞാണിയില്‍ ബസ് സമരമായിരുന്നതിനാല്‍ തിയേറ്ററില്‍ പോകാന്‍ കഴിഞ്ഞില്ല.”
സത്യന്‍ അന്തിക്കാടിന്റെ ആ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ തൊട്ടു.
ബസ് സമരം മൂലം സ്വന്തം മകന്റെ സിനിമ കാണാന്‍ ഒരു അച്ഛന് കഴിഞ്ഞില്ല!
മലയാളത്തിലെ ഏത് സംവിധായകന്റെ നാവില്‍നിന്ന് കേള്‍ക്കും, അങ്ങനെയൊരു സത്യം?
നേരെ ചൊവ്വേ ഒരു സിനിമ തന്നെ സംവിധാനം ചെയ്യാത്തവര്‍പോലും ഫ്‌ളൈറ്റിലും മറ്റും കുടുംബസമേതം സഞ്ചരിക്കുന്ന കാലത്താണ് ഈ സംഭവം. ‘വെറുതെ ഒരു പിണക്ക’മാണെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ അഞ്ചാമത്തെ ഹിറ്റ് സിനിമയാണ്. കുടുംബം സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയില്‍തന്നെ. എന്നിട്ടും ഒരു ടാക്‌സിയോ ഓട്ടോയോ വിളിച്ചു പോകാന്‍ അച്ഛന്‍ തയ്യാറായില്ല. ബസ് ഡ്രൈവറായിരുന്ന ആ അച്ഛന്റെ ആര്‍ഭാടരഹിതമായ ലളിത ജീവിതമാണ്, സത്യന്‍ അന്തിക്കാട് പിന്നീട് പാഠപുസ്തകമാക്കിയത്. സാധാരണക്കാരന്റെ കണ്ണീരും സ്വപ്‌നങ്ങളുമുള്ള സിനിമകളെടുത്ത് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി മാറാന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞതും അതുകൊണ്ടുതന്നെ.
മോഹന്‍ലാലുമൊത്തുള്ള തന്റെ പതിനെട്ടാമത്തെ സിനിമയായ ‘ഹൃദയപൂര്‍വ്വ’ത്തിന്റെ പണിപ്പുരയിലാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: