സംഗീതം അതിർത്തികളും ദേശങ്ങളും കടന്നുപോകുമ്പോഴും ചില ശബ്ദങ്ങൾ അവരുടെ വേരുകളെ ചേർത്തുപിടിച്ചാണ് മുന്നോട്ടുപോകുന്നത്. ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്ന സൂരജ് ചെറുകാട്ട് അത്തരത്തിൽ ഒരു അപൂർവ്വ ശബ്ദമാണ് — ലോക ഹിപ്-ഹോപ്പിൽ തനതായ ഇന്ത്യൻ അടയാളം പതിപ്പിച്ച ശബ്ദം.
കേരളത്തിൽ മലപ്പുറത്ത് ജനിച്ച് അമേരിക്കയിലെ ഹ്യൂസ്റ്റണിൽ വളർന്ന ഹനുമാൻകൈൻഡ്, പാശ്ചാത്യർ ഭരിക്കുന്ന ഹിപ്-ഹോപ്പ് ശൈലി ഉൾക്കൊണ്ടെങ്കിലും, അതിന്റെ റിഥത്തിൽ അദ്ദേഹം ഇന്ത്യയുടെ ഹൃദയധ്വനികളെ ചേർത്തുവെച്ചു. ഒറ്റനോട്ടത്തിൽ വെസ്റ്റേൺ ആണെന്ന് തോന്നിക്കുമ്പോഴും, അദ്ദേഹത്തിന്റെ സംഗീതം ഇന്ത്യയെക്കുറിച്ച് ആഴത്തിൽ സംസാരിക്കുന്നു.
Run It Up” എന്ന ഗാനത്തിലൂടെ ഹനുമാൻകൈൻഡ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കലകളെ അവതരിപ്പിക്കുമ്പോൾ, നമുക്ക് അയാൾ അഭിമാനമായി മാറുകയാണ്. ഈ കാഴ്ച ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രദ്ധിച്ചു. “മൻ കി ബാത്” എന്ന പരിപാടിയിൽ ഹനുമാൻകൈൻഡിന്റെ ഈ ശ്രമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സംഗീതം വഴി ഇന്ത്യയുടെ പാരമ്പര്യത്തെ ആഗോള തലത്തിൽ എത്തിക്കുന്നതിന്റെ പ്രതീകമായാണ് അദ്ദേഹം ഈ ശ്രമത്തെ കണ്ടത് .
Run It Up ഗാനം തുടങ്ങുന്നത് തന്നെ കേരളത്തിന്റെ പരമ്പരാഗത ശബ്ദമായ ചെണ്ടയുടെ താളത്തോടെയാണ്. ഈ താളമാണ് മുഴുവൻ ഗാനത്തിലും ഉള്ളത് . നിർമ്മാതാവ് കൽമി , ഈ താളങ്ങളെ ആധുനിക ഹിപ്-ഹോപ്പ് റിഥവുമായി അതിമനോഹരമായി സംയോജിപ്പിച്ചു. ഇതിലൂടെ, പരമ്പാരാഗതവും , ആധുനികതയും തമ്മിലുള്ള അതിരുകൾ മറികടന്നു.
ഈ ഗാനം കേവലം ശബ്ദാനുഭവം മാത്രമല്ല. ബിജോയ് ഷെട്ടി സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ ഒരു സിനിമാറ്റിക് മായാജാലമാണ്. അതിൽ, ഇന്ത്യയുടെ തനതായ ആയോധന കലകൾ അതിഗംഭീരമായ രീതിയിൽ അവതരിപ്പിച്ചു . ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഹനുമാൻ കൈൻഡിന്റെ സ്വന്തം നാടായ മലപ്പുറത്താണ്.
3000 വർഷം പഴക്കമുള്ള കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് , ഉറുമി വാൾ ഉപയോഗിക്കുന്ന കാഴ്ചകൾ ശ്രദ്ധേയമാണ്.
മഹാരാഷ്‌ട്രയിലെ മർദാനി ഖേൽ, ഛത്രപതി ശിവാജി മഹാരാജാവിന്റെ കാലത്ത് പരിശീലിച്ചിരുന്ന ആയോധന കല, ദണ്ഡ് പട്ട (gauntlet sword) ഉപയോഗിക്കുന്ന കാഴ്ചകൾ കാണാൻ കഴിയും. സിഖ് സമുദായത്തിന്റെ സ്വന്തം ഗദ്ക ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലെ തങ് ടാ – “വാളും കുന്തവും” കൊണ്ടുള്ള യുദ്ധ കല ഈ ഗാനത്തിൽ കാണിക്കുന്നുണ്ട്. കേരളത്തിന്റെ തനത് കലാരൂപങ്ങൾ ആയ തെയ്യവും വെള്ളാട്ടവും – ദേവന്മാരുടെയും വീരന്മാരുടെയും കഥകൾ പറയുന്ന ആവിഷ്‌കാരപരമായ നാട്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ആദരിക്കുന്ന ഗരുഡ പറവയെ ഇവിടെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ഹനുമാൻ കൈൻഡിന്റെ ശബ്ദം വേറിട്ടതും ദൃഢവുമാണ്. നമ്മുടെ പാരമ്പര്യങ്ങളെ ആഗോള വേദികളിലേക്ക് നയിക്കുന്ന ഒരു യാത്രയാണ് ഇത്. ഒരു ആൽമരത്തിന്റെ താഴെ കൊറേ മലയാളികൾക്കൊപ്പം ഇരുന്ന് ഭാരതത്തിന്റെ സമൃദ്ധമായ പാരമ്പര്യത്തിന് ആധുനിക മുഖം കൊടുക്കുന്ന റാപ് കാഴ്ചകൾ. ഹനുമാൻ കൈന്റിന്റെ ബീറ്റുകളിൽ ഇന്ത്യയുടെ ആത്മാവാണ് മിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: