തിരുവനന്തപുരം: ദുരന്തമുഖങ്ങളിൽ അഗ്നിരക്ഷാ സേന നടത്തുന്ന രക്ഷാപ്രവർത്തനവും സേനയുടെ പ്രവര്‍ത്തനരീതിയും പൊതു ജനങ്ങൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് എന്റെ കേരളം പ്രദർശന മേളയില്‍ ഫയർ ആൻഡ് റെസ്ക്യൂ പവലിയൻ ഒരുക്കിയിരിക്കുന്നത്.
മുണ്ടക്കൈയിലെ ബെയ്ലി പാലത്തിന്റെ മാതൃകയിൽ കനകക്കുന്നിൽ ബർമ്മ പാലം ഒരുക്കിയിട്ടുണ്ട്. ദുരന്തസ്ഥലത്ത് കമാന്‍റോകള്‍ക്ക് എത്താനായി നിര്‍മ്മിക്കുന്ന കമാന്‍റോ ബ്രിഡ്ജ്, പുഴ കടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനായി ഏരിയല്‍ റോപ് വേ, ആളുകളെ മാറ്റാനും നടക്കാന്‍ പറ്റാത്തവരെ പോലും എടുത്ത് കൊണ്ടുപോകാനും ശേഷിയുള്ള റോപ് ബ്രിഡ്ജ്, കിടങ്ങുകളിലും കിണറുകളിലും വീണു പോകുന്ന മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കാൻ ഉപയോഗിക്കുന്ന ട്രൈപോഡ്, ഉയർന്ന സ്ഥലങ്ങളിൽ നിന്നും താഴേക്ക് ആളുകളെ കൊണ്ട് എത്തിക്കുന്ന സ്‌കൂപിംഗ് തുടങ്ങിയവയുടെ ഉപയോഗവും പ്രവർത്തനവും ജനങ്ങൾക്ക് കണ്ടറിയാൻ സാധിക്കും.
വയനാട് മുണ്ടക്കൈ ദുരന്ത ഭൂമിയിൽ സ്വന്തം ജീവൻ പണയംവച്ച് കയറിൽ തൂങ്ങി മൂന്നുമാസം മാത്രം പ്രായമായ കുരുന്നിനെയും കൊണ്ട് ജീവൻ പണയംവച്ച് കയറിൽ തൂങ്ങി പുഴ മുറിച്ച കടക്കുന്ന അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥന്റെയും കുഞ്ഞിന്റെയും മാതൃകാരൂപമുള്ള പ്രതിമ കാണികൾക്ക് കാണാനായി ഒരുക്കിയിട്ടുണ്ട്.
ഇതൊക്കെ ഉള്ളത് കൊണ്ട് തന്നെ സന്ദർശക്കരുടെ നീണ്ട നിരയാണ് ഫയർഫോഴ്സിന്റെ പവലിയനിൽ അനുഭവപ്പെടുന്നത്. പാലത്തിൽ കയറുവാനും അതിന്റെ അനുഭവം മനസിലാക്കാനും പ്രായഭേദമെന്യേ ആശങ്ക ഒട്ടും ഇല്ലാതെ കുഞ്ഞു കുട്ടികൾ ഉള്‍പ്പെടെയുള്ളവര്‍ പാലം കാണാനും കയറാനും കാര്യങ്ങളറിയാനും എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: