ദുബായ് : ദുബായ് എന്നും ആഘോഷങ്ങളുടെ പറുദീസയാണ്. ഇവിടെ സംഘടിപ്പിക്കുന്ന ഓരോ വ്യത്യസ്ത ഉത്സവങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ സംഘടിപ്പിച്ച് വന്നിരുന്ന ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ സമാപിച്ചു.
സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കൊണ്ടാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ സമാപിച്ചത്. മെയ് 18-നാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ സമാപിച്ചത്. ഇത്തവണത്തെ 10.5 ദശലക്ഷം സന്ദർശകരാണ് ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്. കഴിഞ്ഞ വർഷം നടന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ 10 ദശലക്ഷം സന്ദർശകരെത്തിയിരുന്നു.
ഈ വർഷം പത്തര ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ദുബായ് ഹോൾഡിങ് എന്റർടൈൻമെന്റ് സി ഈ ഓ ഫെർണാണ്ടോ എയ്‌റോ അറിയിച്ചു. എമിറേറ്റിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രം എന്ന സ്ഥാനത്തിന് അടിവരയിടുന്നതാണ് ഗ്ലോബൽ വില്ലേജിന്റെ ഈ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദം, രുചിവൈവിധ്യങ്ങൾ, മികച്ച ഷോപ്പിംഗ് എന്നിവയിലൂടെ ഗ്ലോബൽ വില്ലേജ് കുടുംബങ്ങൾക്ക് ലോകനിലവാരത്തിലുള്ള അനുഭവങ്ങൾ നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
https://twitter.com/i/status/1924508394150572180
മുപ്പത് പവലിയനുകളിലായി ഏതാണ്ട് 90-ൽ പരം സംസ്കാരങ്ങൾ അണിനിരന്ന ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ നാനൂറില്പരം കലാകാരന്മാർ ഒരുക്കിയ നാല്പത്തിനായിരത്തോളം കലാപരിപാടികൾ അരങ്ങേറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3500-ൽ പരം ചില്ലറവില്പനശാലകൾ, 250-ൽ പരം ഭക്ഷണശാലകൾ എന്നിവ ഇത്തവണത്തെ ഗ്ലോബൽ വില്ലേജിന്റെ ഭാഗമായിരുന്നു.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 11-ന് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സന്ദർശകരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ട് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 18 വരെ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: