സഹകരണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം. എന്നാല്‍ തങ്ങളത് ഒഴിവാക്കുമെന്ന് കേരളം. കേന്ദ്രത്തിനെ കണക്കിന് വിമര്‍ശിച്ചോളൂ എന്ന് ഉന്നതവിദ്യാഭ്യാസ ചട്ട ഭേദഗതിയില്‍ കേരളം. കേരളത്തെക്കുറിച്ച് മറുത്തൊന്നു മിണ്ടിപ്പോയാല്‍ മൂക്കു ചെത്തുമെന്നും നിയമഭേദഗതി! ഇങ്ങനെ വേണ്ടപ്പോള്‍ തോളില്‍ കൈയിട്ടും കാര്യം കഴിഞ്ഞാല്‍ കൊതിക്കെറുവു കാട്ടിയും കേന്ദ്ര-സംസ്ഥാന സഹകരണം കൊഴുക്കുകയാണ്. മിണ്ടിയാല്‍ അകത്തു പോകാനിടയുള്ളതുകൊണ്ട് ഭാരത-പാകിസ്ഥാന്‍ യുദ്ധത്തെക്കുറിച്ചു മാത്രം മൗനം!
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്ന് കവി പാടുന്ന കാലത്ത് കേരളീയ ഗ്രാമങ്ങളില്‍ സ്വച്ഛമായൊരു സഹവര്‍ത്തിത്വം കളിയാടിയിരുന്ന ജാതി-മതഭേദമില്ലാതെ, രാഷ്‌ട്രീയ വേര്‍തിരിവുകളില്ലാതെ ഒരു സഹകരണാന്തരീക്ഷം നിലനിന്നിരുന്നു. അമ്പലത്തിലെ ഉത്സവവും പള്ളിപ്പെരുന്നാളും മതഭേദങ്ങളില്ലാതെ ആഘോഷിച്ചിരുന്നു. ജനന-മരണങ്ങള്‍ എന്നപോലെ കല്യാണങ്ങളും വീട്ടില്‍ തന്നെയായിരുന്നു. ഇന്നത് ആശുപത്രിയിലേക്കും കണ്‍വെന്‍ഷന്‍ സെന്ററുകളിലേക്കും കുടിയേറിക്കഴിഞ്ഞിട്ടുണ്ടല്ലോ?
നാട്ടുമ്പുറത്തെ വീട്ടുവിശേഷങ്ങള്‍ അയല്‍ക്കാരും നാട്ടുകാരും ഒത്തുചേര്‍ന്നാണ് നടത്തിപ്പോന്നിരുന്നത്. പ്രത്യേകിച്ചും വിവാഹ-മരണ ആവശ്യങ്ങള്‍. സദ്യക്ക് ഇലവെട്ടാന്‍ വാഴയുള്ള ഏതു പറമ്പിലും കയറിച്ചെല്ലാം. പ്രത്യേകിച്ചൊരു അനുവാദം ആവശ്യമില്ല. പന്തലിടാന്‍ അയല്‍ വീടുകളിലെ ചില്ലറ കേടുപാടുകളുള്ള കമുക് തേടിപ്പോകും. കുരുത്തോല കൊണ്ട് നാട്ടിലെ കരകൗശല വിദഗ്‌ദ്ധരാണ് പന്തലും കല്യാണ മണ്ഡപവും ഒരുക്കുന്നത്. സദ്യക്കുള്ള കറിക്കരിയല്‍, തേങ്ങ ചിരകല്‍, ദേഹണ്ഡം തുടങ്ങിയവ കുട്ടികളും യുവാക്കളും സ്ത്രീകളുമെല്ലാം ചേര്‍ന്നാണ് നടത്തുക. തലേന്ന് വൈകിട്ടേ പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഗ്രാമഫോണ്‍ റിക്കാര്‍ഡ് പാട്ടുകളും ലൗഡ് സ്പീക്കറും പെട്രോമാക്‌സുമൊക്കെയാണ് വരത്തന്മാര്‍. അതിഥികള്‍ക്കുള്ള പരിമിതമായ കസേരകള്‍ പ്രായമായവര്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കും. അവ പലപ്പോഴും അയല്‍വീടുകളില്‍നിന്ന് സമാഹരിക്കുന്ന പലതരമായിരിക്കും. കസേരയുടെ ആവിര്‍ഭാവത്തിനും പ്രചാരത്തിനും മുമ്പ് പാ
യാണ് അതിഥികള്‍ക്കായി കരുതുക. വിഐപിമാര്‍ക്ക് മെത്തപ്പായയെന്ന കൂടിയ ഇനം. സാധാരണക്കാര്‍ക്ക് തഴപ്പായ.
മരണവീട്ടിലും എല്ലാക്കാര്യവും അയല്‍ക്കാരും നാട്ടുകാരും സഹകരിച്ചാണ് നിര്‍വ്വഹിക്കുക. ചിലര്‍ മാവു വെട്ടുന്നു. വിറകൊരുക്കുന്നു. ചകിരിയും ചിരട്ടയും സമാഹരിക്കുന്നു. താല്‍ക്കാലിക പന്തല്‍ ഒരുക്കുന്നു. എത്ര ദൂരെ നിന്നുള്ള അടുത്ത ബന്ധുക്കള്‍ക്കോ മക്കള്‍ക്കോ പോലും മൃതദേഹം കാത്തുവയ്‌ക്കാറില്ല നിശ്ചിത സമയം കഴിഞ്ഞാല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചിതയിലേക്കെടുക്കും. പൂക്കളും പുഷ്പചക്രവുമൊക്കെ പിന്നീട് വന്നതാണ്.
ഇപ്രകാരം ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും നിലനിന്നിരുന്ന പരസ്പരാശ്രിതത്വത്തെ, സഹകരണ കാലാവസ്ഥയെ മുതലെടുത്തുകൊണ്ടാണ് സഹകരണ സംഘങ്ങള്‍ ആവിര്‍ഭവിക്കുന്നത്. സഹകരണ പ്രസ്ഥാനം കേരളീയ സാമൂഹ്യ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. സമസ്ത മേഖലകളിലും അത് തഴച്ചു കൊഴുത്തു.
എന്നാല്‍ എന്തിനേയും വെടക്കാക്കി തനിക്കാക്കുന്ന കക്ഷി രാഷ്‌ട്രീയ സങ്കുചിതത്വം സഹകരണ മേഖലയേയും വെട്ടിപ്പിടിച്ചു. പ്രാഥമിക സഹകരണ സംഘം മുതല്‍ സംസ്ഥാന തലം വരെ രാഷ്‌ട്രീയം പിടിമുറുക്കി. സംഘടിതമായ തട്ടിപ്പു കേന്ദ്രങ്ങളായിപ്പോലും അവയില്‍ ചിലത് കുപ്രസിദ്ധി നേടി.
സഹകരണ സംഘത്തെ വെട്ടിപ്പിടിച്ച് മലിനമാക്കുന്നതിന് ഉത്തമോദാഹരണമാണ് എസ്പിസിഎസ് (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം). എഴുത്തുകാര്‍ക്ക് സ്വന്തം തറവാടുപോലെ ആശ്രയവും തണലുമായിരുന്ന ആ പ്രസ്ഥാനത്തിന് 30% വരെ റോയല്‍ട്ടി നല്‍കിയിരുന്ന ഒരു സുവര്‍ണകാലമുണ്ടായിരുന്നു. എം.പി. പോളും കാരൂരും ഡി.സിയും തുടക്കമിട്ട എസ്പിസിഎസ് ഗോപി കൊടുങ്ങല്ലൂരിന്റെ സെക്രട്ടറിക്കാലം വരെ നല്ല നിലയില്‍ ഒന്നാം നിരയില്‍ പ്രവര്‍ത്തിച്ച് ഖ്യാതി വളര്‍ത്തി. ഗ്രന്ഥശാലാ പ്രസ്ഥാനത്തേയും മറ്റും കയ്യടക്കിയപോലെ കക്ഷി രാഷ്‌ട്രീയ ഇടുക്കുതൊഴുത്തായി എസ്പിസിഎസിനേയും ഇടതുപക്ഷ ഭരണം പരിവര്‍ത്തനപ്പെടുത്തി. പു.ക.സ സാഹിത്യ നിര്‍മിതികള്‍കൊണ്ട് മലിനപ്പെട്ട, മൂന്നാംകിട ചവറുകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന, പ്രതിഫലം കൊടുക്കാത്ത ഒന്നായി അതിനെ ജനകീയവല്‍ക്കരിച്ചു!
രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ തൊഴിലുറപ്പ് ഇടങ്ങളായി സഹകരണ സ്ഥാപനങ്ങള്‍ മാറിയതോടെ നിയമനം, ലോണ്‍, ഫണ്ട് വിനിയോഗം എന്നിവ സ്വന്തക്കാര്‍ക്ക് മാത്രമായി. അതോടെ സാധാരണക്കാര്‍ക്ക് അത് നിസ്സഹകരണ പ്രസ്ഥാനമായി പരിണമിച്ചു. ഈ ഇടുക്കു തൊഴുത്ത് സഹകരണ പാഠങ്ങളാണോ വരും തലമുറയെ പഠിപ്പിക്കാന്‍ പോകുന്നതെന്നറിയില്ല. സ്വതസിദ്ധമായ സഹകരണ മനസ്സിന്റെ സഹവര്‍ത്തിത്വത്തെ തല്ലിക്കെടുത്തി മറ്റൊരിനം സഹകരണത്തെയാണിന്ന് കേരളത്തില്‍ നട്ടുവളര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: