ന്യൂദല്‍ഹി: ഭാരത താത്പര്യങ്ങളെ ഹനിക്കുന്ന രാജ്യങ്ങളെ ശാക്തീകരിക്കാനാകില്ലെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍. സാമ്പത്തിക ദേശീയതയെക്കുറിച്ച് നാം ഓരോരുത്തരും ആഴത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പങ്കാളിത്തം മുഖേന, സഞ്ചാരത്തിലൂടെയോ ഇറക്കുമതിയിലൂടെയോ അത്തരം രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇനിയും നമുക്ക് സാധിക്കില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ആ രാജ്യങ്ങള്‍ നമുക്കെതിരെ നിലയുറപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്ന് സംഘടിപ്പിച്ച ജയ്പൂരിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിന്റെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യ സുരക്ഷയില്‍ സഹായമേകാന്‍ ഓരോ വ്യക്തിയും ശാക്തീകരിക്കപ്പെടണം. പ്രത്യേകിച്ച്, വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവയ്‌ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ണായക പങ്കുള്ള സാഹചര്യത്തില്‍. രാഷ്‌ട്ര താത്പര്യത്തിന് പ്രഥമ പരിഗണന എന്നത് മനസില്‍ സൂക്ഷിക്കണം.ആഴത്തിലുള്ള പ്രതിബദ്ധത, അചഞ്ചലമായ പ്രതിബദ്ധത, ദേശീയതയോടുള്ള സമര്‍പ്പണം എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം എല്ലാം വ്യവഹാരങ്ങളും. ചെറുപ്പത്തില്‍ തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ആ മാനസികാവസ്ഥ ശീലിപ്പിക്കണം.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ശ്രദ്ധേയമായ വിജയത്തിന് എല്ലാ സായുധ സേനാ വിഭാഗങ്ങള്‍ക്കും, ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം നമ്മുടെ ജനങ്ങള്‍ക്ക് നേരെയുള്ള ഏറ്റവും ക്രൂരമായ ആക്രമണമാണ് പഹല്‍ഗാമില്‍ ഉണ്ടായത്. സമാധാനവും ശാന്തിയും എന്ന നമ്മുടെ ധാര്‍മിക മൂല്യങ്ങള്‍ കൈവിടാതെ തന്നെ ആ ക്രൂരതയ്‌ക്ക് നല്കിയ ഉചിതവും ശ്രദ്ധേയവുമായ പ്രതികാരമായിരുന്നു അത്.
ഇപ്പോള്‍ ആരും തെളിവ് ആവശ്യപ്പെടുന്നില്ല. ലോകം അത് കണ്ടു, അംഗീകരിച്ചു. സായുധ സേനയും സൈനിക ശക്തിയും രാഷ്‌ട്രീയ ശക്തിയും തോളോട് തോള്‍ ചേര്‍ന്ന് നാശം ഭീകരതയ്‌ക്ക് വിതച്ചപ്പോള്‍, ഭാരതം സിന്ദൂരത്തോട് നീതി പുലര്‍ത്തുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: