തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലാ (കെടിയു) നടത്തിപ്പില്‍ മേല്‍ക്കൈ നേടാനായി സര്‍ക്കാര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചതില്‍ എതിര്‍പ്പുമായി സിന്‍ഡിക്കേറ്റംഗങ്ങള്‍. വൈസ് ചാന്‍സലറെ അറിയിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലയിലേക്ക് അന്വേഷകരെ അയച്ചതിലാണ് എതിര്‍പ്പ്. സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാനാണു സര്‍ക്കാരിന്റെ നീക്കമെന്നും ഈ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കിയെടുത്ത ബില്ലുകളെ സംശയത്തോടെ മാത്രമേ സമീപിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെംബര്‍ എ കെ അനുരാജ്, കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെംബര്‍മാരായ ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ എന്നിവര്‍ പ്രസ്താവിച്ചു.
ഇല്ലാത്ത നിയമം പ്രയോഗിക്കുകയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ചെയ്തത്. വൈസ് ചാന്‍സലറെ അറിയിക്കാതെ സര്‍വകലാശാലയുടെ നടത്തിപ്പില്‍ ഇടപെടുന്ന തെറ്റായ കീഴ്വഴക്കത്തിനു തുടക്കമിട്ട ഇടതു സര്‍ക്കാരിന്റെ നടപടി ഉന്നതവിദ്യാഭ്യാസ രംഗത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. കെടിയുവിലേത് ടെസ്റ്റ് ഡോസാണ്. ഇതു വിജയിച്ചാല്‍ മറ്റു സര്‍വകലാശാലകളില്‍ക്കൂടി നടപ്പാക്കാമെന്ന സൃഗാലബുദ്ധിയാണു പ്രവര്‍ത്തിക്കുന്നത്.
എസ് എഫ് ഐ നേതാവില്‍നിന്ന് അടിസ്ഥാനരഹിതമായ പരാതി എഴുതിവാങ്ങി നടപടിയുമായി മുന്നോട്ടുപോവുക വഴി മന്ത്രി ബിന്ദുവിന്റെ ഓഫീസ് ഇല്ലാത്ത അധികാരം പ്രയോഗിക്കാനാണു ശ്രമിക്കുന്നത്. ഇതിലൂടെ മന്ത്രിയുടെ ഓഫീസ് സ്വയം അപഹാസ്യമായിത്തീര്‍ന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള അന്വേഷണ നീക്കത്തിലൂടെ പരാതി സംബന്ധിച്ചു വ്യക്തത വരുത്താനോ വസ്തുതകള്‍ കണ്ടെത്താനോ സാധിക്കില്ല. മന്ത്രിയുടെ നടപടി കേവലം പ്രഹസനമായി അവസാനിക്കുകയേ ഉള്ളൂ.
മന്ത്രിമാരുടെ കൈകളില്‍ എത്തുന്ന പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ അന്വേഷിക്കുന്നതില്‍ അര്‍ഥമുള്ളൂ. അന്വേഷണം നടത്തുന്നതാവട്ടെ, അധികാരശ്രേണിയെ മാനിച്ചുകൊണ്ടു വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ആയിരിക്കണം. ഇതെല്ലാം അട്ടിമറിച്ചു നടത്തിയ നീക്കം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനേ സഹായകമാകൂ. രാഷ്‌ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ആര്‍ ബിന്ദു മന്ത്രിസ്ഥാനത്തിന്റെ മഹത്വം മറന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാവുകയും ജനാധിപത്യ വഴിയിലുള്ള പുരോഗമനത്തിനു തിരിച്ചടിയാവുകയും ചെയ്യും.
സര്‍വകലാശാലകളെ രാഷ്‌ട്രീയ കലാശാലകളാക്കുന്നതിനു മാത്രം ഉദ്ദേശിച്ചുള്ളതാണ് ഇടതു സര്‍ക്കാര്‍ തയ്യാറാക്കി നിയമസഭയില്‍ പാസാക്കിയെടുത്ത സര്‍വകലാശാലാ നിയമ (ഭേദഗതി) ബില്‍ എന്നു നിസ്സംശയം തെളിയിക്കുന്നതുകൂടിയാണ് ഈ സംഭവം. സര്‍വകലാശാലകള്‍ക്കു മേലുള്ള കടിഞ്ഞാണ്‍ പൂര്‍ണമായും പ്രോ ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിയുടെ നിയന്ത്രണത്തിലാക്കാനും ചാന്‍സലറെ നോക്കുകുത്തിയാക്കാനും ഉദ്ദേശിച്ചുള്ളതാണ് പ്രസ്തുത ബില്ലെന്ന് ഏതൊരാള്‍ക്കും വ്യക്തമാണ്.
സംസ്ഥാനത്തെ പൊതു സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലാത് ഈ ബില്ലിനെക്കുറിച്ച് ഏറെ പരാതികളും ആശങ്കകളും നിലനില്‍ക്കുകയുമാണ്. ഈ ബില്‍ നിയമമാകുന്നപക്ഷം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞതായി മാറുമെന്നും രാഷ്‌ട്രീയ നിയമനങ്ങളുടെ കേളീരംഗമായി സര്‍വകലാശാലകള്‍ മാറുമെന്നും ആരോപണമുണ്ട്. പൂര്‍ണമായും രാഷ്‌ട്രീയക്കാരുടെ കൈകളിലേക്ക് എത്തിച്ചേരുന്നതോടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ പൂര്‍ണമായും കൈവിടാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളെയും കോളജുകളെയും ബാധിക്കുന്ന ഇടതുസര്‍ക്കാരിന്റെ എല്ലാ നിയമനിര്‍മാണങ്ങളും നിയമഭേദഗതികളും സംശയാസ്പദമാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇടതുപക്ഷത്തിന്റെ കരാള ഹസ്തങ്ങളില്‍നിന്നു മോചിപ്പിച്ച് പുരോഗതിയിലേക്കു നയിക്കാന്‍ സമൂഹ മനഃസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അറിവിന്റെ പ്രഭ ചൊരിയുന്ന കേന്ദ്രങ്ങളായി സര്‍വകലാശാലകളെ നിലനിര്‍ത്താന്‍ ജനപിന്തുണയോടെ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും സിന്‍ഡിക്കേറ്റംഗങ്ങള്‍ സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: