ബുഡാപെസ്റ്റ് : സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം. മൂന്ന് പേര്‍ അഞ്ചര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഒടുവില്‍ ടൈബ്രേക്കറില്‍ മാക്സിം വാചിയര്‍ ലെഗ്രാവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യനാകുകയായിരുന്നു. സമ്മാനത്തുകയായി 66 ലക്ഷം രൂപയാണ് (77677 ഡോളര്‍) പ്രജ്ഞാനന്ദയ്‌ക്ക് ലഭിക്കുക.
“റൊമാനിയയിലെ ബുക്കാറസ്റ്റില്‍ സൂപ്പര്‍ ബെറ്റ് ക്ലാസിക് കിരീടം നേടുക. അവിശ്വസനീയമായ വികാരമാണത്” എന്നാണ് പ്രജ്ഞാനന്ദ സമൂഹമാധ്യമത്തില്‍ കുറിച്ചത്. പിന്തുണയ്‌ക്ക് സഹപ്രവര്‍ത്തകര്‍ക്കും ആരാധകമര്‍ക്കും പ്രജ്ഞാനന്ദ നന്ദി അറിയിച്ചു. തന്റെ കോച്ചായ ആര്‍.ബി. രമേഷിനും തന്നെ കളികള്‍ വിശകലനം ചെയ്ത് സഹായിച്ച ഗ്രാന്‍റ്മാസ്റ്റര്‍ വല്ലഭ് സൂരിയ്‌ക്കും പ്രജ്ഞാനന്ദ പ്രത്യേകം നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ബുക്കാറെസ്റ്റില്‍ പ്രജ്ഞാനന്ദ ഫൈനലില്‍ എത്തിയിരുന്നു. പക്ഷെ അന്ന് ടൈ ബ്രേക്കറില്‍ യുഎസിന്റെ ഫാബിയാനോ കരുവാനയോട് തോല്‍വി ഏറ്റുവാങ്ങി രണ്ടാം സ്ഥാനക്കാരനായി. ഇക്കുറി ഈ തമിഴ്നാട്ടുകാരന്‍ എതിരാളികളെ നിഷ്പ്രഭനാക്കിയാണ് കിരീടം നേടിയത്.
19കാരനായ പ്രജ്ഞാനന്ദ 2025ല്‍ നേടുന്ന രണ്ടാമത്തെ കിരീടമാണ് സൂപ്പര്‍ബെറ്റ് റൊമാനിയ 2025. ഇതിന് മുന്‍പ് ടാറ്റ സ്റ്റീല്‍ ചെസ്സിലും പ്രജ്ഞാനന്ദ ചാമ്പ്യനായി. അന്ന് ഗുകേഷിനെയാണ് ടൈബ്രേക്കറില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചത്.
അവസാനറൗണ്ടായ ഒമ്പതാം റൗണ്ടില്‍ പ്രജ്ഞാനന്ദയും ലെവോണ്‍ ആരോനിയനും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ പ്രജ്ഞാനന്ദയ്‌ക്ക് അഞ്ചര പോയിന്‍റായി. മാക്സിം വാചിയര്‍ ലെഗ്രാവും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയും അഞ്ചര പോയിന്‍റ് വീതം നേടിയതോടെ ഒന്നാം സ്ഥാനം ടൈ ആയി. ഇതോടെ ടൈ ബ്രേക്കറില്‍ ഇവര്‍ മൂന്ന് പേരും പോരാടുകയായിരുന്നു.
ടൈബ്രേക്കര്‍ മത്സരത്തില്‍ പ്രജ്ഞാനന്ദയും അലിറെസ ഫിറൂഷയും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. അതുപോലെ മാക്സിം വാചിയെര്‍ ലെഗ്രാവും അലിറെസ ഫിറൂഷയും തമ്മിലും സമനിലയിലാണ്.
ആദ്യത്തെ റൗണ്ടില്‍ സമനിലയായതിനാല്‍ ടൈ ബ്രേക്ക് ചെയ്യാന്‍ മത്സരം ബ്ലിറ്റ്സ് ചെസ്സിലേക്ക് നീങ്ങുകയായിരുന്നു. പൊതുവേ വേഗക്കളിയില്‍ മിടുക്കനായ പ്രജ്ഞാനന്ദയ്‌ക്ക് ഇവിടെ കാര്യങ്ങള്‍ എളുപ്പമായി. സിമട്രിക്കല്‍ ഇംഗ്ലീഷ് ഓപ്പണിംഗ് ശൈലിയിലാണ് ഇരുവരും കളിച്ചത്. വെളുത്ത കരുക്കള്‍ ഉപയോഗിച്ച് മാക്സിം വാചിയെര്‍ ലെഗ്രാവിനെ തോല്‍പിക്കുകയായിരുന്നു പ്രജ്ഞാനന്ദ. ഇതോടെ പ്രജ്ഞാനന്ദ ചാമ്പ്യനായി. ഏകദേശം 66 ലക്ഷം രൂപയാണ് പ്രജ്ഞാനന്ദയ്‌ക്ക് ലഭിക്കുന്ന സമ്മാനത്തുക.
രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഫ്രഞ്ച് താരങ്ങള്‍ നേടി. രണ്ടാം സ്ഥാനം അലിറെസ ഫിറൂഷയും മൂന്നാം സ്ഥാനം മാക്സിം വാചിയെര്‍ ലെഗ്രാവും നേടി.
ഒമ്പതാം റൗണ്ടില്‍ അലിറെസ ഫിറൂഷ ബോഗ്ദാന്‍ ഡാനിയല്‍ ഡീകിനെ തോല്‍പിച്ചപ്പോള്‍ മാക്സിം വാചിയര്‍ ലെഗ്രാവ് ജാന്‍ ക്രിസ്റ്റഫ് ഡൂഡയെയും തോല്‍പിച്ചതോടെയാണ് അലിറെസയും മാക്സിം വാചിയര്‍ ലെഗ്രാവും അഞ്ചര പോയിന്‍റ് വീതം നേടുകയായിരുന്നു. അതേ സമയം ഗുകേഷും ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഫാബിയാനോ കരുവാനയ്‌ക്ക് അഞ്ചു പോയിന്‍റ് മാത്രമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: