തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി റോഡ് പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 1538 കോടിയുടെ പദ്ധതിയില്‍ 500 കോടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ബാക്കി തുക കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി കൃത്യമായ രൂപകല്‍പ്പന നടത്തി പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ കേന്ദ്രത്തെ ഒഴിവാക്കി പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. ഇതിനായി ഉദ്ഘാടന പരിപാടിയില്‍ നിന്നും കേന്ദ്രത്തെ ഒഴിവാക്കി മേനി നടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങളിലെ 25 നഗരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നും കൊച്ചിയെയും തിരുവനന്തപുരത്തെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പദ്ധതിയുടെ മുഴുവന്‍ തുകയും കേന്ദ്രം നല്‍കി കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കിയിട്ടും സംസ്ഥാന പദ്ധതിയാക്കി ഇതിനെ മാറ്റിയെന്നും സര്‍ക്കാര്‍ നടത്തുന്നത് തികഞ്ഞ അവഹേളനമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്. ഇതിന് പേര് മാറ്റി കേരള സര്‍ക്കാരിന്റെ പദ്ധതിയായി അവതരിപ്പിച്ചു. അതുപോലെ പല പദ്ധതികളും അട്ടിമറിച്ചു. പല കേന്ദ്രപദ്ധതികളും നടപ്പാക്കുന്നില്ല. പലതും പേര് മാറ്റി വികലമാക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
ഒമ്പത് വര്‍ഷം ഭരിച്ച പിണറായി സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണ് ഈ ഒമ്പത് വര്‍ഷം കൊണ്ട് അവര്‍ സൃഷ്ടിച്ചത്. അതുകൊണ്ട് വ്യാജപ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകമാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കൊണ്ട് പല സംസ്ഥാനങ്ങളും വികസിക്കുമ്പോള്‍ കേരളം ഇഴഞ്ഞു നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ റെയില്‍വേ 55 മേല്‍പാലങ്ങള്‍ നിര്‍മിക്കാന്‍ പോവുകയാണ്. അതിനും സംസ്ഥാന സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചേക്കും. ജാള്യത മറക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നാലാം വാര്‍ഷിക മാമാങ്കത്തിന്റെ ഭാഗമാണ് ഇത്തരം നീക്കം. അമൃത് പദ്ധതി ഫണ്ട് പോലും സര്‍ക്കാര്‍ വകമാറ്റി ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള വഞ്ചന വിലപ്പോകില്ല. കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നടപടി തികഞ്ഞ അല്‍പ്പത്തരമാണെന്നും, ഉദ്ഘാടനം അര്‍ത്ഥമില്ലാതെ പോകുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: