നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണെന്ന് 2004–ൽ ഫുഡ് ആൻഡ് ഫങ്ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കാനും ഇവയ്‌ക്കു സാധിക്കുന്നു. പ്രമേഹം മൂലം പിടിപെടാൻ സാധ്യതയുള്ള ഹൃദയരോഗങ്ങൾ, ഡയബറ്റിക് ന്യൂറോപ്പതി എന്നിവയുടെ ചികിത്സയ്‌ക്കായും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.
ഉയർന്ന കൊളസ്ട്രോൾ മൂലം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ മതിയാകും. ഇതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. മെനപ്പോസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് നെല്ലിക്കജ്യൂസ് ദിവസവും കുടിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ ലെവൽ കുറയുകയും നല്ല കൊളസ്ട്രോൾ ലെവൽ കൂടുകയും ചെയ്യുമെന്നാണ്. നെല്ലിക്കയിലുള്ള മെഡിസിനൽ, തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.
കാൻസറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്റീവ് എഫക്ട് നെല്ലിക്കയ്‌ക്കുണ്ട്. ഇവയിലുള്ള ആന്റി ഓക്സിഡന്റുകളും ആന്റിമ്യൂട്ടാജെനിക്കുകളും അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു.
ഇടയ്‌ക്കിടെ വായ്‌ക്കകത്ത് ഉണ്ടാകാൻ സാധ്യതയുള്ള അൾസറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്‌ക്കുണ്ട്. ഇവയിലുള്ള ആന്റിഓക്സിഡന്റുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അൾസറിന് ശമനം ഉണ്ടാക്കുന്നത്.
നെല്ലിക്കയിലുള്ള വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ഇടതൂർന്ന കറുത്ത മുടിയിഴകൾ സ്വന്തമാക്കാൻ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്സിഡേറ്റീവ് ഘടകങ്ങൾ ചർമകാന്തി വർധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങൾ അകറ്റുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: