ന്യൂഡൽഹി: ഇന്ത്യ – പാക് സംഘർഷം രൂക്ഷമായതോടെ ലോകം ഉറ്റുനോക്കിയത് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷിയായിരുന്നു. ഇന്ത്യ ഉപയോഗിക്കുന്നതിൽ കൂടുതലും റഷ്യയുടെയും ഫ്രാൻസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെയും ആയുധങ്ങളായിരുന്നു. എന്നാൽ, പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചതിലേറെയും ചൈനയുടെയും തുർക്കിയുടെയും ആയുധങ്ങളും.
ആയുധ വ്യാപാര രംഗത്ത് നടക്കുന്ന മത്സരത്തിൽ ഏത് ആയുധങ്ങൾക്കാണ് കൂടുതൽ പ്രഹരശേഷി എന്നറിയാൻ ലോകത്തിനും പ്രത്യേക താത്പര്യമുണ്ടായിരുന്നു. അതിനാൽതന്നെ, ഇന്ത്യാ – പാക് സംഘർഷത്തെ ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി പോലും വ്യാഖ്യാനിക്കപ്പെട്ടു.ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.
ഇതിനു പിന്നാലെ, ചൈനയുടെയും തുർക്കിയുടെയും ആയുധങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്കുനേരേ ആക്രമണം നടത്തുകയായിരുന്നു. പാകിസ്ഥാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ – മിസൈൽ ആക്രമണങ്ങളെയെല്ലാം ഒന്നുവിടാതെ ഇന്ത്യ നിഷ്പ്രഭമാക്കി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ തക്ക ശക്തിയുള്ളവയായിരുന്നില്ല ഈ ആയുധങ്ങളൊന്നും. ഇതോടെ സൈനികമായും രാഷ്‌ട്രീയമായും പാകിസ്ഥാന് തിരിച്ചടി നേരിട്ടു.
അതേസമയം, ചൈനക്കും വലിയ സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടായത്. ചൈനയുടെ ആയുധങ്ങൾ ഇന്ത്യ തകർത്തതോടെ ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികളിൽ വലിയ ഇടിവാണുണ്ടായത് എന്നാണ് റിപ്പോർട്ട്. ചൈനയുടെ ജെ-10സി ഫൈറ്റർ ജെറ്റ് വിമാനങ്ങളുടെ നിർമാതാക്കളായ Avic Chengdu Aircraft Co ഓഹരികൾ ഇന്നലെ മാത്രം ഒൻപത് ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ് സർക്കാരിനു കീഴിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപറേഷൻ ഓഹരികൾ നാലു ശതമാനം താഴ്ന്നു.
പാക് നാവികസേനയ്‌ക്ക് ഈ കമ്പനി മിലിറ്ററി കപ്പലുകൾ നിർമിച്ചു നല്കുന്നുണ്ട്. സൈന്യത്തിനായി ഇലക്ട്രോണിക് ഘടകങ്ങൾ നിർമിക്കുന്ന Zhuzhou Hongda Electronics Corp Ltd ലിമിറ്റഡ് ഓഹരികൾ ആറുശതമാനവും ഇടിഞ്ഞു. 2019-2023 കാലഘട്ടത്തിൽ പാകിസ്ഥാൻ വാങ്ങിയ 82 ശതമാനം ആയുധങ്ങളും ചൈനയിൽ നിന്നാണ്. 2009-2012 കാലഘട്ടത്തെ 51 ശതമാനത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. ആയുധങ്ങൾക്കായി ചൈനയെയും തുർക്കിയെയുമാണ് പാകിസ്ഥാൻ കൂടുതലായി ആശ്രയിക്കുന്നത്.
അതേസമയം, ഇന്ത്യൻ പ്രതിരോധ ഓഹരികൾ കുതിക്കുകയാണ്. പാകിസ്ഥാന് ശക്തമായ മറുപടി നല്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ഇന്നലെ ഇന്ത്യൻ പ്രതിരോധ ഓഹരികൾക്ക് കരുത്തായത്. പ്രതിരോധ ഓഹരികളെല്ലാം മിന്നും പ്രകടനമാണ് നടത്തുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics-BEL) ഓഹരിവില 4.5 ശതമാനം ഉയർന്നു. ഭാരത് ഡൈനാമിക്‌സ് (Bharat Dynamics) ഇന്ന് 7.8 ശതമാനമാണ് നേട്ടം കൊയ്തത്. ഹിന്ദുസ്ഥാൻ എയറനോട്ടിക്‌സ് (Hindustan Aeronautisc), മസഗോൺ ഡോക് (Mazagon Dock Shipbuilders) എന്നീ ഓഹരികൾ നാലു ശതമാനം വീതവും ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: