തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച സംഭവത്തില്‍ അഡ്വ. ബെയിലിന്‍ ദാസിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ചെന്നാണ് എഫ്‌ഐആറിലുളളത്.മുഖത്തടിച്ച് നിലത്തുവീഴ്‌ത്തി, എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മുഖത്തടിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. അഡ്വ. ബെയിലിന്‍ ദാസ് ഒളിവിലാണ്.
അതിനിടെ, ജൂനിയര്‍ വനിതാ അഭിഭാഷകയെ അതിക്രൂരമായി മര്‍ദിച്ച അഡ്വ. ബെയിലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. മര്‍ദനമേറ്റ അഭിഭാഷകയ്‌ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു. നിയമപരമായ എല്ലാ സഹായവും യുവതിക്ക് നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
മുഖത്തിന് ഗുരുതര പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഓഫീസിലെ ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ട് സീനിയര്‍ അഭിഭാഷകനായ അഡ്വ. ബെയിലിന്‍ ദാസിനെ കാണാന്‍ കാബിനില്‍ എത്തിയപ്പോഴാണ് മുഖത്തടിച്ചത്. അടിയില്‍ നിലത്ത് വീണെങ്കിലും ഏഴുന്നേല്‍പ്പിച്ച് വീണ്ടും പൊതിരെ തല്ലിയതോടെ താന്‍ തലകറങ്ങി വീണെന്ന് ശ്യാമിലി പറഞ്ഞു.
അഡ്വ. ബെയിലിന്‍ ദാസ് പെട്ടെന്ന് പ്രകോപിതനാകുന്നയാളാണെന്നും നേരത്തെയും മര്‍ദനമേറ്റിട്ടുണ്ടെന്നും അഡ്വ. ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. ദേഷ്യത്തില്‍ പ്രതികരിച്ചിട്ട് പെട്ടെന്ന് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകും. മുഖത്തേക്ക് ഫയലുകള്‍ വലിച്ചെറിയും. എല്ലാവരുടെയും മുന്നില്‍ വച്ച് മര്‍ദിക്കുമെന്നും അഡ്വ. ശ്വാമിലി ജസ്റ്റിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: