തിരുവനന്തപുരം: ആരോഗ്യ രംഗത്ത് സംയോജിത ചികിത്സാ രീതിക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസല്‍ഖാന്‍. ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ രണ്ടാം ദിനം രാവിലെ നടന്ന മെഡിക്കല്‍ ആന്റ് വെല്‍നെസ് ടൂറിസത്തിന്റെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിംസ് മെഡിസിറ്റിയില്‍ നെഫ്‌റോജിയും നാച്ചുറോപതിയും കൂടിച്ചേര്‍ത്ത് ചികിത്സിക്കുമ്പോള്‍ രോഗികള്‍ക്ക് അദ്ഭുതാവഹമായ ഫലം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ വാതരോഗ ചികിത്സയ്‌ക്കൊപ്പം യോഗയും കലര്‍ത്തുമ്പോഴും ഇതേ ഫലമാണ് ലഭിക്കുന്നത്. ഇത്തരം സംയോജിത ചികിത്സാ രീതികള്‍ അവലംഭിക്കുന്നതിന് പൊതുജനങ്ങളും ആശുപത്രികളും തമ്മിലുള്ള ബന്ധം ദൃഢമാകണം.
ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹെല്‍ത്ത് ടൂറിസമാണ് ഇന്ത്യയുടേത്. ഹെല്‍ത്ത് ടൂറിസത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആയുര്‍വേദമാണ്. ആയുര്‍വേദ ചികിതിസയ്‌ക്ക് എത്തുന്ന വിദേശികളുടെ എണ്ണം വളരെക്കൂടുതലാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ചികിത്സയ്‌ക്കായി എത്തുന്ന വിദേശികളുടെ എണ്ണം കുറവാണ്. കൂടുതല്‍ വിദേശികളെ ഹെല്‍ത്ത് ടൂറിസത്തിലേക്ക് കൊണ്ടുവരാന്‍ വിദേശരാജ്യങ്ങളില്‍ കുടുതലായി ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കണമെന്നും എം.എസ് ഫൈസല്‍ഖാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: