പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ലാഹോറിൽ വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതോടെ സൈറണുകൾ മുഴങ്ങി, ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്ന് റോയിട്ടേഴ്‌സും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ‘സിന്ദൂർ’ എന്ന ഓപ്പറേഷനിൽ ഇന്ത്യ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം.
വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നതും പുക മേഘങ്ങൾ കാണുന്നതായും ദൃശ്യങ്ങളിൽ കാണാം.
ലാഹോറിലെ ആഡംബരപൂർണ്ണമായ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിനോടും ലാഹോർ ആർമി കന്റോൺമെന്റിനോടും ചേർന്നാണ് ഈ പ്രദേശം. സിയാൽകോട്ട്, ലാഹോർ വിമാനത്താവളങ്ങളിലെ വിമാന സർവീസുകളും നിർത്തിവച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: