ടെല്‍ അവീവ്: ഹമാസിനെതിരായ പോരാട്ടം ശക്തമാക്കി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേല്‍ അംഗീകാരം നല്കി. ഗാസയിലെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഏകകണ്ഠമായാണ് അംഗീകരിച്ചത്. പദ്ധതി നടപ്പാക്കുന്നതിനായി റിസര്‍വിലുള്ള പതിനായിരക്കണക്കിന് സൈനികരോട് യുദ്ധ രംഗത്തേക്കിറങ്ങാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ തിരികെ കൊണ്ടുവരികയും ഹമാസ് ഭീകരരെ പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് ഇസ്രയേല്‍ സൈന്യം (ഐഡിഎഫ്) പറഞ്ഞു. അതേസമയം പുതിയ നീക്കം തടവിലാക്കപ്പെട്ട ബന്ദികളുടെ ജീവന് അപടത്തിലാക്കാമെന്ന മുന്നറിയിപ്പുമുണ്ട്. അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പ്രദേശം സന്ദര്‍ശിച്ചതിനുശേഷം മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നും അതുവരെ ഹമാസുമായി വെടിനിര്‍ത്തലും ബന്ദിമോചന കരാറും പാലിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.
സാധാരണക്കാരെ തെക്കന്‍ ഗാസയിലേക്ക് മാറ്റി നിയന്ത്രണം പൂര്‍ണമായും ഐഡിഎഫ് ഏറ്റെടുക്കും. മാനുഷിക സഹായം നടത്താന്‍ ഹമാസിനെ അനുവദിക്കില്ല. ഭൂമിക്ക് മുകളിലും താഴെയുമുള്ള ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുന്നതാണ് പുതിയ പദ്ധതിയെന്നും ഐഡിഎഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു. മാര്‍ച്ച് 18ന് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം ഇതുവരെ ഒരു ബന്ദിയേയും മോചിപ്പിക്കാനായിട്ടില്ല. രണ്ട് മാസമായി മാനുഷിക സഹായങ്ങളടക്കം തടഞ്ഞുകൊണ്ടാണ് ഇസ്രയേല്‍ ഹമാസിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: