ഇസ്ലാമബാദ് : സിന്ധുനദീജലം പാകിസ്ഥാന് നല്കുന്ന കരാര്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ ഭീഷണി പാകിസ്ഥാനെ വേദനിപ്പിച്ചു തുടങ്ങി. അതിന് തെളിവാണ് ഈ തീരുമാനം നടപ്പാക്കിയാല്‍ ഇന്ത്യയോട് പകരം വീട്ടുമെന്നുള്ള പാകിസ്ഥാന് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിന്റെ പ്രസ്താവന. സിന്ധുനദീജലം കിട്ടാതെ വന്നാല്‍ ഇപ്പോഴേ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നുകിടക്കുന്ന പാകിസ്ഥാന് അനുഭവിക്കാന്‍ പോകുന്ന ഭീഷണി മുന്‍കൂട്ടികണ്ടുകൊണ്ടുള്ള ഭയം മുഴുവന്‍ പാകിസ്ഥാന് മന്ത്രിയുടെ വാക്കുകളില്‍ കാണാം. ഇനി ഒരു കര്‍ഷകരുടെ കലാപം കൂടി താങ്ങാനുള്ള ശേഷി പാകിസ്ഥാനില്ലെന്ന് പാക് പ്രതിരോധമന്ത്രിക്ക് നന്നായി അറിയാം. അതായത് മോദിയുടെ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രം ഫലിച്ചുവെന്ന് അര്‍ത്ഥം.
ഇന്ത്യയുടെ ഉയരത്തിലുള്ള പ്രദേശത്ത് നിന്നും പാകിസ്ഥാനിലെ താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിലേക്കാണ് സിന്ധുനദി ഒഴുകുന്നത് എന്നതിനാല്‍ യുദ്ധത്തില്‍ പാകിസ്ഥാനെ വരള്‍ച്ചയിലേക്ക് നയിക്കാനോ പാകിസ്ഥാനില്‍ വെള്ളപ്പൊക്കമുണ്ടാക്കാനോ ഇന്ത്യയ്ക്ക് സാധിക്കും. എന്തായാലും ഇന്ത്യയുടെ ഈ ഭീഷണി മര്‍മ്മത്തില്‍ തട്ടിയിരിക്കുന്നു എന്നതിന് ഉദാഹരണമാണ് പാകിസ്ഥാന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ശനിയാഴ്ചത്തെ പ്രസ്താവന.
സിന്ധുനദിയിലെ ജലം കിട്ടാതെ പാകിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ വരള്‍ച്ച കണ്ടുതുടങ്ങിയതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ട് ദിവസങ്ങളായി. ഇതെല്ലാം അറിഞ്ഞിട്ടും ഇന്ത്യയ്ക്കെതിരെ പൊള്ളയായ ഭീഷണി മുഴക്കി പാകിസ്ഥാനിലെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് ഖ്വാജാ ആസിഫിന്റെ വാദം.
സിന്ധുനദിയില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലം തടയാന്‍ ഇന്ത്യ ഡാം കെട്ടിയാല്‍ അത് പാകിസ്ഥാന് സൈന്യം ബോംബിട്ട് തകര്‍ക്കുമെന്നും ഖ്വാജാ ആസിഫ് ഭീഷണിപ്പെടുത്തുമ്പോള്‍ ഇന്ത്യയ്ക്ക് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. കാരണം സിന്ധുനദീജലം കിട്ടാതെ പാകിസ്ഥാന്റെ ചില മേഖലകളിലെ കൃഷിക്കളങ്ങള്‍ വരണ്ടു തുടങ്ങിക്കഴിഞ്ഞിട്ടാണ് പാകിസ്ഥാന് പ്രതിരോധമന്ത്രിയുടെ വീമ്പിളക്കല്‍.
ഈ കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകബാങ്ക് പോലും എതിര്‍ത്തില്ലെന്നതാണ് സത്യം. പാകിസ്ഥാന് വാരിക്കോരി മുന്‍കാലങ്ങളില്‍ വായ്പകള്‍ നല്‍കിയിട്ടുള്ള കടങ്ങള്‍ ലോകബാങ്കിന് തിരിച്ചുപിടിക്കണമെങ്കില്‍ പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ പരിപോഷിച്ചേ മതിയാവൂ. പാകിസ്ഥാന്റെ സമ്പദ് ഘടനയുടെ 24 ശതമാനം വരുമാനം വരുന്നത് കൃഷിയില്‍ നിന്നാണ്. ഈ കൃഷിയാണ് സിന്ധുനദീജലം കിട്ടാതെ തളരുന്നത്. പാകിസ്ഥാനില്‍ കാര്‍ഷികാവശ്യത്തിനുള്ള 80 ശതമാനം ജലവും സിന്ധുനദിയില്‍ നിന്നാണ്. അതാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനും സിന്ധുനദീജലം ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിസ്ഥലങ്ങളെയാണ് ബാധിക്കുക. പഞ്ചാബാണ് പാകിസ്ഥാന് വേണ്ട 85 ശതമാനം കാര്‍ഷികാവശ്യങ്ങളും നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: