കാനഡയില്‍ മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്തയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അധികാരത്തില്‍ ഉണ്ടായിരുന്നത് ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ തന്നെയായിരുന്നെങ്കിലും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പ്രഖ്യാപിത ഭാരതവിരുദ്ധനായിരുന്നു. ഭാരത വംശജരായ സിഖ് തീവ്രവാദികളുടെ സ്വാധീനത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങി അനാവശ്യമായ പല വിവാദങ്ങളും ട്രൂഡോ ഉണ്ടാക്കി. ഇതേ തുടര്‍ന്ന് ചില കടുത്ത നടപടികള്‍ ഭാരതത്തിനും സ്വീകരിക്കേണ്ടി വന്നു. ലിബറല്‍ പാര്‍ട്ടി നേതാവ് തന്നെയായ മാര്‍ക്ക് കാര്‍ണി ഈ അന്തരീക്ഷത്തിന് മാറ്റംവരുത്തുമെന്നാണ് പൊതുവെ കരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കാര്‍ണിയെ അഭിനന്ദിച്ചത് ഇതിന് തെളിവാണ്. മാര്‍ക്ക് കാര്‍ണിയുടെ വിജയത്തോടെ ഭാരതവും കാനഡയും തമ്മിലെ ബന്ധം മെച്ചപ്പെടാനാണ് എല്ലാ സാധ്യതയും.
കാനഡ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് കാര്‍ണിയും ലിബറല്‍ പാര്‍ട്ടിയും നേടിയ വിജയം ഭാരതവും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമാവും. രാഷ്ട്രീയത്തില്‍ പുതുമുഖമായ കാര്‍ണി, തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാരതവുമായുള്ള ഊഷ്മള ബന്ധം പുനഃസ്ഥാപിക്കുന്നത് പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു. കാനഡയ്ക്ക് വേണ്ടത് സ്വഭാവസാദൃശ്യമുള്ള രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ വിപുലമാക്കലാണെന്നും, ഭാരതവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരം ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കാര്‍ണി പ്രഖ്യാപിക്കുകയുണ്ടായി.
ഹര്‍ദീപ് സിങ് നിജ്ജാറെന്ന ഖാലിസ്ഥാനി ഭീകരനെ കാനഡയിലെ ഒരു ഗുരുദ്വാരയ്ക്കു പുറത്തുവച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയതില്‍ ഭാരതത്തിന് പങ്കുണ്ടെന്ന ട്രൂഡോ സര്‍ക്കാരിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും ബന്ധം ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ആരോപണങ്ങളെ ഭാരതം ശക്തമായി നിഷേധിക്കുകയുണ്ടായി. കാനഡയില്‍ നിന്ന് ആറ് ഭാരത അംബാസഡര്‍മാരെ ട്രൂഡോ പുറത്താക്കിയതിനോടുള്ള പ്രതികരണമായി ഭാരതവും ഉന്നത കനേഡിയന്‍ പ്രതിനിധികളെ നാടുകടത്തുകയും, വ്യാപാര ചര്‍ച്ചകളും ഔദ്യോഗിക സന്ദര്‍ശനങ്ങളും നിര്‍ത്തിവയ്ക്കുകയും ചെയ്തു.
കാനഡയിലെ സിഖ് സമൂഹത്തില്‍ ഭീകരവാദം ശക്തമാണെന്നും, ഇത് ചെറുക്കുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ അനാസ്ഥ കാട്ടിയെന്നും ഭാരതം ആരോപിക്കുകയുണ്ടായി. കാര്‍ണിയുടെ നേതൃത്വത്തില്‍ നിന്ന് ഇതിന് ഭിന്നമായ സമീപനമാണ് ഭാരതം പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സിഖു ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയുടെ നേതാവ് ജഗ്മിത് സിങ് പരാജയപ്പെട്ടതും ശ്രദ്ധേയമാണ്.
അറുപതുകാരനായ മാര്‍ക്ക് കാര്‍ണി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരാണ്. ട്രംപ് നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, അതുവഴി കാനഡയെ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാര്‍ണി പ്രസ്താവിക്കുകയുണ്ടായി. കാനഡയുടെ പ്രധാന വ്യാപാര പങ്കാളിയായ അമേരിക്കയില്‍ നിന്നുള്ള ഭീഷണികളോട് പ്രതികരിക്കാനായി വിദേശ ബന്ധങ്ങള്‍ പുനഃസംഘടിപ്പിക്കണമെന്നു പറഞ്ഞ കാര്‍ണി ഭാരതത്തെയാണ് പ്രധാന പങ്കാളിയായി കാണുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പുതിയ സര്‍ക്കാരുണ്ടാക്കുന്ന കാര്‍ണിയെ അഭിനന്ദിക്കുകയും, രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ അവസരങ്ങള്‍ വിപുലമാക്കാനുള്ള ആഗ്രഹം പ്രകടമാക്കുകയും ചെയ്തത്.
വിദേശങ്ങളില്‍ നിന്നുള്ള ഖാലിസ്ഥിനി ഭീകരവാദത്തിന്റെ പ്രചാരണവും ധനശേഖരണവും പ്രവര്‍ത്തനങ്ങളും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഭാരതം കരുതുന്നു. സിഖ് ഭീകരവാദികള്‍ കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങളില്‍ ട്രൂഡോ സര്‍ക്കാര്‍ വ്യക്തമായ നടപടിയെടുക്കാത്തതില്‍ ഭാരതം ആശങ്ക അറിയിച്ചിരുന്നു. ഈ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ട്രൂഡോ ഭരിച്ചിരുന്നത്.
ഭാരതത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കാനഡയിലെ ഏറ്റവും വലിയ ജനവിഭാഗങ്ങളില്‍ ഒന്നാണ്. 28 ലക്ഷത്തോളം ഭാരതീയര്‍ കാനഡയിലുണ്ട്. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, സ്ഥിരതാമസക്കാര്‍ എന്നിവരാണിത്. വിദ്യാര്‍ത്ഥികള്‍ മാത്രം നാലര ലക്ഷത്തോളമുണ്ട്. കാര്‍ണി ഉദാരമായ കുടിയേറ്റ നയങ്ങള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കില്‍ഡ് പ്രൊഫഷണലുകള്‍, ടെക് മേഖലയിലെ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ മേഖലകളില്‍ ഇത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാവുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: