തിരുവനന്തപുരം: ലോട്ടറികളുടെയും സമ്മാനങ്ങളുടെയും പേരിലുള്ള തട്ടിപ്പുകള്‍ പ്രതിദിനം പുതിയ രൂപങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നതായും അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. സ്നാപ്ഡീല്‍ എന്ന ജനപ്രീതിനേടിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണ്‍ രജിസ്റ്റര്‍ഡ് ആയി അയച്ചുനല്‍കിയാണ് തട്ടിപ്പിന്റെ തുടക്കം. സമ്മാനം ലഭിച്ച കൂപ്പണ്‍ ആയിരിക്കും അത്. തുടര്‍ന്ന് സ്നാപ്ഡീലില് നിന്നെന്ന വ്യാജേന മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് സമ്മാനത്തുക കൈപ്പറ്റേണ്ട മാര്‍ഗങ്ങളെ കുറിച്ച് തട്ടിപ്പുകാര്‍ വിശദമാക്കുന്നു. തുക ലഭിക്കുന്നതിനായി നികുതി ഇനത്തില്‍ സമ്മാനം ലഭിച്ച തുകയുടെ നിശ്ചിത ശതമാനം മുന്‍കൂട്ടി അടയ്ക്കാനായി ആവശ്യപ്പെടുന്നു. ഇങ്ങനെ നികുതിയുടെ പേരില്‍ പണം തട്ടിപ്പുകാര്‍ കവരുന്നു.
പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകള്‍ നടത്തുമ്പോഴും മറ്റും ലഭ്യമാക്കുന്ന വിവരങ്ങള്‍, പൊതുയിടങ്ങളില്‍ പലപ്പോഴും ലഭിക്കുന്ന സ്ക്രാച്ച് ആന്‍ഡ് വിന് പോലുള്ള കൂപ്പണുകളിലും മറ്റും പൂരിപ്പിച്ച് നല്കുന്ന വിവരങ്ങള്‍ എന്നിവ ശേഖരിച്ചാണ് തട്ടിപ്പുകാര്‍ നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ മനസ്സിലാകുന്നത്.
സമ്മാനങ്ങള്‍ക്കായി ഒരു സ്ഥാപനവും മുന്‍കൂറായി പണമടയ്ക്കാന്‍ ആവശ്യപ്പെടാറില്ല. യഥാര്‍ത്ഥ സമ്മാനങ്ങളെ തിരിച്ചറിഞ്ഞ് തട്ടിപ്പുകളില്‍ വഞ്ചിതരാകാതെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ ഇരയാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: