തിരുവനന്തപുരം: കേരളം രൂപപ്പെടുന്നതിനു മുമ്പുതന്നെ തിരുവിതാംകൂറിലെ ചരിത്രത്തിന്റെ ഭാഗമായി മാറിയ നദിയാണ് കിള്ളിയാറെന്ന് മുന്‍ കളക്ടര്‍ എം.നന്ദകുമാര്‍ പറഞ്ഞു. നദികളെ ദ്രോഹിച്ചാല്‍ നദികള്‍ ശക്തമായി തിരിച്ചടിക്കും. ഇത് പ്രളയത്തിന്റെയോ വരള്‍ച്ചയുടെയോ രീതിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാമ്മൂല സംഘടിപ്പിച്ച നദീവന്ദന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല്പത് വര്‍ഷം മുമ്പ് വട്ടിയൂര്‍ക്കാവ് ബ്ലോക്ക് ഓഫീസറായിരുന്ന കാലം മുതല്‍ കിളളിയാറിന്റെ നവീകരണത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും ഫലവത്തായില്ല. പ്രകൃതിയുടെ പ്രതിഭാസത്തില്‍ നദികളുടെ ഭാവമാറ്റം വലിയ വിപത്തുകള്‍ക്ക് വഴിയൊരുക്കും. നദികളെ സംരക്ഷിക്കാന്‍ നമ്മള് ഓരോരുത്തരും വിചാരിക്കേണ്ടതുണ്ട്. നദികളുടെ സംരക്ഷണത്തിന് ശരിയായ ബോധവത്കരണം അനിവാര്യമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളും ഉചിതമായി പ്രവര്‍ത്തിക്കണമെന്നും നന്ദകുമാര്‍ പറഞ്ഞു. കൗണ്‍സിലര്‍ നന്ദഭാര്ഗ്ഗവന് അധ്യക്ഷത വഹിച്ചു.
മുന്‍ ഐജി എസ്.ഗോപിനാഥ്, ജലമിഷന്‍ മുന്‍ ഡയറക്ടര്‍ സുബാഷ് ചന്ദ്ര ബോസ്, എം.ആര്.രാജീവ്, ബാബു എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര സംരക്ഷണ മാതൃസമിതി ജില്ലാ സെക്രട്ടറി അജിതകുമാരി പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് നദീ പൂജയും വൃക്ഷതൈ നടലും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: