ന്യൂയോർക്ക്: കശ്മീരിലെ പഹൽഗാമിൽ മതഭീകരതയിൽ നടന്ന കൂട്ടക്കൊലയെ ന്യൂയോർക്കിലെ മലയാളി ഹിന്ദു മണ്ഡലം (മഹിമ ) പ്രവർത്തകർ ശക്തമായി അപലപിച്ചു .
ഒരു സ്വതന്ത്ര രാജ്യത്തെ സാധാരണ മനുഷ്യരുടെ, സമാധാനത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കൊടും ഭീകരരുടെ കടന്നു കയറ്റമാണ് കഴിഞ്ഞ ദിവസം കാശ്മീർ പഹൽഗാമിൽ നടന്നതെന്ന് മഹിമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും, ബോർഡ് ഓഫ് ട്രസ്റ്റിയും ചേർന്ന സംയുക്ത യോഗം വിലയിരുത്തി.
ലോകം എമ്പാടും ഭീകരത വിതയ്ക്കാൻ മതത്തിന്റെ പേരിൽ ഒരു കൂട്ടർ ഇറങ്ങിയിയൽ അത് ലോക സമാധാനത്തിനു തന്നെ ആപത്താണ് എന്ന് യോഗം അഭിപ്രായപ്പെട്ടു . ഇത്തരക്കാർക്ക് ശക്തമായ താക്കീതു നല്കാൻ സമാധാനം കാംക്ഷിക്കുന്ന ലോക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും, തീവ്രവാദം ഈ ഭൂമുഖത്തു നിന്നും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സമീപകാലത്തായി സാമ്പത്തികമായും വികസനപരമായും കുതിച്ചു കൊണ്ടിരുന്ന കാശ്മീർ ജനജീവിതത്തിനു തടയിടാനും, വർഗീയ ലഹളയ്ക്കുമാണ് ഭീകരർ പദ്ധതിയിട്ടത്. ടൂറിസം പ്രധാന വരുമാനമായി ഉറ്റുനോക്കുന്ന കാശ്മീർ ജനതയെ തൊഴിൽ ഇല്ലായ്മയിലേക്കും പട്ടിണിയിലേക്കും തള്ളിയിടാനായി ബോധപൂർവം ആണ് ടുറിസ്റ്റുകളെ തിരഞ്ഞുപിടിച്ചു ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. അതുവഴി ഭാരതത്തിന്റെ സാമ്പത്തിക അവസ്ഥ താറുമാറാക്കാനും പാകിസ്ഥാൻ സ്പോൺസേർഡ് ഭീകര സംഘം ലക്ഷ്യമിട്ടു . ടൂറിസം രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റു സമസ്ത മേഖലകളിലും വൻ നിക്ഷേപമാണ് അടുത്ത കാലത്തായി കാശ്മീരിൽ ഉണ്ടായത്.
ക്രൂരമായ വംശ ഹത്യ നടത്തിയ കൊടും ഇസ്ലാമിക ഭീകരർക്ക് ശക്തമായ രീതിയിൽ തിരിച്ചടി നല്കേണ്ടതാണെന്നും , ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ അതിർത്തികളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും യോഗം കണ്ടെത്തി. അപലപനീയവും നിന്ദ്യവുമായ ഈ ഇസ്ലാമിസ്റ് ഭീകരതയിൽ ജീവൻ നഷ്ടമായ മലയാളി, കൊച്ചി സ്വദേശി രാമചന്ദ്രന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ മഹിമയും പങ്കു ചേരുന്നതായി അറിയിച്ചു. പൊലിഞ്ഞു പോയ ഇരുപത്തിയാറു ആത്മാക്കൾക്കും നിത്യശാന്തി ലഭിക്കാനായി യോഗം പ്രാർഥനകൾ അർപ്പിച്ചു. മാനവരാശിയുടെ സമാധാന ജീവിതത്തിനായി ലോകം മത ഭീകരതയെ തൂത്തെറിയണം എന്ന് മലയാളി ഹിന്ദു മണ്ഡലം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: