കശ്മീരില്‍ ഒരു ലക്ഷ്മണ രേഖയുണ്ട്. അത് മറികടന്നാല്‍ വലിയ തോതിലുള്ള തിരിച്ചടി അനിവാര്യമാണ്. പഹല്‍ഗാമില്‍ നിരപരാധികളായ വിനോദ സഞ്ചാരികളെ ആക്രമിച്ചതിലൂടെ ഭീകരര്‍ ആ ലക്ഷ്മണ രേഖ മറികടന്നിരിക്കുന്നു. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങളില്‍ അവര്‍ ലക്ഷ്യമിട്ടത് സൈനികരെയായിരുന്നു. എന്നാല്‍ ഈ ആക്രമണം, കശ്മീരുമായുള്ള വിഷയങ്ങളിലൊന്നും ഭാഗമാകാത്ത സാധുക്കളായ ടൂറിസ്റ്റുകളെ ഉന്നമിട്ടായിരുന്നു. അവര്‍ കുറച്ച് നല്ല ഓര്‍മകള്‍ക്കായി അല്പനേരം ചിലവഴിക്കാന്‍ എത്തിയവരായിരുന്നു. അവരെ പേരും സ്വത്വവും മതവും നോക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനാല്‍ത്തന്നെ ഭാരതം തിരിച്ചടിച്ചിരിക്കും. അത് എപ്പോള്‍, എങ്ങനെ, ഏത് രീതിയില്‍ എന്ന് വരും ദിവസങ്ങളിലേ അറിയാന്‍ സാധിക്കൂ.
ഇതുപോലത്തെ സാഹചര്യങ്ങളില്‍ എന്ത് ചെയ്യണം എന്നതില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഉള്ളവര്‍ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടാവും. അതിനു പല ഓപ്ഷനുകളുണ്ടാകും. ഇതില്‍ ഒരെണ്ണം സൈന്യത്തിന്റേയും രാഷ്ട്ര നേതൃത്വത്തന്റേയും അഭിപ്രായം കണക്കാക്കി തെരഞ്ഞെടുക്കും. ഈ തീരുമാനം നടപ്പാക്കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തും. എന്ത് പദ്ധതിയായാലും അതിനാവശ്യമായ പരിശീലനം സൈന്യത്തിന് നേരത്തെ നല്കിയിട്ടുണ്ടാകും. എപ്പോള്‍, എങ്ങനെ എന്നു മാത്രമേ അറിയാനുള്ളൂ. സൈന്യവും സജ്ജമാണ്.
സുരക്ഷാ വീഴ്ചയല്ല
പഹല്‍ഗാം ഭീകരാക്രമണം സുരക്ഷാ വീഴ്ചകൊണ്ടാണ് എന്ന് പറയാന്‍ സാധിക്കില്ല. ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കശ്മീര്‍ നിയമസഭയില്‍ പറഞ്ഞത് 2024ല്‍ 2.35 കോടി വിനോദസഞ്ചാരികള്‍ കശ്മീര്‍ സന്ദര്‍ശിച്ചു എന്നാണ്. എക്കാലത്തേയും ഉയര്‍ന്ന കണക്കാണിത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും അവിടെ ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുകയും കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുകയും ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തതോടെ അവിടേക്ക് ധാരാളമായി ടൂറിസ്റ്റുകള്‍ വരാന്‍ തുടങ്ങി. കശ്മീരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേള്‍ക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഫോര്‍മുല വണ്‍ കാര്‍ റേസ് നടക്കുന്നു, സിനിമ ചിത്രീകരണങ്ങള്‍ നടക്കുന്നു, തീയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു, മാരത്തണ്‍ സംഘടിപ്പിക്കുന്നു. ജി20 ഉച്ചകോടിവരെ ശ്രീനഗറില്‍ നടന്നു. അങ്ങനെ ലോകമെമ്പാടും കശ്മീര്‍ സമാധാനത്തിന്റെ പാതയിലാണെന്ന പ്രതിച്ഛായ വന്നു. ഒരു പ്രദേശത്ത് സമാധാനം വരുമ്പോള്‍ അവിടുത്തെ സുരക്ഷാ ഏജന്‍സികളുടെ കടമയാണ് പതുക്കെ അവിടെ നിന്ന് പിന്മാറുക എന്നത്. വിനോദ സഞ്ചാര മേഖലയില്‍ ധാരാളം സൈനികരും പോലീസും ഉണ്ടെങ്കില്‍ വിനോദ സഞ്ചാരികള്‍ക്ക് ശാന്തമായ, സ്വച്ഛന്ദനായ അനുഭവം ലഭിക്കില്ല. അവിടേക്ക് സഞ്ചാരികള്‍ വരാന്‍ മടിക്കും. സമാധാനം വരുന്നതനുസരിച്ച് ചില മേഖലകളില്‍ സുരക്ഷാ സേനയുടെ സാന്നിധ്യം കുറയ്ക്കും. അവര്‍ മറ്റിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതിനാല്‍ പഹല്‍ഗാമിലേത് സുരക്ഷാ വീഴ്ച എന്ന് പറയാന്‍ സാധിക്കില്ല. ടൂറിസ്റ്റുകള്‍ ധാരാളം വരുന്ന ഒരു പ്രദേശം ഭീകരര്‍ ആക്രമണത്തിനു തെരഞ്ഞെടുത്തതാണ്.
ആക്രമണം ആസൂത്രിതം
ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് ഈ ആക്രമണം. ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്നത് ലഷ്കര്‍ ഇ തൊയ്ബയുടെ വേറൊരു പേര് മാത്രമാണ്. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതും ഫണ്ട് ചെയ്യുന്നതും പിന്തുണയ്ക്കുന്നതും എല്ലാം പാകിസ്ഥാനാണ്. ഭീകര അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ രാജ്യങ്ങള്‍ ഇടപെടുന്നത് നിരീക്ഷിക്കാനും അതിനെതിരെ നടപടിയെടുക്കാനുമുള്ള ഏജന്‍സിയാണ് എഫ് എ ടി എഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്). പാകിസ്ഥാന് എതിരെ ഒട്ടേറെ പരാതികള്‍ ഈ ഏജന്‍സി മുമ്പാകെയുണ്ട്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായാണ് പാക്കിസ്ഥാനെ കരുതുന്നത്. ലഷ്കര്‍ ഇ തൊയ്ബ നിരോധിത സംഘടനയാണ്. അതിന്റെ പേര് മാറ്റി റസിസ്റ്റന്‍സ് ഫ്രണ്ട് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രം. ഇതില്‍ ഉള്ളതെല്ലാം ലഷ്കര്‍ ഭീകരരാണ്. അവരുടെ രീതി തന്നെയാണ് ഈ ആക്രമണത്തിലും കാണാന്‍ സാധിക്കുന്നത്. അവര്‍ക്കെല്ലാം വര്‍ഷങ്ങളുടെ പരിശീലനം ലഭിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു ഭീകരന് പെട്ടന്ന് ഒരു ദിവസം ചെന്ന് ഇതുപോലെ ആക്രമണം നടത്തില്ല. ലഷ്കര്‍ ഇ തൊയ്ബയുടെ നേതൃത്വത്തില്‍, പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ നടന്ന ആക്രമണമാണിത്.
ലക്ഷ്യം മതസ്പര്‍ദ്ധ
കശ്മീര്‍ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഭാരതത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ള വാതിലാണ്. പല മാര്‍ഗ്ഗങ്ങളില്‍ അവര്‍ ഏറ്റവും കൂടുതല്‍ സാധ്യത കാണുന്ന പ്രദേശമാണിത്. കശ്മീരിലൂടെ ഭാരതത്തെ മൊത്തത്തില്‍ ഇല്ലാതാക്കാം, പിടിച്ചടക്കാം എന്നൊരു തോന്നല്‍ പാകിസ്ഥാനുണ്ട്. ഇവിടേയ്ക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറയ്ക്കുക മാത്രമല്ല അവരുടെ ലക്ഷ്യം. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി ഇല്ലാതാക്കിയെങ്കില്‍ അതിന് പിന്നില്‍ അവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. മതസപര്ദ്ധയുണ്ടാക്കാനുള്ള പദ്ധതിയാണ് അവര്‍ ആസൂത്രണം ചെയ്തത്. ഭാരതത്തില്‍ ഉടലെടുത്തേക്കാവുന്ന മതവിദ്വേഷത്തെ ചൂഷണം ചെയ്യുക എന്നതാണ് ലക്ഷ്യം. ഉന്നമിടുന്നത് കശ്മീരിനെ മാത്രമല്ല, ഭാരതത്തെ മുഴുവനാണ്. പാകിസ്ഥാനിയായ തഹാവൂര്‍ ഹുസൈന് റാണയെ ചോദ്യം ചെയ്യലിനായി ഭാരതത്തില്‍ കൊണ്ടുവന്നത് അവര്‍ക്ക് വലിയൊരു തിരിച്ചടിയായിരുന്നു, ഒപ്പം നാണക്കേടും. പാകിസ്ഥാനാണ് ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ലോകമാകെ ചര്‍ച്ച ചെയ്ത സമയത്ത് കശ്മീരിലേക്ക് അതിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം ആണെന്ന് വേണമെങ്കില്‍ പറയാം. കശ്മീരില്‍ ടൂറിസം വികാസം പ്രാപിക്കാന്‍ പാടില്ല, അവിടെ ശാന്തിയില്ല എന്നൊരു സന്ദേശം കൊടുക്കണം. ഭാരതത്തിന്റെ ഉള്ളില്‍ ആളുകള്‍ തമ്മിലടിക്കാനും, പ്രശ്നങ്ങള്‍ ഉണ്ടാക്കാനും പാക് സൈന്യത്തിന്റെ മങ്ങിപ്പോയ പ്രസക്തി തിരിച്ചുകിട്ടാനും വേണ്ടിയുള്ള ശ്രമം എന്ന രീതിയില്‍ വേണം വിലയിരുത്താന്‍.
ലോകരാഷ്ട്രങ്ങളുടെ പിന്തുണ
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് ലോകരാഷ്ട്രങ്ങള്‍ നല്കിയ പിന്തുണ ഭാരതത്തിനു ഗുണം ചെയ്യും. എന്നിരുന്നാലും ഭാരതം സ്വന്തം നിലയ്ക്കാവും കാര്യങ്ങള്‍ ചെയ്യുക. ഈ സംഭവം ഉണ്ടായപ്പോള്‍ തന്നെ യുഎസ് പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപ്, മോദിയുമായി സംസാരിച്ചു. റഷ്യ, ഇസ്രയേല്‍ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ പിന്തുണ നല്കി. ഭാരതം എത്രമാത്രം ശക്തിയാര്‍ജ്ജിച്ചു എന്നതിന് തെളിവ് കൂടിയാണ് ഈ പിന്തുണ. പാകിസ്ഥാന് ഭീകരവാദ രാജ്യമാണെന്ന തിരിച്ചറിവാണ് മറ്റൊന്ന്. ചൈന എപ്പോഴും പാക് പക്ഷത്തുനിന്ന് സംസാരിക്കുന്ന രാജ്യമാണ്. എന്നാല്‍ ഈ സംഭവത്തില്‍ അവര്‍ പാ
കിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. അവര്‍ നിഷ്പക്ഷമായി നി
ല്‍ക്കാനാണ് സാധ്യത.
ഏതാനും ദിവസം മുമ്പാണ് പാക് സൈനിക തലവന്‍ ജന. അസിം മുനീര്‍ പൊതുമധ്യത്തില്‍ നിന്നുകൊണ്ട് ഭാരതത്തിന് എതിരായി മതഭീകരനെ പോലെ സംസാരിച്ചത്. ഭാരതവുമായി ഒരിക്കലും യോജിക്കാന്‍ പറ്റില്ല. പാകിസ്ഥാന്റെ നിലനില്പ് തന്നെ കശ്മീരിലാണ്. അതിനാല്‍ കശ്മീരിനെ ഒരിക്കലും കൈവിടില്ല, ആ പ്രദേശം തിരിച്ചുപിടിക്കും എന്നൊക്കെയാണ് പറഞ്ഞത്. ഇപ്പോള്‍ കശ്മീരില്‍ നല്ല വികസനം നടക്കുന്നു, വ്യവസായം വളരുന്നു, യുവാക്കള്‍ക്ക് ജോലി കിട്ടുന്നു, ഇങ്ങനെ വരുമ്പോള്‍ ഉള്ള ഭീകരര്‍ പോലും ഇല്ലാതാകും. സമാധാന അന്തരീക്ഷം നിലനില്ക്കുമ്പോള് എന്ത് വില കൊടുത്തും അതിനെ തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവരെ സംബന്ധിച്ചു കശ്മീര്‍ കത്തിക്കൊണ്ടിരിക്കണം. അതിനുള്ള ശ്രമമാണ് ഭീകരര്‍ നടത്തുന്നത്.
പരമാവധി പബ്ലിസിറ്റി കിട്ടുക, എല്ലായിടത്തും ചര്‍ച്ചയാവുക, മാധ്യമ ശ്രദ്ധ കിട്ടുക ഇതിനൊക്കെ പറ്റിയ സമയം നോക്കിയാണ് ആക്രമണം നടത്തിയിട്ടുള്ളത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഭാരത സന്ദര്‍ശനം, മോദിയുടെ സൗദി സന്ദര്‍ശനം ഇതൊക്കെ നടക്കുമ്പോള്‍ നടന്ന ഭീകരാക്രമണം ലോകശ്രദ്ധയില്‍ വരുമെന്ന കാര്യം ഉറപ്പാണ്. ജന. അസിം മുനീറിന്റെ പ്രസ്താവനയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമണം നടത്തിയെന്നതും ശ്രദ്ധേയമാണ്. ടൂറിസ്റ്റ് സീസണ് ആരംഭിക്കുമ്പോള്‍ നടന്ന ആക്രമണംമൂലം ഈ വര്‍ഷം മുഴുവന്‍ കശ്മീരികള്‍ പട്ടിണിയിലാകും എന്നും ഉറപ്പാണ്.
വേണ്ടത് വികാരമല്ല, വിവേകം
ഒരു ചൊല്ലുണ്ട്. കോട്ടയുടെ വാതില്‍ ഒരിക്കലും വെളിയില്‍ നിന്ന് തുറന്നുകൊടുത്തതല്ല. അകത്തുനിന്ന് തുറന്നു കൊടുത്തതാണ് എന്ന്. അതേ പോലെ പ്രവര്‍ത്തിക്കുന്നവര്‍ പലരീതിയില്‍ പല വേഷത്തില്‍ രാജ്യത്തിനകത്ത് ഇന്നുമുണ്ട്. ഇവരെ തിരിച്ചറിയണം. അവരെക്കുറിച്ച് സൂചന നല്‍കുക, നിരീക്ഷിക്കുക, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ജാഗ്രത പുലര്‍ത്തുക. ഇതാണ് പ്രധാനം. ഭാരതത്തിന്റെ വാതിലുകള്‍ അകത്തുനിന്ന് തുറന്ന് കൊടുക്കാന്‍ പറ്റുന്ന സ്ലീപ്പര്‍ സെല്ലുകളുണ്ട്. അവരെ കുറിച്ച് നാം ഓരോരുത്തരും മനസ്സിലാക്കുകയെന്നതാണ് പ്രധാനം.
പല സമുദായങ്ങള്‍ തമ്മില്‍ അടിയുണ്ടായാല്‍ മാത്രമേ പാകിസ്ഥാന് അവരുടെ ലക്ഷ്യം നേടാന്‍ സാധിക്കൂ. സൈനിക ശേഷികൊണ്ടോ, സാമ്പത്തികമായോ, ജനസംഖ്യാടിസ്ഥാനത്തിലോ നയതന്ത്രപരമായോ നമ്മെ തകര്‍ക്കാന്‍ അവര്‍ക്കു സാധിക്കില്ല. അതു മനസ്സിലാക്കി നമ്മള് കരുതിയിരിക്കണം. വികാരം അനിയന്ത്രിതമാകരുത്. ശക്തമായ നടപടിയെടുക്കാന്‍ ശേഷിയുള്ള സൈന്യവും ഭരണകൂടവും ഉള്ള രാജ്യമാണ് ഭാരതം. പാകിസ്ഥാനെ രണ്ടാക്കിയിട്ടുള്ള സൈന്യ
മാണ് നമ്മുടേത്. പാകിസ്ഥാന്റെ ഉള്ളില്‍ത്തന്നെ ബലൂചിസ്ഥാന്‍ പോലെ തീപിടിക്കുന്ന സംഭവങ്ങളുണ്ട്. അവരുടെ ഉള്ളില്‍ ധാരാളം തീ പടരുന്ന സമയത്ത്, അതിലൊരു അംശം നമ്മുടെ ഇടയിലേക്ക് പടര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കണം. വികാരത്തിന് അടിപ്പെട്ടു വിവേകം കളയരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: