ചരിത്രമുറങ്ങുന്ന മാനന്തവാടി, ഒരു കാലത്ത് തകർന്ന റോഡുകളും സൗകര്യമില്ലാത്ത ആശുപത്രികളുമൊക്കെയായി ശോച്യാവസ്ഥയിലായിരുന്ന മാനന്തവാടിയെ ഇന്നു കാണുന്ന വികസനത്തിലേക്ക് എത്തിച്ചതിൽ കിഫ്ബിയുടെ പങ്ക് വളരെ വലുതാണ്.
മാനന്തവാടിയിൽ ഏറ്റവുമധികം പ്രതിസന്ധികളെ നേരിട്ടിരുന്നത് ജില്ലാ ആശുപത്രിയായിരുന്നു. മതിയായ ഡോക്ടർമാരില്ലാതെയും ചികിത്സാക്കുറവുകൾ മൂലവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലായിരുന്നു ഈ ആശുപത്രി മുന്നോട്ട് പോയിരുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ജില്ലാ ആശുപത്രിയെ മാറ്റിയത്. 46 കോടിയാണ് ഇതിന് കിഫ്ബി അനുവദിച്ചത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകളായിരുന്നു മാനന്തവാടിയെ വേട്ടിയാടിയിരുന്ന മറ്റൊരു പ്രശ്നം. ഇതോടൊപ്പം തന്നെ കേരളത്തെ തകർത്ത രണ്ട് പ്രളയം കൂടി ഉണ്ടായതോടെ റോഡുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കിഫ്ബി ധനസഹായത്തോടെയാണ് ഇതിനൊരു ശാശ്വത പരിഹാരമുണ്ടായത്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മലയോര ഹൈവേയുടെ നിർമ്മാണം. 122 കോടി രൂപയാണ് കിഫ്ബി ഈ പദ്ധതിക്കായി അനുവദിച്ചത്. മാനന്തവാടി-പക്രന്തളം റോഡിൻറെ നിർമ്മാണവും ഇതിൽ പ്രധാനപ്പെട്ടതാണ്. മാനന്തവാടി മണ്ഡലത്തിലെ ഏറ്റവുമധികം തകർന്ന റോഡായിരുന്നു ഇത്. 17 കോടി രൂപ മുതൽമുടക്കി കിഫ്ബി ഈ റോഡ് 6 കിലോമീറ്ററോളം ദൂരം ഉന്നത നിലവാരത്തിൽ എത്തിച്ചു.
മാനന്തവാടിയിലെ പ്രധാന സ്കൂളുകളിൽ ഒന്നായ മാനന്തവാടി ജിവിഎച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുകയാണ്. അഞ്ച് കോടി രൂപ കിഫ്ബി ഫണ്ടും മന്ത്രി ഒ.ആർ. കേളുവിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 85 ലക്ഷം രൂപയും പിടിഎ സമാഹരിച്ച രണ്ട് ലക്ഷവും വിനിയോഗിച്ചാണ് സ്കൂളിൽ ബഹുനില കെട്ടിടം നിർമിച്ചത്. ഹയർ സെക്കൻഡറി ബ്ലോക്ക്, ഹൈസ്കൂൾ ബ്ലോക്ക് എന്നിവയുൾപ്പെടെ മൂന്ന് കെട്ടിടങ്ങൾ ഉൾപ്പെട്ടതാണ് പദ്ധതി. 15 ക്ലാസ്മുറികൾ, ഓഫിസ് റൂം, സ്റ്റാഫ് റൂം, ഡൈനിങ് ഹാൾ, കിച്ചൻ, സ്റ്റോർ റൂം, ടോയ്ലറ്റുകൾ എന്നിവയാണ് പുതുതായി നിർമിച്ചത്. അഞ്ച് കോടി 87 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം പൂർത്തികരിച്ചത്.
ജില്ലയിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 187.24 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കല്‍പ്പറ്റ എന്‍എംഎസ്എം കോളേജിന് 8.43 കോടി, മാനന്തവാടി ഗവ. പോളിടെക്നിക്കിന് 8.23 കോടി, മലയോര ഹൈവേയുടെ ഭാഗമായ കൊട്ടിയൂര്‍ – ബോയ്സ് ടൗണ്‍ റോഡ്, ബോയ്സ് ടൗണ്‍ – വാളാട് – കുങ്കിച്ചിറ റോഡ്, തലശ്ശേരി – ബാവലി റോഡ്, മാനന്തവാടി – കല്‍പ്പറ്റ റോഡ് എന്നിവയുടെ നവീകരണത്തിനായി 114.12 കോടി, കാപ്പിസെറ്റ് – പയ്യമ്പള്ളി റോഡ് 43.70 കോടി, തിരുനെല്ലി പഞ്ചായത്തിലെ നിട്ടറ പാലത്തിന് 12.77 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: