ന്യൂദൽഹി : ആഗോളതലത്തിൽ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി കശ്മീരിനെ ചിത്രീകരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇന്നലെ പഹൽഗാമിൽ നടന്ന കൂട്ടക്കൊല. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കുടുംബത്തോടൊപ്പം ഇന്ത്യാ സന്ദർശനത്തിലായിരുന്ന സമയത്തും പ്രധാനമന്ത്രി മോദി സൗദി അറേബ്യ സന്ദർശിച്ച സമയത്തുമാണ് ഇന്ത്യയ്ക്കെതിരായ ആക്രമണം നടന്നത്.
ഇവിടെ എടുത്ത് പറയേണ്ടത് 2000-ൽ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചപ്പോഴും സമാനമായ ഒരു ആക്രമണം പാകിസ്ഥാൻ ആസൂത്രണം ചെയ്തിരുന്നുവെന്നതാണ്. ആ സമയത്ത് ചിട്ടിസിങ്പുരയിൽ 36 നിരപരാധികളായ സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇത്തവണയും സംശയത്തിന്റെ സൂചി പൂർണ്ണമായും പാകിസ്ഥാനിലേക്ക് തന്നെയാണ് ചൂണ്ടിയിരിക്കുന്നത്.
പ്രധാനമായും ജമ്മു കശ്മീരിലെ സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പാക് ആർമി ചീഫ് ജനറൽ അസിം മുനീറിന് ഏറെ ആശങ്കയുണ്ടായിരുന്നു. ഇത് അദ്ദേഹം പരസ്യമായി കഴിഞ്ഞ ദിവസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അക്രമണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു പ്രസ്താവനയും വന്നിട്ടില്ല.
എന്നാൽ ഇന്ത്യയ്ക്കെതിരായ ആക്രമണത്തിനുശേഷം പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ചകൾ നടക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാവുന്ന സർജിക്കൽ സ്ട്രൈക്ക് കണക്കിലെടുത്ത് ഇന്ത്യൻ അതിർത്തിക്കടുത്തുള്ള തീവ്രവാദികളോട് അവരുടെ പരിശീലന ക്യാമ്പുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ അതിർത്തിക്ക് സമീപം പാക് വ്യോമസേന സർവീസുകൾ വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: