കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂർ മാളയിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
കൊല്ലപ്പെട്ട ദമ്പതികളുടെ ഓഡിറ്റോറിയത്തിലെ മുൻ ജീവനക്കാരനാണ് ഇയാൾ. നേരത്തെതന്നെ കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. . അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈൽ മോഷണത്തിന്റെ പേരിൽ വിജയകുമാർ വീട്ടിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു.
വ്യവസായിയും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് ഇന്നലെ ക്രൂരമായി കൊല്ലപ്പെട്ടത്. കോടാലിയുടെ പുറംഭാഗം കൊണ്ട് പലതവണ തലക്കും മുഖത്തും അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. മുഖം തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നു. മീരയുടെ തലക്ക് പിറകിലും ദേഹത്തും മുറിവുണ്ട്.
വീട്ടിൽ നിന്ന് സ്വർണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. വിജയകുമാറും ഭാര്യയും മാത്രമാണ് ഇവിടെ താമസം. മകൻ ഗൗതം ഏഴുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. മകൾ ഗായത്രി ഭർത്താവിനൊപ്പം അമേരിക്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: