ന്യൂദൽഹി: വാഹനങ്ങളുടെ ഹോണുകളിൽ ഓടക്കുഴൽ, തബല തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്ദം നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരാൻ കേന്ദ്രം. നവഭാരത് ടൈംസിന്റെ 78-ാമത് സ്ഥാപക വാർഷികാഘോഷത്തിൽ സംസാരിക്കവെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം തുടങ്ങിയവയുടെ ശബ്ദങ്ങളാണ് വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കാൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ രാജ്യത്തെ വായുമലിനീകരണത്തിന്റെ 40ശതമാനം കാരണം വാഹനങ്ങളാണെന്നും അതിനാൽ കേന്ദ്രം അത് ചെറുക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വാഹനങ്ങൾക്ക് മെഥനോൾ, എഥനോൾ തുടങ്ങിയ ഹരിത ജെെവ ഇന്ധനങ്ങൾ ഉപയോഗിക്കാൻ മോദി സർക്കാർ പ്രോത്സഹിപ്പിക്കുന്നുണ്ടെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. കൂടാതെ രാജ്യം ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും കയറ്റുമതിയിൽ വരുമാനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യയെ മാറ്റും. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ അമേരിക്കയിൽ കഴിഞ്ഞ വർഷം മാത്രം ഈ മേഖലയിൽ 79 ലക്ഷം കോടതി രൂപയുടെ വ്യവസായമാണ് നടന്നത്. ചൈനയിൽ 48 ലക്ഷം കോടിയുടേത്. 22 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ വാഹന വിപണി കഴിഞ്ഞ വർഷം നേടിയത്. വരും വർഷങ്ങളിൽ അമേരിക്കയെയും ചൈനയേയും വാഹനവിപണിയിൽ പിന്നിലാക്കാൻ ഇന്ത്യയ്‌ക്ക് കഴിയും – നിതിൻ ഗഡ്കരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: