ഹൈദരാബാദ്∙ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. പരസ്യത്തിനും പ്രമോഷനുമായി കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 27 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ്. പരസ്യത്തിൽ അഭിനയിച്ച രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ നടത്തിയ സാമ്പത്തിക ക്രമക്കേടിലാണ് നടന് നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യങ്ങൾക്കായി 5.9 കോടി രൂപ മഹേഷ് ബാബു കൈപ്പറ്റിയെന്നും, അതിൽ 3.4 കോടി രൂപ ചെക്കായും 2.5 കോടി പണമായും നൽകിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നിയമപ്രകാരമുള്ള പരിധി മറികടന്ന് വൻതുക പണമായി സ്വീകരിച്ചതിനാണ് ഇഡിയുടെ പുതിയ ചോദ്യം ചെയ്യൽ.
ഗ്രീൻ മെഡോസ് എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു മഹേഷ് ബാബു. ഈ സ്ഥാപനത്തിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉപഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ ഉയർന്നതോടെയാണ് ഇഡി ഇടപെടൽ ശക്തമാകുന്നത്. വ്യാജ രേഖകളിലൂടെയും രജിസ്ട്രേഷനിലൂടെയും ഉപഭോക്താക്കളെ വഞ്ചിച്ചെന്നാരോപിച്ചാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.
റെയ്ഡുകളിൽ സുരാന ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിന്ന് 74.5 ലക്ഷം രൂപ ഉൾപ്പെടെ ഏകദേശം 100 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണമിടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു. ഭാഗ്യനഗർ പ്രോപ്പർട്ടീസ് ലിമിറ്റഡ് ഡയറക്ടർ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്‌സ് ഉടമ കെ സതീഷ് ചന്ദ്ര എന്നിവർക്കെതിരെ തെലങ്കാന പോലീസ് സമർപ്പിച്ച ഒന്നിലധികം എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഒരേ ഭൂമി തന്നെ പലർക്കും വിൽക്കുക, തട്ടിപ്പ് സ്കീമുകൾ നടത്തി നിക്ഷേപകരെ പറ്റിക്കുക, കൃത്യമായ കരാറില്ലാതെ പണം കൈപ്പറ്റുക തുടങ്ങി നിരവധി പരാതികൾ ഇവർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അവധി ആഘോഷത്തിന്റെ ഭാഗമായി റോമിലായിരുന്ന മഹേഷ് ബാബുവും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാനിരിക്കെയാണ് താരത്തിന് ഇഡിയുടെ നോട്ടീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: