തൃശൂര്‍: കെഎസ്എഫ്ഇ ആലപ്പുഴ രണ്ടാം ശാഖയില്‍ തട്ടിപ്പു നടത്തിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായി കെഎസ്എഫ്ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇടപാടുകാരി അറിയാതെ അവരുടെ ആധാരം ജീവനക്കാരന് പണയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ഇടപാടുകാരിയുടെ പരാതി ലഭിച്ച ഉടന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. പരാതിയില്‍ വിശദാന്വേഷണത്തിന് ഉന്നതോദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെ കെഎസ്എഫ്ഇ നിയോഗിച്ചതായും മാനേജിങ് ഡയറക്ടര്‍ ഡോ. സനില്‍ എസ്.കെ. വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കേരള സര്‍ക്കാരന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലും സമ്പൂര്‍ണ സുരക്ഷിതത്ത്വത്തിലുമാണ് അരനൂറ്റാണ്ടായി കെഎസ്എഫ്ഇയുടെ പ്രവര്‍ത്തനമെന്നും ആയിരക്കണക്കിനു ജീവനക്കാരുള്ള കെഎസ്എഫ്ഇയില്‍ ഒരു ജീവനക്കാരനെതിരെ മാത്രമാണ് പരാതി ഉയര്‍ന്നതെങ്കിലും ഇത് സ്ഥാപനത്തെ സംശയ നിഴലില്‍ ആക്കുമെന്നതിനാലാണ് ഇക്കാര്യത്തില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും കെഎസ്എഫ്ഇ വ്യക്തമാക്കി.
കെഎസ്എഫ്ഇ ആലപ്പുഴ അസി. ജനറല്‍ ഓഫീസിലെ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റായ എസ്. രാജീവാണ് തട്ടിപ്പു നടത്തിയത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: