കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. കൂടിയാലോചനയ്ക്ക് ശേഷമാകും ചോദ്യം ചെയ്യൽ എന്ന് വേണമെന്ന് തീരുമാനിക്കുക. ഇന്ന് പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.
അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതി തസ്ലീമ സുൽത്താനയുടെ ഫോണിലെ ഡിലീറ്റഡ് ചാറ്റിൽ എന്തെന്ന് കണ്ടെത്താൻ എക്സൈസ് സംഘം നടപടികൾ ആരംഭിച്ചു. ഒരു നടനുമായുള്ള വാട്സാപ് ചാറ്റാണ് തസ്ലീമ ഡിലീറ്റ് ചെയ്തിരിക്കുന്നത്. അത് ഷൈനുമായി ഉള്ള ചാറ്റാണെന്നാണ് സൂചന. ഇതു വീണ്ടെടുക്കാൻ കഴിഞ്ഞാൽ സിനിമ മേഖലയുമായി ലഹരി സംഘത്തിനുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഈ ചാറ്റുകൾ വീണ്ടെടുക്കാനായി ഫോറൻസിക് സഹായം തേടിയിരിക്കുകയാണ് എക്സൈസ്.രണ്ട് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമ സുൽത്താന എക്സൈസ് സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. തസ്ലിമ ഫോണിൽ മെസേജ് അയച്ചിരുന്നെന്നു നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും പറഞ്ഞിരുന്നു. നടനുമായുള്ള വാട്സാപ് ചാറ്റ് തസ്ലീമ ഡിലീറ്റ് ചെയ്തെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇത് വീണ്ടെടുക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങിയത്.
അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള എക്സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. സിനിമ മേഖലയിലുള്ളവർക്ക് ലഹരി സംഘവുമായുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താനയുമായി ബന്ധമുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: