ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മൂന്ന് പേര് മരിച്ചു. റംബാന്‍ ജില്ലയില്‍ ചെനാബ് നദിക്കടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര് മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു.
മണ്ണിടിച്ചില്‍, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. നൂറോളം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്കത്തില്‍ ദേശീയപാതയും റോഡുകളുമടക്കം ഒറ്റപ്പെട്ടു.
കനത്തമഴയില്‍ ബാഗ്ന ഗ്രാമത്തില്‍ വീട് തകര്‍ന്നുവീണാണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചത്. ബാഗ്ന പഞ്ചായത്ത് നിവാസികളായ മുഹമ്മദ് അഖിബ് (14), മുഹമ്മദ് സാകിബ് (9), മോഹന്‍ സിങ് (75) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ധരംകുണ്ഡ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം, ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ അഞ്ച് സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ആലിപ്പഴവര്‍ഷവും മൂലം ഗതാഗതം തടസപ്പെട്ടതായി റംബാന്‍ ട്രാഫിക് നാഷണല്‍ ഹൈവേ എസ്എസ്പി രാജ ആദില്‍ ഹമീദ് ഗനായ് സ്ഥിരീകരിച്ചു.
റംബാനിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും മനുഷ്യജീവനുകള്‍ നഷ്ടമായതില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രാദേശിക അധികാരികളുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്ന് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: