കൊച്ചി : ലഹരിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിക്കാനുളള നീക്കത്തിലാണ്. എഫ്‌ഐആര്‍ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈന്‍ അഭിഭാഷകരെ ബന്ധപ്പെട്ടു. ദുര്‍ബലമായ എഫ്‌ഐആറാണ് പൊലീസ് ചുമത്തിയതെന്നാണ് നടന് ലഭിച്ച നിയമോപദേശം.
ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നിയമനടപടികള്‍ തുടങ്ങാനാണ് ആലോചന.ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കല്‍ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് . മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുര്‍ഷിദുമായി ഹോട്ടല്‍ മുറിയില്‍ എത്തിയത് എന്നാണ് എഫ്‌ഐആറിലുളളത്.. ഇയാളെയും പൊലീസ് വിളിച്ചു വരുത്തി. തിങ്കളാഴ്ച ഷൈന്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം.
ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴി തുറക്കാനും സാധ്യതയുണ്ട്.ആലപ്പുഴയില്‍ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും തുറന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: