ചെന്നൈ: യാത്രക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഓടിത്തുടങ്ങി. നഗരത്തില്‍ ഏറ്റവും തിരക്കേറിയ റൂട്ടായ ചെന്നൈ ബീച്ച്-ചെങ്കല്‍പ്പെട്ട് പാതയിലാണ് ആദ്യ സര്‍വീസ് നടത്തിയത്. ‘ചെന്നൈ നിവാസികളേ, തണുപ്പുള്ളതും സുഖകരവുമായ ഒരു യാത്രയ്ക്ക് സമയമായി’ ആദ്യ സര്‍വീസിന് തുടക്കമിട്ടുകൊണ്ട് ദക്ഷിണ റെയില്‍വേ എക്സില്‍ കുറിച്ചു.
നഗരത്തിൽ താപനില ഉയരുന്ന മാസങ്ങളിൽ, സാധാരണ സബര്‍ബന്‍ ട്രെയിനുകളിലെ തിരക്കിൽ വിയർത്തൊലിച്ചുള്ള യാത്രാദുരിതത്തിൽ നിന്നു രക്ഷപ്പെടാൻ എസി സർവീസ് തുണയാകും. 35 രൂപ മുതല്‍ 105 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമാണ് സബര്‍ബന്‍ ട്രെയിനുകള്‍. മുംബൈ സബര്‍ബനിലാണ് എസി എമു ട്രെയിനുകളുടെ സേവനം ആദ്യമായി റെയില്‍വേ അവതരിപ്പിച്ചത്.
സബേർബൻ സർവീസുകൾക്കായുള്ള 12 കോച്ചുകളോടു കൂടിയ എസി ട്രെയിനുകൾ 2018 മുതൽ ഐസിഎഫ് നിർമിക്കുന്നുണ്ട്. ഈ മാതൃകയിൽ ബീച്ച്– ചെങ്കൽപെട്ട് റൂട്ടിൽ എസി ട്രെയിൻ ഓടിക്കാൻ റെയിൽവേ ബോർഡിനോട് 2019ൽ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തിരുന്നു. തുടർന്ന് ചെന്നൈ ഡിവിഷനായി എസി ട്രെയിൻ നിർമിക്കാനുള്ള നിർദേശം ഐസിഎഫിന് റെയിൽവേ ബോർഡ് നൽകുകയും ചെയ്തു. എന്നാൽ പലവിധ കാരണങ്ങളാൽ നിർമാണം വൈകുകയായിരുന്നു. ഒരു ട്രെയിനാണ് ഇപ്പോൾ നിർമാണം പൂർത്തിയാക്കി ദക്ഷിണ റെയിൽവേക്ക് കൈമാറിയത്. മറ്റൊരെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വാതിലുകൾക്കും സമീപത്തായി, അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിന്റെ സഹായം തേടാൻ സഹായിക്കുന്ന ‘പാസഞ്ചർ ടോക് ബാക്ക്’ സംവിധാനവും ശ്രദ്ധേയമാണ്. ട്രെയിനുകളിൽ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാൻ ഈ സംവിധാനം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: