ന്യൂദല്‍ഹി: അന്താരാഷ്ട്ര പ്രതിരോധ സംവിധാനത്തില്‍ ഭാരതം നിര്‍ണായക സ്ഥാനത്തേക്ക് ഉയര്‍ന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭാരതം വികസിത രാജ്യമായി ഉയര്‍ന്നുവരികയാണ്. നമ്മുടെ സൈനിക ശക്തി ലോകത്തിലെ ഒന്നാം സൈനിക ശക്തിയായി ഉയര്‍ന്നുവരുന്ന ദിവസം വിദൂരമല്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രതിരോധ കോണ്‍ക്ലേവില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മേഖലയുടെ പുനരുജ്ജീവനവും ശാക്തീകരണവും കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണനയാണ്. പ്രതിരോധ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുക എന്ന അവസ്ഥമാറ്റുക എന്ന വെല്ലുവിളി വിജയിച്ചു. ഭാരതത്തിന്റെ പ്രതിരോധ മേഖല സ്വാശ്രയത്വത്തിന്റെ പാതയില്‍ മുന്നേറി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രതിരോധ ഉത്പാദനത്തെ ശക്തിപ്പെടുത്തി. രാജ്യത്തിന്റെ പ്രതിരോധ നിര്‍ാണ ശേഷി, ദേശീയ സുരക്ഷയും തന്ത്രപരമായ സ്വയംഭരണവും ലക്ഷ്യമിടുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ വളരുന്ന പ്രതിരോധ ശേഷി, സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു. 2025നെ പരിഷ്കാരങ്ങളുടെ വര്‍ഷമായി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത് കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.
2029 ആകുമ്പോഴേക്കും മൂന്നു ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി, തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1.5 കോടി രൂപ വരെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന ഐ ഡെക്സ് സംരംഭം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: