പത്തനംതിട്ട: സന്നിധാനത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന കറന്‍സികള്‍ ഉപയോഗശൂന്യമായ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ പ്രധാന കാരണം കണ്‍വയര്‍ ബെല്‍റ്റിന്റെ തകരാറെന്ന് സൂചന. മാലിന്യത്തോടൊപ്പം എണ്ണി തിട്ടപ്പെടുത്താത്ത നോട്ടുകള്‍ ദേവസ്വം ഭണ്ഡാരത്തില് കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ഹൈക്കോടതി നിയമിച്ച സ്പെഷ്യല്‍ കമ്മിഷണര്‍ ഇന്നലെ സന്നിധാനത്തെത്തി പരിശോധന നടത്തി.
ആറ് ചാക്കുകളിലാണ് കീറിയ നോട്ടുകള്‍ കണ്ടെത്തിയത്. അതില്‍ സ്വര്‍ണമെന്നു തോന്നിക്കുന്ന വസ്തുക്കള്‍ പരിശോധനക്കായി മാറ്റി. ലക്ഷങ്ങള്‍ മൂല്യമുള്ള വിദേശ കറന്‍സികളും ഭണ്ഡാരത്തില് എണ്ണി തിട്ടപ്പെടുത്താത്ത നിലയില്‍ കണ്ടെത്തി. ഇവ എന്തുകൊണ്ട് അംഗീകൃത വിദേശ കറന്‍സി വിനിമയ ഏജന്‍സികളിലൂടെ മാറ്റി വാങ്ങിയില്ല എന്ന ചോദ്യവും ഉയരുന്നു.
സന്നിധാനം സോപാനത്തിന് സമീപത്തെ ഭണ്ഡാരത്തില് നിക്ഷേപിക്കുന്ന നോട്ടുകള്‍ കണ്‍വയര്‍ ബെല്‍റ്റിലൂടെ താഴേക്ക് വരുമ്പോള്‍ ബെല്‍റ്റിനിടയില്‍ പെട്ടാണ് കീറുന്നതെന്നാണ് നിഗമനം. കീറിയ നോട്ടുകളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. എല്ലാ നോട്ടുകളും രണ്ടായി കീറി മാറിയ നിലയിലാണ്. നോട്ടിന്റെ ഒരു ഭാഗം എടുത്താല്‍ അതിനോട് ചേരേണ്ട അടുത്ത ഭാഗം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ചാക്കില്‍ കെട്ടി വെച്ചതെന്നാണ് കരുതുന്നത്.
എന്നാല്‍ നോട്ടുകള്‍ കീറുന്നതിന് കാരണം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തെ പിഴവാണെന്ന് ജീവനക്കാരും ഭക്തരും പറയുന്നു. കണ്‍വയര്‍ ബെല്‍റ്റില്‍ കുടുങ്ങി നോട്ടുകള്‍ കീറുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതിവിധി കാണാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല എന്നതാണ് പ്രധാന ചോദ്യം. ആറ് പ്ലാസ്റ്റിക്ക് ചാക്കില്‍ കൊള്ളാവുന്നത്ര നോട്ടുകള്‍ കീറിയെങ്കില്‍ ബോര്‍ഡിന്റെ അനാസ്ഥ വ്യക്തം. കീറിയ നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ച് റിസര്‍വ് ബാങ്കിന് കൈമാറാനാണ് നീക്കം.
നേരത്തെ ശബരിമല എക്സി. ഓഫീസറുടെ കാര്യാലയത്തിന് സമീപം സ്റ്റാഫ് ഗേറ്റിനോട് ചേര്‍ന്നായിരുന്നു ഭണ്ഡാരം ഓഫീസ്. അഞ്ച് വര്‍ഷം മുമ്പ് ഇത,് വടക്കേ നടയില്‍ അയ്യപ്പ ഭക്തര്‍ വിശ്രമിക്കുന്ന കോണ്‍ക്രീറ്റ് പന്തലില്‍ ഒരു മുറി നിര്‍മിച്ച് അവിടേക്ക് മാറ്റി. എന്നാല്‍ നോട്ടുകള്‍ വ്യാപകമായി കീറുന്ന കാര്യം ഇപ്പോഴാണ് പുറത്തറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: