വാഷിങ്ടണ്‍: യുഎസ് ഉന്നതോദ്യോഗസ്ഥരുടെ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തതിനു പിന്നാലെ നിരവധി തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ന്നെന്നു റിപ്പോര്‍ട്ട്. യെമനിലെ ഹൂതികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പിലാണ് ‘ദി അറ്റ്ലാന്റിക്’ മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫെറി ഗോള്‍ഡ്ബെര്‍ഗിനെ ചേര്‍ത്തത്. ജെഫെറി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അമേരിക്കയില്‍ സംഭവം വിവാദമായി.
മൈക്കിള്‍ വാള്‍ട്ട്സ് എന്നൊരാളില്‍ നിന്നാണ് ചാറ്റ് ഗ്രൂപ്പിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന് ജെഫെറി പറയുന്നു. ഇത് വ്യാജമാണെന്നാണ് ആദ്യം കരുതിയതെങ്കിലും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിള്‍ വാള്‍ട്ട്സ് തന്നെയാണെന്ന് പിന്നീട് മനസിലായെന്ന് ജെഫറി പറയുന്നു. ഹൂതികളെ ആക്രമിക്കുന്നതിനുള്ള ചര്‍ച്ച ചെയ്യാനുള്ള ഹൂതി പിസി സ്മോള്‍ ഗ്രൂപ്പ് എന്ന ഗ്രൂപ്പിലാണ് ജെഫറിയെ ഉള്‍പ്പെടുത്തിയത്.
യെമനില്‍ ആക്രമണം നടത്തേണ്ട ഇടങ്ങള്‍, ഉപയോഗിക്കേണ്ട ആയുധങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ജെഫെറിക്കു ലഭിച്ചു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ജെഫെറി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഈ റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകമാണ് യെമനില്‍ ആക്രമണം നടന്നത്. പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകളെ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഇതിനെതിരായാണ് അമേരിക്ക യെമനില്‍ ആക്രമണം ആസൂത്രണം ചെയ്തത്.
ആക്രമണത്തിനോടുള്ള എതിര്‍പ്പ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഗ്രൂപ്പില്‍ പ്രകടിപ്പിച്ചു. ഒരുഘട്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാന്‍സ് വിമര്‍ശിക്കുകയും ചെയ്തുവെന്ന് ജെഫെറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ചാറ്റിലെ പല വിവരങ്ങളും പുറത്തുവിടുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ ജെഫെറി വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പ് ചാറ്റിലുണ്ടായിരുന്നു. തന്നെ ഗ്രൂപ്പില്‍ ചേര്‍ത്തത് പോലൊരു സുരക്ഷാവീഴ്ച ഇതുവരെ കണ്ടിട്ടില്ല എന്നാണ് ജെഫറി പറയുന്നത്. സൈനിക നടപടിയെക്കുറിച്ചുള്ള അതീവ രഹസ്യമായ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പിലേക്ക് ‘ക്ഷണിച്ച’ സംഭവം ഇതുവരെ കേട്ടിട്ടില്ലെന്നും ജെഫെറി പറയുന്നു. താന്‍ സ്വയം ആ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയെന്നും ജെഫറി വ്യക്തമാക്കി. അതേസമയം മാധ്യമപ്രവര്‍ത്തകനെ ആക്രമണവിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ചേര്‍ത്തതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: