തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജോലി കഴിഞ്ഞി റങ്ങിയ മേഘ മധു ട്രെയിൻ തട്ടി മരിച്ചുവെന്നാണ് കുടുംബത്തിന് കിട്ടിയ അറിയിപ്പ്. മകളുടെ ഫോണിലേക്ക് അവസാനമെത്തിയ കോളുകളടക്കം പരിശോധിക്കണമെന്ന് മേഘയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ ഐബിക്കും പോലീസിനും പരാതി നൽകി.
മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും ഈ സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സ്ഥിരം പോകുന്ന വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ലെന്നും ഇത് മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടാക്കുന്നുവെന്നും പിതാവ് ആരോപിച്ചു.
പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേർഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ. സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പഞ്ചാബിൽ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശി യുവാവുമായി മേഘ അടുത്തത്. ബന്ധുക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിനൊത്ത് നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് വിവരം.
മേഘയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം. മൊബൈൽ കണ്ടെടുത്ത് കോൾ ലിസ്റ്റ് അടക്കം പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് മേഘയുടെ പിതൃസഹോദരൻ ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: